ബ്രിട്ടനില്‍ ചരിത്രംകുറിക്കാന്‍ ഇറങ്ങിത്തിരിച്ച ബോറിസ് ജോണ്സണ് എന്ന തുര്‍ക്കിവംശജന്‍ വെള്ളം കുടിക്കുകയാണ്. ബ്രെക്സിറ്റ് എന്ന പെന്ഡുലത്തില് ഊയലാടുകയാണ് ബ്രിട്ടന്റെയും പ്രധാനമന്ത്രിയായ ബോറിസിന്റെയും ഭാവി. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന് പുറത്തുപോരുന്ന ബ്രെക്സിറ്റ് നടപ്പാക്കുക എന്നതാണ് ലക്ഷ്യവും വെല്ലുവിളിയും.
പക്ഷെ, ബോറിസിന് ഒരു കുലുക്കവുമില്ല. ശക്തമായ എതിര്‍പ്പുകള്‍ക്കും തിരിച്ചടികള്‍ക്കുമിടയിലും, പിന്നോട്ടില്ല എന്ന ദൃഢനിശ്ചയത്തില്‍ത്തന്നെയാണ് നില്പ്. അതിനിടയിലാണ് രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ബോറിസിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞദിവസം പരാജയമടഞ്ഞത്. അതോടെ ഒരൊറ്റ സ്ഥാനത്തിന്റെ മാത്രം ഭൂരിപക്ഷത്തിലായി മന്ത്രിസഭയുടെ നിലനില്‍പ്പ്. ഉപതെരഞ്ഞെടുപ്പിലേത് തങ്ങളുടെ വിജയമല്ല, ബ്രെക്സിറ്റിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നിലപാട്. ഒക്ടോബര്‍ 31 ആണ് നാഴികക്കല്ല്. അതിനകം ബ്രെക്സിറ്റിന്റെ കാര്യത്തില്‍ രണ്ടിലൊന്നു തീരുമാനിക്കണം. തീരുമാനിക്കാനൊന്നുമില്ല, ബ്രിട്ടന് പുറത്തുപോന്നിരിക്കും എന്ന് ബോറിസ് തറപ്പിച്ചു പറയുന്നു.
എന്നും തന്റേതായ ഇടങ്ങളില്‍ ഒന്നാമനാവാനാണ് ബോറിസ് ജോണ്സണ് ആഗ്രഹിച്ചത്. പഠനകാലത്ത് ഓക്സ്ഫഡ് സര്‍വകലാശാലയില്‍ യൂണിയന് സെക്രട്ടറിയായി. പിന്നെ പ്രസിഡന്റ് ആയി. ലോക രാജാവാകാനായിരുന്നു അലക്സാണ്ടര്‍ ബോറിസ് ഡി. ഫെഫല്‍ ജോണ്സണ് എന്ന കൊച്ചുകുട്ടിയുടെ മോഹം. അഞ്ചാം വയസ്സില്‍ അത്, ബ്രിട്ടന്റെ തലവനാകുക എന്നായി മാറി. ഇന്നിപ്പോള്‍ അമ്പത്തിയഞ്ചാം വയസ്സില്‍ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ തെരേസാ മേയില്‍ നിന്ന് ബോറിസിലേക്കുള്ള ഭരണമാറ്റത്തെ ലോകം സസൂക്ഷ്മം വീക്ഷിക്കുകയാണ്.
ബ്രിട്ടനിലെ ട്രംപ്
തീവ്ര വലതുപക്ഷവാദിയാണ് ബോറിസ്. കടുത്ത കുടിയേറ്റവിരുദ്ധനും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മറ്റൊരുപതിപ്പ്. അങ്ങനെ ബ്രിട്ടീഷ് ട്രംപെന്ന വിളിപ്പേര് ബോറിസിന് സ്വന്തം.
ലോകരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളല്ല ബ്രിട്ടനെ അലട്ടുന്നത്. ആഭ്യന്തര വിഷയങ്ങളാണ്. മൂന്ന് വര്‍ഷംകൊണ്ട് തെരേസാ മേയ്ക്ക് നടപ്പാക്കാന്‍ കഴിയാതെ പോയ ബ്രെക്സിറ്റ് അഥവാ യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പുറത്ത് പോക്ക് സാധ്യമാക്കുകയാണ് ബോറിസിന്റെ ദൗത്യം. 6.7 കോടിയിലധികം വരുന്ന ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന കരാറാണ് ബ്രെക്സിറ്റ്. പുറത്തുപോന്നാല്‍, യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്ന് ബ്രിട്ടന് ഒറ്റപ്പെടും.
ബ്രെക്സിറ്റില്‍ കുടുങ്ങി രണ്ടു പ്രധാനമന്ത്രിമാരുടെ രാജിയാണ് ബ്രിട്ടന് കണ്ടത്. 2016 ജൂണ്‍ 23ന് നടത്തിയ ഹിതപരിശോധനാ ഫലത്തില്‍ ബ്രിട്ടനിലെ മൂന്ന് കോടി ജനങ്ങളില്‍ 52 ശതമാനവും ബ്രെക്സിറ്റിനെ അനുകൂലിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ രാജിവച്ചു. പിന്‍ഗാമിയായി തെരേസാ മേ വന്നു. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ഭൂരിപക്ഷം ലക്ഷ്യംവച്ച് തേരേസ മേ പൊതുതെരഞ്ഞെടുപ്പ് നേരിത്തേ നടത്തി. എന്നാല്‍ 2017ലെ തെരഞ്ഞെടുപ്പില്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടു. വടക്കന്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണകൊണ്ട് മാത്രം മേ ഭരണം നിലനിര്‍ത്തി.
2019 ജനുവരി 15ന് തെരേസാ മേ ആദ്യമായി ബ്രെക്സിറ്റ് കരാര്‍ സഭയില്‍ അവതരിപ്പിച്ചു. 202നെതിരെ 432 വോട്ടുകള്‍ക്ക് കരാര്‍ പരാജയപ്പെട്ടു. പിന്നീട് രണ്ട് തവണകൂടി സഭ കരാര്‍ തള്ളിയതോടെ തന്റെ രാജി സന്നദ്ധത മേ സഭയെ അറിയിച്ചു. ലണ്ടന്റെ മുന്‍ മേയറും വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ്, അങ്ങനെയാണു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലവനും പ്രധാനമന്ത്രിയുമായത്.
‘പക്ഷേയുമില്ല, എന്നാലുമില്ല’
പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷമുള്ള തന്റെ ദൗത്യമെന്തെന്ന വിശദീകരണത്തെ, പ്രിയപ്പെട്ടവന് എന്ന് അര്‍ഥമുള്ള ഡ്യൂഡ് (റൗറല) എന്ന ഇംഗ്ലീഷ് വാക്കിലേയ്ക്ക് ആവാഹിക്കുകയാണു ബോറിസ് ചെയ്തത്. ബ്രെക്സിറ്റ് നടപ്പാക്കുക (ഡെലിവര്‍ ബ്രെക്സിറ്റ്), രാജ്യത്തെ ഒന്നിപ്പിക്കുക (യുണൈറ്റ് ദ കണ്ട്രി), പ്രതിപക്ഷ നേതവും ലേബര്‍ പാര്‍ട്ടി അധ്യക്ഷനുമായ ജെര്‍മി കോര്‍ബിനെ പരാജയപ്പെടുത്തുക (ഡിഫീറ്റ് ജെര്‍മി കോര്‍ബിറ്റ്), രാജ്യത്തെ ഊര്‍ജസ്വലമാക്കുക (എനര്‍ജൈസ് ദ കണ്ട്രി) ഇതൊക്കെയാണ് ബോറിസിന്റെ ലക്ഷ്യം. വാഗ്ദാനങ്ങളുടെ കാലം കഴിഞ്ഞുവെന്നും അവ പ്രാവര്‍ത്തികമാക്കാനുള്ള സമയമാണെന്നും ബോറിസ് ഓര്‍മിപ്പിച്ചു. ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി ക്യാബിനറ്റ് രൂപീകരിക്കുകയാണ് ബോറിസ് ആദ്യം ചെയ്തത്. കരാറില്ലെങ്കിലും മൂന്ന് മാസത്തിനകം യൂറോപ്യന്‍ യൂണിയന് വിട്ടിരിക്കുമെന്നായിരുന്നു വാഗ്ദാനം. അതില്‍ ഒരു ‘പക്ഷേയുമില്ല, എന്നാലുമില്ല’. ബോറിസ് പറഞ്ഞ ആ മൂന്നുമാസം അവസാനിക്കുന്നത് ഒക്ടോബര്‍ 31ന് ആണ്.
രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്. ബ്രെക്സിറ്റ് നടപ്പാക്കിയാലും ബ്രിട്ടനെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വിദഗ്ധരുടെ അനുമാനം. യൂണിയനുമായി കരാറില്ലാതെ യൂറോപ്യന്‍ യൂണിയന് വിടാനാണ് ബോറിസിന്റെ തീരുമാനമെങ്കില്‍ അത് പരോക്ഷമായെങ്കിലും ഇന്ത്യയെ ബാധിക്കും. പ്രധാനമായും ബ്രിട്ടനില്‍ നിക്ഷേപമുള്ള ഇന്ത്യയിലെ വന്‍കിട വ്യവസായികള്‍ക്ക് യൂറോപ്യന്‍ വിപണി വലിയൊരു വെല്ലുവിളിയാകും. മാത്രമല്ല യൂറോപ്യന്‍ യൂണിയന്റെ വിപണി നഷ്ടമാകുന്ന ബ്രിട്ടന് ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിയും വരും. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നത് ആശ്വാസകരം.
ബോറിസിന്റെ നിലപാടിനെ എതിര്‍ത്ത്, നേതാക്കള്‍തന്നെ രാജിവെക്കുന്ന അവസ്ഥയാണിപ്പോള്‍. അതില്‍ പ്രധാനി ബ്രിട്ടന്റെ ധനകാര്യമന്ത്രി ഫിലിപ്പ് ഹാമണ്ട് ആണ്. ബ്രിട്ടനില്പ്പെട്ട അംഗരാജ്യങ്ങളായ സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലും ഈ നിലപാടിന് ശക്തമായ എതിര്‍പ്പുണ്ട്. യൂറോപ്യന്‍ യൂണിയന് വിട്ടാല്‍, നാലു രാജ്യങ്ങളടങ്ങിയ ഗ്രേറ്റ് ബ്രിട്ടന് എന്ന യുണൈറ്റഡ് കിങ്ഡം (യുകെ), ആ നിലയില്‍ ഉണ്ടാവില്ലെന്നും ചിലവിദഗ്ധര് വിലയിരുത്തുന്നുണ്ട്. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്താന്‍ ബെക്കിങ്ങാം കൊട്ടാരത്തിലേക്ക് പോകവെ ബോറിസിന്റെ വാഹനം മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധക്കാര്‍ തടഞ്ഞത് വരാനിരിക്കുന്ന വന്‍ എതിര്‍പ്പുകളുടെ സൂചനതന്നെ. ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമാണ്. ബ്രെക്സിറ്റിനെ ബോറിസ് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: