ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസ് വളപ്പില്‍ സ്ഥിചെയ്യുന്ന മരപ്രഭു ശില്‍പ്പത്തിന് നവജീവന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സിനിമാതാരം മോഹന്‍ലാല്‍ രംഗത്ത്. മരപ്രഭു ശില്‍പ്പത്തിന്റെ അടര്‍ന്നുപോയ ഭാഗം നേരേയാക്കാനുള്ള പ്രാരംഭനടപടികള്‍ ദേവസ്വം ആരംഭിച്ചപ്പോഴാണ്, ഇക്കാര്യത്തിലുള്ള താല്‍പര്യം മോഹന്‍ലാല്‍ ദേവസ്വത്തെ അറിയിച്ചത്.
മരപ്രഭുവിനോട് മോഹന്‍ലാലിന് തോന്നിയ പ്രിയം, അദ്ദേഹം ദേവസ്വത്തെ അറിയിച്ചതിനോടൊപ്പം, നവീകരണത്തിനായി വരുന്ന ചെലവ് എത്രയായാലും താന്‍ നല്‍കാമെന്നും അറിയിച്ചു. മരപ്രഭുവിന്റെ നവീകരണത്തിനായി മോഹന്‍ലാല്‍ ദേവസ്വം അധികാരികളുമായി ചര്‍ച്ചയും കഴിഞ്ഞു. നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ മരപ്രഭുവിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ചെറുരൂപമാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയ്‌ക്ക് സമ്മാനിച്ചത്.
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയ്‌ക്ക് സമീപം വടക്ക്-പടിഞ്ഞാറോട്ട് ദൃഷ്ടിയോടെ നിലനില്‍ക്കുന്ന അതികായ ശില്‍പ്പമാണ് ഇനി പുതുജീവനോടെ നവീകരിയ്‌ക്കപ്പെടുന്നത്. വിഷ്ണു സഹസ്രനാമത്തിലെ ”പത്മനാഭോ, മരപ്രഭു” എന്ന ഭാഗത്തെ അടിസ്ഥാനമാക്കി മഹാകുംഭകാവസ്ഥയില്‍ ആലുവ ദേശം സ്വദേശി രാമചന്ദ്രന്റെ നേതൃത്വത്തില്‍ 1995-ജൂണ്‍ 24-നാണ് മൂന്നരമാസംകൊണ്ട് മരപ്രഭുശില്‍പ്പം പണിചെയ്ത് ഭഗവാന് സമര്‍പ്പണം നടത്തിയത്.
2010ല്‍ ശില്‍പ്പത്തിന് കനകപ്രഭാമണ്ഡലവും കൂടി വന്നതോടെ ശില്‍പ്പം ഗുരുവായൂരിലെത്തുന്ന ഭക്തരുടെ പ്രധാന ശ്രദ്ധാകേന്ദ്രവുമായി. നിലമ്പൂര്‍ അരുവാക്കോട് ഗ്രാമത്തിലെ ആദി ആന്ധ്ര പുലാല ബ്രാഹ്മണരാണ് നിലമ്പൂരില്‍നിന്നും എത്തിച്ച കളിമണ്ണുകൊണ്ട് ശില്‍പ്പം പണിചെയ്ത് പൂര്‍ത്തിയാക്കിയത്.
6500 ഇഷ്ടികകള്‍ക്കുള്ളില്‍ കളിമണ്ണ് ചാലിച്ചൊഴിച്ച് 108തരം പച്ചമരുന്നുകളുംചേര്‍ത്താണ് മരപ്രഭു രൂപംകൊണ്ടത്. ശില്‍പ്പി രാമചന്ദ്രന്‍, ശില്‍പ്പത്തിന്റെ നവീകരണത്തിനായി രേഖാമൂലം ദേവസ്വത്തിന് ഉടന്‍ അപേക്ഷ നല്‍കും.
















