പിണറായിയുടെ ലെയ്സണ്‍ വര്‍ക്ക് എന്നാല്‍ മിനിമം അര്‍ത്ഥം കേന്ദ്രത്തിനെതിരെ നുണ പ്രചരിപ്പിക്കലാണ്. അമ്മാതിരി ഒരു പണിക്കാണ് ആറ്റിങ്ങലിലെ തോറ്റ എംപി എ. സമ്പത്തിനെ സര്‍ക്കാര്‍ കൊടിവെച്ച കാറും പൂത്തകാശും നല്കി നിയമിക്കുന്നത്.
ഫലത്തില്‍ തോറ്റ് തൊപ്പിയിട്ട സമ്പത്തിന് പിണറായി പുതിയ ജോലി തരപ്പെടുത്തിക്കൊടുത്തുവെന്ന് വേണം കരുതാന്‍. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും പണവും കേരളത്തിലേക്ക് കൊണ്ടുവരാന്‍ ദല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ത്തന്നെ തോര്‍ത്ത് വിരിക്കാനാണ് നിയോഗം. കാബിനറ്റ് റാങ്കോടെയാണ് ആശ്രിതന് ഇമ്മിണി ദമ്പിടി തടയുന്ന പണി പിണറായി തമ്പ്രാന് നല്‍കുന്നത്.
ആലപ്പുഴയില്‍നിന്ന് ഊതിയാല്‍ കെടുന്ന ഒരുതരി കനല് മാത്രമാണ് ഇപ്പോള്‍ കേന്ദ്രത്തിന്റെ പണം കൊണ്ടുവരാന്‍ ദല്‍ഹിയിലുള്ളത്. അതാണെങ്കില്‍ നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെ തലസ്ഥാനത്ത് അലഞ്ഞുനടപ്പാണ്. ആരിഫ് പറയുന്നത് ആരിഫിനുപോലും മനസ്സിലാകാത്ത പരുവമാണ്. പിന്നെയാണല്ലോ കേന്ദ്രസര്‍ക്കാര്‍… ശേഷിച്ച പത്തൊമ്പതെണ്ണത്തെയും പിണറായിക്ക് വിശ്വാസമില്ല. സുല്‍ത്താന്‍ ബത്തേരിയിലെ പ്രധാനമന്ത്രി രാഹുല്‍ഗാന്ധി അടക്കമുള്ള ഇരുപത് എംപിമാരാണ് വേണ്ടിവന്നാല്‍ നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയും കേന്ദ്രഫണ്ട് എത്തിക്കാന്‍വേണ്ടി ദല്‍ഹിക്ക് വണ്ടികയറിയത്. ഇവരൊന്നും പോരാഞ്ഞിട്ടാണ് എക്സ് എംപി സമ്പത്തിന് സമ്പത്തുണ്ടാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുമ്പെടുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം ആറ്റിങ്ങലിലെ സിപിഎമ്മുകാരുടെ പ്രിയമാനസന്‍ വല്ലാത്ത വിഷമത്തിലായിരുന്നു. എംപിപ്പണി പോയേപ്പിന്നെ തട്ടുകട രാഷ്ട്രീയമാണ് പുള്ളിക്ക് പഥ്യം. പണ്ട് പ്രക്ഷേപണം ചെയ്തിരുന്ന ഒരു ആകാശവാണി നാടകത്തില്‍ തര്‍ക്കം വര്‍ക്കി എന്നൊരു കഥാപാത്രമുണ്ട്. പുള്ളിക്കാരനെപ്പോലെയാണ് എംപിയായിരിക്കെ സമ്പത്ത് പെരുമാറിയിരുന്നത്.
വയ്യാവേലി എടുത്ത് തലേല് വെക്കണ്ടന്ന് കരുതി വിവരമുള്ളവര്‍ വഴിമാറിപ്പോകും. അത് തന്റെ വിജ്ഞാനത്തെ പേടിച്ചിട്ടാണെന്നാണ് വര്‍ക്കിയുടെ ധാരണ. തിരുവനന്തപുരത്ത് കൗണ്‍സിലറായി തുടങ്ങിയതാണ് സമ്പത്ത്. അന്നുമുതല്‍ ഈ അടുത്ത കാലം വരെ അധികാരമായിരുന്നു തണല്‍. ഒരു ഉളുപ്പുമില്ലാതെ എല്ലാദിവസവും അര്‍ധരാത്രിക്ക് കുടപിടിക്കാന്‍ പാകത്തിനായിരുന്നു മുന്നേറ്റം.
ചിറയിന്‍കീഴില്‍ 1996ല്‍ തലേക്കുന്നില്‍ ബഷീറിനെ തോല്പിച്ച് എംപിയായപ്പോള്‍ ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ പരിവേഷമാണ് തനിക്കെന്ന് തനിയെ മേനിനടിച്ച വിദ്വാനാണ് ഇദ്ദേഹം. ചിറയിന്‍കീഴ് മണ്ഡലം പേരുമാറ്റി ആറ്റിങ്ങലായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും സമ്പത്തുതന്നെ എംപി… പിന്നെപ്പിന്നെ സമ്പത്ത് സ്വയം കരുതിയത് പേരിന്റെ മുന്നിലുള്ള എ പോലെ പിന്നിലെ എംപിയും സ്ഥിരമാണെന്നാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനും സമ്പത്തിനുമൊന്നും പേരില്‍ മാത്രമല്ല എ എന്ന് ഇപ്പോഴാണ് നാട്ടുകാര്‍ക്ക് മനസ്സിലാവുന്നത്. സമ്പത്ത് അധികാരത്തിന്റെ അശ്ലീലവും വിജയരാഘവന് അശ്ലീലത്തിന്റെ അശ്ലീലവുമാണെന്ന് രണ്ടുപേരുടെയും പ്രസംഗങ്ങള്‍ തന്നെ തെളിവ്.
എന്തായാലും ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എംപി തോറ്റ എംപിയാകുമെന്ന് നേരത്തെ ഏതാണ്ട് വ്യക്തമായിരുന്നു. ആ സൂചന കിട്ടിയതോടെ സമ്പത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. അതിന്റെ ഫലമായിരുന്നു ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രന്റെ പ്രചരണവാഹനം തടഞ്ഞതടക്കമുള്ള പൊറാട്ടുനാടകങ്ങള്‍. തെറിവിളിച്ചും തല്ലിത്തകര്‍ത്തും തെരഞ്ഞെടുപ്പില്‍ ജയിച്ചുകളയാമെന്ന സമ്പത്തിന്റെ മോഹമാണ് തകര്‍ന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ സമ്പത്തിന്റെ സന്തോഷം പോയി. കണ്ണടയ്ക്കുള്ളിലെ പിടപ്പിക്കുന്ന കണ്ണുകള്‍ പിന്നെയും മുന്നിലേക്ക് തള്ളിക്കയറിവന്നു. തോറ്റാലും ഞാന്‍ വിടമാട്ടെ എന്ന ഭാവമായിരുന്നു പിന്നെ.
പുതിയ എംപി ബോര്‍ഡും കാറുമായി വരുംമുമ്പെ സമ്പത്തിന്റെ കാര്‍ രംഗത്തിറങ്ങി. തോറ്റാലും താന്‍ തന്നെ എംപി എന്ന മട്ടില്‍ പാവം ഞെളിഞ്ഞുനിന്നു. പിന്നെ എകെജി സെന്ററില്‍ പ്രത്യേകം കൗണ്‍സിലിങ് നടത്തിയാണ് സമ്പത്തിനെയും എം.ബി. രാജേഷിനെയുമൊക്കെ പാര്‍ട്ടി ആ സത്യം ബോധ്യപ്പെടുത്തിയത്. എന്നിട്ടും സഹിക്കവയ്യാതെ നിലവിളിച്ചപ്പോഴാണ് സോഷ്യല്‍മീഡിയയിലെ അഭ്യുദയകാംക്ഷികള്‍ തോറ്റ എംപിക്ക് ബോര്‍ഡും കാറും കൊടുത്തുവിട്ടത്… സംഗതി നാണക്കേടായതിന് ശേഷം സമ്പത്ത് പാണ്ഡിത്യം വിളമ്പാന്‍ പുറത്തിറങ്ങിയിട്ടില്ല.
പിണറായിയുടെ മുഖ്യഗീബല്‍സുകളുടെ പട്ടികയില്‍ പണ്ടേ മുന്തിയ സ്ഥാനമാണ് സമ്പത്തിന്. കണക്കുകളുദ്ധരിച്ച് കള്ളം വിളമ്പുന്നതില്‍ കേമന്‍, അമ്മാതിരി എമണ്ടന്‍ നുണകള്‍ വിളിച്ചുകൂവുമ്പോള്‍ സമ്പത്തിന്റെ കണ്ണും ചുണ്ടുമെല്ലാം അഭിനയിച്ചുതകര്‍ക്കും. ശമ്പളവും കൊടിവെച്ച കാറുമെല്ലാം ഒരു ആസക്തിയായി കൂടെക്കൂടിയതില്‍പ്പിന്നെ അതില്ലെങ്കില്‍ ഒരുന്മേഷവുമില്ല. സാഹചര്യങ്ങള്‍ പരിഗണിച്ചാണ് സമ്പത്തിനെ പിണറായി ദല്‍ഹിയിലേക്ക് പറഞ്ഞുവിടുന്നത്. ഒരു തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കല്‍ മാത്രമല്ല ഉന്നം. മോദിസര്‍ക്കാരിനെക്കുറിച്ചും കേന്ദ്രപദ്ധതികളെക്കുറിച്ചും നട്ടാല്‍ കിളിര്‍ക്കാത്ത കള്ളം കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ഒരു ആസ്ഥാന നുണയന് വേണം പിണറായിക്ക്. അതിനപ്പുറം സമ്പത്തിന്റെ പുതിയ സ്ഥാനലബ്ധിക്ക് കാരണങ്ങള്‍ കാണുന്നില്ല.
ഇനിയിപ്പോള്‍ കേന്ദ്രവിരുദ്ധപ്രചരണം കൊടിവെച്ച കാറില്‍ വരുമെന്ന് ചുരുക്കം. ഇതൊക്കെയാണല്ലോ പിണറായിയുടെ ആകെ സമ്പത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: