തിരുവനന്തപുരം: വേളി വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കുടുംബശ്രീ സംഘടിപ്പിച്ച ഭക്ഷ്യവിപണന മേള നഷ്ടത്തിലായി. വരവ് ചെലവ് കണക്കുകള്‍ പുറത്തുവന്നതോടെ രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നഷ്ടമായത്. വെട്ടുകാട് വാര്‍ഡിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. മുപ്പതോളം കുടുംബശ്രീ യൂണിറ്റുകളാണ് മേളയില്‍ പങ്കെടുത്തത്. ശീതളപാനീയം മുതല്‍ മാംസഭക്ഷണങ്ങള്‍ വരെ മേളയില്‍ അണിനിരന്നു. എന്നാല്‍ പുറമെയുളള വില്‍പ്പന നടക്കാതെയായതോടെ മേള നടത്തിപ്പുകാര്‍ തന്നെ പരസ്പരം കഴിച്ച് തീര്‍ക്കേണ്ട അവസ്ഥയാണുണ്ടായത്.
സ്ത്രീകളുടെ സ്വയംപര്യാപ്തതയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനമെന്ന നിലയിലായിരുന്നു പരിപാടി. എന്നാല്‍ ചില സ്വകാര്യകമ്പനികള്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിലയ്‌ക്ക് വാങ്ങി അവയുടെ ലേബല്‍ മാറ്റിപതിപ്പിച്ച് വിലവര്‍ധനവ് വരുത്തിയാണ് മേളയില്‍ കൊണ്ടുവന്നത്. മാത്രവുമല്ല കപ്പയും കറിയും ബിരിയാണിയുമൊക്കെ മേളയ്‌ക്ക് മാത്രമായുളള തട്ടിക്കൂട്ടായി മാറുകയായിരുന്നു.
മേളയ്‌ക്ക് വേണ്ട ഷെഡ് നിര്‍മിച്ചതിന് 13,500 രൂപയാണ് ചെലവിട്ടത്. ഈ തുക ഓരോ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നാണ് ഈടാക്കിയത്. ആഴ്ചയില്‍ 50 രൂപയും മാസവരിയായി 20 രൂപയും അംഗങ്ങള്‍ നിക്ഷേപിക്കുന്ന ഫണ്ടില്‍ നിന്നാണ് മേളയ്‌ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിയതും മേള സംഘടിപ്പിച്ചതിനുളള തുകയും നല്‍കിയത്. സാധാരണയായി ഫണ്ട് തുക ഓണംപോലുളള ആഘോഷങ്ങളില്‍ വീതംവെയ്‌ക്കുകയാണ് പതിവ്. എന്നാല്‍ മേളയിലുണ്ടായ നഷ്ടം അംഗങ്ങള്‍ സഹിക്കണമെന്ന് മേളയില്‍ പങ്കെടുത്ത കുടുംബശ്രീ യൂണിറ്റുകള്‍ വ്യക്തമാക്കി.
അതേസമയം കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന സര്‍ക്കാര്‍ ഫണ്ടുകള്‍ ശരിയായവിധത്തില്‍ ഉപയോഗിക്കുന്നുവെന്നും ഈ ഫണ്ടുകളുപയോഗിച്ച് യൂണിറ്റുകള്‍ സ്വയംതൊഴില്‍ നടത്തുന്നുവെന്നും കാണിക്കുന്ന കുടുംബശ്രീയുടെ രഹസ്യ അജണ്ടയാണ് പുറത്തായിരിക്കുന്നത്. മേളയില്‍ പങ്കെടുത്ത യൂണിറ്റുകള്‍ ആരുംതന്നെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ നടത്താത്തവരാണ്. കോടികളുടെ ഫണ്ട് കുടുംബശ്രീ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി ചെലവിടുമ്പോള്‍ ഭൂരിഭാഗം കുടുംബശ്രീ യൂണിറ്റുകള്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ നടത്തുന്നില്ലെന്ന വസ്തുതയാണ് വെളിവാകുന്നത്.
മാത്രവുമല്ല ഗ്രൂപ്പ് ഒന്നിന് പതിനായിരം രൂപ വെച്ച് സ്വയംതൊഴിലിനായി കുടുംബശ്രീ നല്‍കുന്ന റിവോള്‍വിങ് ഫണ്ടിലും ദുരൂഹതയേറുകയാണ്. അതേസമയം റിവോള്‍വിംങ് ഫണ്ട് സ്വയംതൊഴില്‍ ചെയ്യാതെ ആവശ്യങ്ങള്‍ക്കായി വീതംവച്ചെടുക്കുകയാണ് പതിവെന്നാണ് അംഗങ്ങള്‍ പറയുന്നത്.
















