തിരുവനന്തപുരം : വിഭവങ്ങള്‍ കുറവെങ്കിലും പത്തുനാള്‍ ഓണമുണ്ണണം. അതിനുംമുമ്പ് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ വനവിഭവങ്ങള്‍ കാണിക്കയായി എത്തിക്കണം. ഇതൊക്കെ സ്വരുക്കൂട്ടാനുള്ള തത്രപ്പാടിലാണ് കാട്ടുമക്കള്‍. ഇവര്‍ക്കിനി വാസം ഉള്‍ക്കാട്ടിലെ പാറയിടുക്കുകളിലും ഉയരമുള്ള വൃക്ഷത്തിലെ മാടങ്ങളിലും.
ഊരിലെ പട്ടിണി മാറ്റാനുള്ള വിഭവങ്ങളുമായി ഇരുപതുനാള്‍ കഴിഞ്ഞാണ് ഇനി മടക്കം. പട്ടിണിയുടെയും വറുതിയുടെയും കാലമായ കര്‍ക്കടകത്തിലാണ് ഇവര്‍ യാത്ര തുടങ്ങുന്നത്. കഴിഞ്ഞനാളുകള്‍ അഗസ്ത്യമലയിലെ ആദിവാസികള്‍ക്ക് നല്‍കിയത് കൊടുംപട്ടിണി. തോരാമഴയത്ത് ഉള്‍വനത്തിലേക്ക് പോകാന്‍ സാധിക്കാത്തതാണ് ഊരിലാകെ ദാരിദ്ര്യം വിതച്ചത്. ഇനി പൊന്നിന്‍ തിരുവോണം അടിപൊളിയാക്കണമെങ്കില്‍ ഉള്‍ക്കാട് താണ്ടിയേ പറ്റൂ. അതിനാല്‍ തന്നെ കാട്ടുമൂപ്പന്റെ അനുഗ്രഹവും വാങ്ങി കാടിന്റെ മക്കള്‍ യാത്ര തുടങ്ങി.
ആദിവാസികള്‍ക്ക് ഏക ആശ്രയമാകുന്ന തേന്‍ ശേഖരണത്തിന്റെ സീസണ്‍ അവസാനഘട്ടത്തിലാണ്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് തേനിന്റെ സീസണ്‍. ആഗസ്റ്റ് അവസാനത്തോടെ തേന്‍ സീസണ്‍ പൂര്‍ണമായും അവസാനിക്കും. ഇക്കുറി തേന്‍ സീസണ്‍ ഇവരെ ചതിച്ചു. വലിയ പ്രതീക്ഷയോടെ വനത്തിലെ ഊരുകളില്‍ വാഴ കൃഷി ചെയ്തിരുന്നു. എന്നാല്‍ വന്‍ കാറ്റില്‍ അവ നിലംപൊത്തി. അതോടെ അതിലുണ്ടായിരുന്ന പ്രതീക്ഷയും നശിച്ചു. മുമ്പ് കാട്ടില്‍ കരനെല്ല് കൃഷി ചെയ്യുമായിരുന്നു. എന്നാല്‍ അത് റബറിന്റെ വരവോടെ നിലച്ചു. കസ്തൂരിമഞ്ഞളും ആദിവാസികളുടെ പ്രധാന കൃഷിയായിരുന്നു. അതുംപാടെ നിലച്ചു. അതിനാല്‍ ഓണം ആഘോഷിക്കാന്‍ കരുതലായി സൂക്ഷിക്കേണ്ട ധനവും ഇല്ലാതെയായി.
വനവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കാട്ടുമക്കള്‍ ഉപജീവനത്തിനായി മറ്റ് വനവിഭവങ്ങളായ നെല്ലിക്ക, കുറുന്തോട്ടി, കുന്തിരിക്കം, കാട്ടുമഞ്ഞള്‍, കാട്ടുകൂവയില എന്നിവ തേടിയാണ് പോകുന്നത്. ദിവസങ്ങളോളം വനത്തില്‍ അലഞ്ഞാലേ വിഭവങ്ങള്‍ കിട്ടൂ. പഞ്ഞമില്ലാത്ത ഓണക്കാലത്തിനായി ഇനിയവര്‍ കാടുംമേടും അരിച്ചുപെറുക്കും. ഒടുവില്‍ കൈയില്‍ കരുതിയെത്തുന്ന ഇത്തിരി വനവിഭവങ്ങളിലാണ് ഊരിന്റെ പ്രതീക്ഷ.
















