പത്തനംതിട്ട : ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രക്കടവിലെ മണ്‍പുറ്റുകള്‍ നീക്കാനാരംഭിച്ചു. രണ്ട് മണ്ണുമാന്തികളുപയോഗിച്ച് ക്ഷേത്രക്കടവിലടിഞ്ഞു കിടക്കുന്ന ചെളിയും കാടും നിറഞ്ഞ മണ്‍പുറ്റുകള്‍ നീക്കുന്നത്. വള്ള സദ്യക്കെത്തുന്ന പള്ളിയോടങ്ങള്‍ക്ക് ക്ഷേത്രക്കടവിലടുക്കാന്‍ മണ്‍പുറ്റുകള്‍ തടസം സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് ഇവ നീക്കാനാരംഭിച്ചത്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പള്ളിയോടങ്ങള്‍ക്കുള്ള വള്ളസദ്യ വഴിപാടുകള്‍ 5ന് ആരംഭിക്കും. ഇതിന് മുമ്പായി മണ്‍പുറ്റുകള്‍ പൂര്‍ണ്ണമായും നീക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഓരോ വള്ളസദ്യക്കും എട്ടും പത്തും പള്ളിയോടങ്ങള്‍ എത്തുന്നതിനാല്‍ ഇവ കടവിൽ അടുപ്പിക്കാന്‍ മണ്‍പുറ്റുകള്‍ തടസം സൃഷ്ടിക്കും എന്നാണ് ആശങ്ക. ക്ഷേത്രക്കടവിനോട് ചേര്‍ന്ന് നൂറ്കണക്കിന് മീറ്റര്‍ നീളത്തില്‍ ടണ്‍കണക്കിന് ചെളിയും മണലും അടിഞ്ഞിട്ടുണ്ട്. മണ്ണുമന്തി ഉപയോഗിച്ച് ഇവ നദികളുടെ ഓരത്ത് തന്നെ വാരിയിടാനെ കഴിയുന്നുള്ളൂ. ഇത് വീണ്ടും നദിയില്‍തന്നെ പരക്കുംമെന്ന ആശങ്കയും ഉണ്ട്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയകാലത്താണ് വന്‍തോതില്‍ പമ്പയിലുടനീീളം ചെളിയടിഞ്ഞത്. ഒരുവര്‍ഷക്കാലമായിട്ടും ശാസ്ത്രീയമായി മണ്‍പുറ്റു നീക്കി പള്ളിയോടങ്ങളുടെ വരവ് സുഗമമാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് മുതിരാതിരുന്നതില്‍ പ്രഷേധം ഉയരുന്നുണ്ട്. വള്ള സദ്യ ആരംഭിക്കുന്ന 5ന് എട്ട് പള്ളിയോടങ്ങളാണ് വള്ളസദ്യയില്‍ പങ്കെടുക്കുന്നത്. ചെറുകോല്‍, കോഴഞ്ചേരി, പ്രയാര്‍, തെക്കേമുറി പുന്നന്തോട്ടം, വെണ്‍പാല, ഓതറ, നെടുംമ്പ്രയാര്‍ എന്നീ പള്ളിയോടങ്ങളാണ് ആദ്യദിനം വള്ളസദ്യയ്‌ക്കെത്തുന്നത്.
















