വടക്കാഞ്ചേരി: വനം വകുപ്പില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് മേലുദ്യോഗസ്ഥര്‍ അപകടരമായ ജോലികള്‍ നല്‍കി മാനസിക സമര്‍ദ്ദത്തിലാക്കുന്നതായി വ്യാപക പരാതി. മാവോയിസ്റ്റുകളുടെ ഭീഷണി നേരിടുന്ന വനം വകുപ്പ് ഓഫീസുകളുടെ ചുമതല വരെ ഉദ്യോഗസ്ഥര്‍ വനിതകളെ ഏല്‍പ്പിക്കുന്നതായും ആരോപണമുണ്ട്. കേരളത്തിലുടനീളം ഈ സമീപനമാണെന്നും പരാതിയുണ്ട്.
ഒരു പുരുഷ ഗാര്‍ഡിന്റെ കൂടെയാണ് വനിതകള്‍ക്ക് ഡ്യൂട്ടിയെങ്കിലും ഇവര്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോയാല്‍ വനിതകള്‍ സ്റ്റേഷനില്‍ ഒറ്റക്കാവുന്ന സ്ഥിതിയാണ്. പുരുഷ ഗാര്‍ഡിനൊപ്പം ഇവര്‍ക്ക് രാത്രി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടാല്‍ ഓഫീസര്‍മാരുടെ കുറവിന്റെ പട്ടിക നിരത്തുകയാണ് പതിവ്. അതിനിടെ തമിഴ്‌നാട് സ്വദേശിയും ചന്ദന കൊള്ളക്കാരനുമായ പ്രതിക്ക് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ സുരക്ഷയൊരുക്കാന്‍ വനിതാ ബീറ്റ് ഓഫീസറെ നിയോഗിച്ചത് വിവാദമായിരുന്നു.
മച്ചാട് റെയിഞ്ചിലെ തച്ചംകുഴി പല്ലിക്കാട്ടില്‍ വനത്തില്‍ നിന്ന് ചന്ദന കൊള്ള നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേര്‍ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഉദ്യോഗസ്ഥരുടെ സാന്നിധ്യമറിഞ്ഞ് ഇവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് പേര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
തലക്ക് സാരമായി പരുക്കേറ്റ ഒരാള്‍ ഇപ്പോഴും മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ വാര്‍ഡായ നാലില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാളുടെ സുരക്ഷയാണ് ഒരു പുരുഷ ഓഫീസര്‍ക്കൊപ്പം വനിതാ ഓഫീസറേയും ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മുതല്‍ ആരംഭിച്ച ഡ്യൂട്ടി രാത്രി ഒമ്പത് വരെയാണ്. ഇതിന് ശേഷം 17 കിലോമീറ്റര്‍ അകലെയുള്ള വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള നിര്‍ദ്ദേശവും പരാതികള്‍ക്കിടയാക്കി.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് മെഡിക്കല്‍ കോളേജില്‍ മറ്റ് രോഗികള്‍ക്കൊപ്പം ചന്ദന കൊള്ളക്കാരനേയും പാര്‍പ്പിച്ചിട്ടുള്ളത്. വാഴാനി ഫോറസ്റ്റ് സ്റ്റേഷനില്‍ പുതിയ മോഡല്‍ വിലങ്ങില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ തോര്‍ത്തുപയോഗിച്ചാണ് ബന്ധിച്ചിരിക്കുന്നത്.
വാഴാനി ഫോറസ്റ്റ് സ്റ്റേഷനില്‍ ആകെ 24 ഓഫീസര്‍മാരാണ് ഉള്ളത്. ഇതില്‍ രണ്ട് പേര്‍ വനിതകളാണ്. ബാക്കിയുള്ള വരെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ മാറി മാറി ഡ്യൂട്ടി ചെയ്‌തെന്നും ഇന്ന് ആളില്ലാതെ വന്നതോടെയാണ് വനിതയെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിനിടെ പ്രതിയെ മെഡിക്കല്‍ കോളേജില്‍ നിന്ന് എത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനുള്ള നീക്കങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്.
















