ഗുരുവായൂര്‍: കാര്‍ഷിക സമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഇല്ലംനിറ അഞ്ചിന് ആഘോഷിക്കും.
രാവിലെ 9.10നും 9.45നും ഇടയിലുള്ള മുഹൂര്‍ത്തതിലാണ് ചടങ്ങുകള്‍ നടക്കുക. പുതിയതായി കൊയ്തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്തു ഗുരുവായൂരപ്പന്റെ ശ്രീലകത്ത് നിറയ്‌ക്കുന്നതാണ് ചടങ്ങ്. തുടര്‍ന്ന് കതിരുകള്‍ ഭക്തര്‍ക്കു പ്രസാദമായി വിതരണം ചെയ്യും.
പാരമ്പര്യ അവകാശികളായ അഴീക്കല്‍, മനയം കുടുബങ്ങളില്‍ നിന്നുള്ളവരാണ് കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിക്കുന്നത്. ഇതിനാവശ്യമായ കതിര്‍കറ്റകള്‍ ഞായറാഴ്ച രാവിലെ ക്ഷേത്രനടയിലെത്തിയ്‌ക്കും. കിഴക്കേനടയിലെ കല്യാണമണ്ഡപത്തില്‍ സൂക്ഷിച്ചിട്ടുള്ള കതിര്‍കറ്റകള്‍ രാവിലെ അവകാശികളായ അഴീക്കല്‍, മനയം കുടുബങ്ങളില്‍ നിന്നുള്ളവര്‍ ശിരസിലേറ്റി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനു മുന്നില്‍ അരിമാവണിഞ്ഞ് നാക്കിലവച്ചതിനു മുകളില്‍ സമര്‍പ്പിക്കും.
തുടര്‍ന്ന് കീഴ്ശാന്തിമാര്‍ തീര്‍ഥം തെളിച്ച് കറ്റകള്‍ ശുദ്ധി വരുത്തും. പിന്നീട് കീഴ്ശാന്തിക്കാര്‍ കറ്റകള്‍ ശിരസിലേറ്റി ക്ഷേത്ര പ്രദക്ഷിണം നടത്തി നമസ്‌കാര മണ്ഡപത്തിലെത്തിക്കും. തുടര്‍ന്ന് മേല്‍ശാന്തി ലക്ഷ്മി പൂജ നടത്തും. ഒരു കെട്ട് കതിര്‍ക്കറ്റ പട്ടില്‍ പൊതിഞ്ഞ് ഓട്ടുരുളിയിലാക്കി ശ്രീകോവിലിനുള്ളില്‍ എത്തിച്ച് ഗുരുവായൂരപ്പനു നിറയ്‌ക്കുന്നതോടെ ചടങ്ങ് പൂര്‍ത്തിയാകും.
ഭഗവാന് നിവേദിച്ച കതിരുകള്‍ വീടുകളിലും, സ്ഥാപനങ്ങളിലും വെക്കുന്നത് ഐശ്വര്യം വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ഇല്ലം നിറക്കു ശേഷമുള്ള ഈ വര്‍ഷത്തെ തൃപ്പുത്തരി ചടങ്ങ് ഏഴിനും നടക്കും.
















