കുവൈത്ത് സിറ്റി : ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് 29 വര്‍ഷം തികയുന്നു. അധിനിവേശത്തിന്റെ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആഹ്വാനം ചെയ്തു. രാജ്യത്തിനു വേണ്ടി ജീവന് ത്യജിച്ചവരെയും ഒപ്പം നിന്ന സൗഹൃദ രാജ്യങ്ങളെയും ഒരിക്കലും കുവൈത് മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈത്തിലേക്ക് പ്രവേശിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെ 700 പട്ടാള ടാങ്കുകളാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് കുവൈത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായ 639 എണ്ണക്കിണറുകളാണ് ഇറാഖ് സൈന്യം തീയിട്ട് നശിപ്പിച്ചത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. നാല് ലക്ഷം കുവൈത്തി പൗരന്മാരാണ് അധിനിവേശ കാലയളവില്‍ കുവൈത്തില്‍ നിന്നും പലായനം ചെയ്തത്. നിരവധി പേര് തടവുകാരായി കാണാതായി ഇവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കുകളില്ല.
പിടിച്ചുനില്‍ക്കാനാവാതെ കുവൈത്ത് ഭരണനേതൃത്വം സൗദി അറേബ്യയില്‍ അഭയംതേടുകയും താല്കാലിക സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. കുവൈത്തിനെ ഇറാഖിന്റെ പത്തൊമ്പതാമത്തെ പ്രവിശ്യയാക്കണ സദ്ദാം ഹുസൈന്റെ ആഗ്രഹത്തിനുമേല്‍, അമേരിക്കന്‍ നേതൃത്വത്തിലുള്ള 32 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേനയായിരുന്നു കുവൈത്തിനെ മോചിപ്പിക്കാന്‍ രംഗത്തെത്തിയത്.
‘ഓപറേഷന് സാന്‍ഡ് സ്റ്റോം’ എന്നായിരുന്നു ഈ ദൗത്യത്തിന്റെ പേര്. ഐക്യരാഷ്ട്രസഭയുടെയും സഖ്യസേനയുടെയും ഇടപെടലിലൂടെ സദ്ദാമിന്റെ സേനയെ കുവൈത്തില്‍ നിന്ന് തുരത്തി. ജനുവരി 26-ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.
അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം ഐക്യരാഷ്ട്രസഭ വഴി കുവൈത്തിനു ലഭിക്കുന്നുണ്ടെങ്കിലും യുദ്ധ തടവുകാരില്‍ പലര്‍ക്കും എന്ത് സംഭവിച്ചു എന്നതിന് ഇന്നും വ്യക്തതയില്ല. എത്ര പതിറ്റാണ്ടു പിന്നിട്ടാലും കുവൈത്ത് ജനതക്ക് മറക്കാന്‍ കഴിയില്ല 1990 ആഗസ്റ്റ് രണ്ട് എന്ന ആ കറുത്ത തിയതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: