ജനങ്ങളുടെ പേരുപറഞ്ഞാണ് അധികാരത്തില്‍ വരുന്നതെങ്കിലും പാര്‍ട്ടിക്കുവേണ്ടി ഭരിക്കുകയെന്നത് സിപിഎമ്മിന്റെ എക്കാലത്തേയും നയമാണ്. പശ്ചിമബംഗാള്‍ മൂന്നുപതിറ്റാണ്ടോളം ഇങ്ങനെ ഭരിച്ചതിന്റെ ബാക്കിപത്രമാണ് അവിടങ്ങളില്‍നിന്ന് ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ആയിരക്കണക്കിനാളുകള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ സിപിഎം നേതൃത്വം പ്രകടിപ്പിച്ചതായി അറിവില്ല. ഗള്‍ഫ് നാടുകളിലും മറ്റുമുള്ള പ്രവാസികള്‍ സൃഷ്ടിക്കുന്ന പണക്കൊഴുപ്പുള്ള കേരളത്തിലും സിപിഎം നേതൃത്വം ഇതേനയംതന്നെയാണ് പിന്തുടരുന്നത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാതെ പാര്‍ട്ടിക്കുവേണ്ടി കൊടിയ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തോറ്റ എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ദല്‍ഹിയില്‍ നിയോഗിക്കാനുള്ള മന്ത്രിസഭാ തീരുമാനം.
പണത്തിന്റെ ബലത്തില്‍ കെട്ടിപ്പൊക്കിയിരിക്കുന്നതാണ് സിപിഎമ്മിന്റെ പാര്‍ട്ടി സംവിധാനം. സ്വാഭാവികമായും ആര്‍ഭാടവും ധൂര്‍ത്തും നേതൃത്വത്തിന്റെ മുഖമുദ്രയാണ്. ഇതിനുദാഹരണമാണ് മുന്‍ എംപികൂടിയായ സമ്പത്തിന്റെ ദല്‍ഹിയിലെ നിയമനം. പ്രതിമാസം നാലുലക്ഷത്തോളം രൂപ ശമ്പളമായി നല്കേണ്ടിവരുന്ന അഞ്ച് പുതിയ തസ്തികകള്‍ സമ്പത്തിനെ രാജ്യതലസ്ഥാനത്ത് കുടിയിരുത്താന്‍ സൃഷ്ടിക്കുകയാണ്. സമ്പത്തിന് ക്യാബിനറ്റ് പദവിയും പ്രതിമാസം ഒരുലക്ഷം ശമ്പളവും. ഇടതുമുന്നണിയില്‍പ്പോലും ചര്‍ച്ചചെയ്യാത്ത സിപിഎം, എന്നുപറഞ്ഞാല്‍ പിണറായി വിജയന് ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം പിന്നീട് മന്ത്രിസഭാ യോഗത്തില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവത്രേ. നവകേരള നിര്‍മ്മാണത്തിന്റെ പേരുപറഞ്ഞുള്ള സര്‍ക്കാരിന്റെ കപട വാഗ്ദാനങ്ങളും അവകാശവാദങ്ങളും ചാപിള്ളയായിത്തീര്‍ന്നു. പ്രളയക്കെടുതിയില്‍പ്പെട്ട വലിയൊരു വിഭാഗത്തിന് ഇപ്പോഴും സഹായമെത്തിയിട്ടില്ല. ഇതിനിടെ 928 വസ്തുക്കള്‍ക്ക് പ്രളയസെസ് ചുമത്തി ജനങ്ങളെ ശ്വാസംമുട്ടിക്കുന്നു. ഇങ്ങനെയൊരു മനുഷ്യത്വരഹിത തീരുമാനമെടുത്തതിനൊപ്പമാണ് പഞ്ചനക്ഷത്ര പദവിനല്കി സമ്പത്തിനെ സുഖിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആര്‍ക്കും അത്ഭുതമില്ല. പാര്‍ട്ടി അണികളില്‍നിന്ന് എല്ലാനിലയ്ക്കും വ്യത്യസ്തരായ ‘പുതിയ വര്‍ഗം’ സിപിഎമ്മില്‍ എന്നേ ഉയര്‍ന്നുവന്നതാണ്.
പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും മുഖ്യമന്ത്രിയെന്ന നിലയ്ക്ക് പിണറായി വിജയന്റെ പിടിവാശിയാണ് സമ്പത്തിന്റെ നിയമനത്തിന് പിന്നിലെന്നാണ് അറിയുന്നത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രിയാണ് വിജയന്. ഒരു ഭരണാധികാരിയുടെ അരക്ഷിതാവസ്ഥകൂടിയാണ് ഇതില്‍ തെളിയുന്നത്. ദല്‍ഹിയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയുള്ള റസിഡന്റ് കമ്മീഷണര്‍ക്കു മുകളില്‍ പാര്‍ട്ടി നേതാവിനെ ലെയ്സണ്‍ ഓഫീസറായി വച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. വെറും മൂന്ന് എംപിമാരാണ് സിപിഎമ്മിന് ഇപ്പോള്‍ ലോക്സഭയിലുള്ളത്. ഇതിലൊരാള്‍ മലയാളിയുമാണ്. ഇതുകൊണ്ടൊന്നും പാര്‍ട്ടിയുടെ താല്‍പ്പര്യം സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാവണം വിശ്വസ്തനെ ഇറക്കാന്‍ പിണറായി തീരുമാനിച്ചത്. പക്ഷേ വലിയ സംവിധാനം ഉപയോഗിച്ച് നികുതിപ്പണം ധൂര്‍ത്തടിക്കാമെന്നല്ലാതെ സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ സമ്പത്തിന് അത്ഭുതങ്ങളൊന്നും കാണിക്കാനാവില്ല. ആവുമായിരുന്നെങ്കില്‍ പാര്‍ട്ടിക്കാരായ എട്ട് പേര്‍ക്കൊപ്പം എംപിയായിരുന്ന കഴിഞ്ഞ ലോക്സഭയില്‍ അതിനുകഴിയേണ്ടതല്ലേ. വാര്‍ത്താചാനലുകളില്‍ വന്നിരുന്ന് ചാരിത്ര്യ പ്രസംഗം നടത്തുന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാന്‍ ഈ ജനപ്രതിനിധിക്ക് അന്ന് കഴിഞ്ഞില്ല. ഇതിന് ജനങ്ങള്‍ നല്കിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് തോല്‍വി. ഇങ്ങനെയൊരാളെ സര്‍ക്കാരിന്റെ ചെലവില്‍ പുനരധിവസിപ്പിക്കുന്നത് നീതീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: