തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മൂലം ഖാദി കേന്ദ്രം തകര്‍ച്ചയുടെ വക്കില്‍. രാജ്യം ഗാന്ധിജയന്തി ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ മഹാത്മാവിന്റെ പാദസ്പര്ശമേറ്റ് ചരിത്രരേഖകളില്‍ ഇടംനേടിയതിനാല്‍ ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്തെ ഉദിയന്‍കുളങ്ങരയില്‍ സ്ഥാപിച്ച കേന്ദ്ര ഖാദി കമ്മീഷന്റെ കീഴിലുള്ള ഖാദി കേന്ദ്രമാണ് ഇന്ന് തികഞ്ഞ അവഗണന നേരിടുന്നത്.
1995 കാലഘട്ടംവരെ തലഉയര്ത്തിനിന്നിരുന്ന ഗാന്ധി സ്മൃതി ആലയത്തില്‍ 160ല്‍ അധികം തൊഴിലാളികളാണ് അന്ന് കൈത്തറി രംഗത്തായി ഇവിടെ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇടതുഭരണം അധികാരമേറ്റതോടെ 2018ല്‍ ഇവിടെ ഒരു തൊഴിലാളിയായി ചുരുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപതിച്ചതോടെ ആകെയുണ്ടായിരുന്ന ഒരു നെയ്ത്ത് തൊഴിലാളിയുടെ കാര്യവും കഷ്ടത്തിലായി.
1925 മാര്‍ച്ച് 14 ന് ഗാന്ധിജി ഒരു ദിവസം പകല്‍ മുഴുവന്‍ വിശ്രമിച്ച നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള ഉദിയന്‍കുളം എല്‍എംഎസ് എല്‍പിഎസ് എന്ന പഴയ വിദ്യാലയത്തിനു സമീപത്തായി 44 വര്‍ഷം മുമ്പ് ഗാന്ധി സ്മരണയുടെ പേരില്‍ സ്ഥാപിച്ച ഖാദി കേന്ദ്രമാണ് തകര്‍ന്നടിഞ്ഞ് നില്‍ക്കുന്നത്. ഗാന്ധിചരിത്രത്തില് വൈക്കത്തുനിന്നും കുളച്ചലിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹാത്മാഗാന്ധി ഈ പ്രദേശം സന്ദര്‍ശിക്കുന്നത്. ഇവിടെ ഒരുദിവസം വിശ്രമിച്ചശേഷം പ്രദേശത്തെ മതസാമൂഹിക നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയതും ചരിത്രരേഖകളില്‍ ശ്രേദ്ധയമാണ്. എന്നാല്‍ ഈ പ്രദേശത്തു നിന്നും ജനവിധി തേടി അധികാരത്തിലേറിയ ഒരു ജനപ്രതിനിധി പോലും നാളിതുവരെ ഈ ഖാദി കേന്ദ്രത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഗാന്ധി സന്ദേശം പ്രചരിപ്പിച്ച് നടക്കുന്ന കോണ്ഗ്രസ്സുകാര് ഇത് കണ്ടിട്ടില്ലെന്ന മട്ടിലാണ്.
ഉദിയന്‍കുളം ഖാദി കേന്ദ്രത്തില്‍ തൊഴിലാളികളെ കിട്ടാത്തതാണ് ഈ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങള്‍ക്ക് തടസ്സമായതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പറയുന്നത് കേന്ദ്ര ഗവണ്മെന്റ് ഫണ്ട് ഉണ്ടായിട്ടും സംസ്ഥാനത്ത് മാറിമാറി വന്ന സര്‍ക്കാരുകള്‍ വികസനത്തിനായി ശ്രമിക്കാതെ അവഗണിച്ചതാണ് സ്ഥാപനം നിലംപൊത്തുന്ന അവസ്ഥയില്‍ എത്തിച്ചതെന്നാണ്.
ഖാദി കേന്ദ്രം സ്ഥിതിചെയ്യുന്ന പഞ്ചായത്ത് വിചാരിച്ചാല്‍ മാത്രം ഖാദി കേന്ദ്രം മുന്നോട്ടുകൊണ്ടു പോകാമെന്നും പറയുന്നു. എന്നാല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത് സിപിഎം ഭരിക്കുന്ന കൊല്ലയില്‍ പഞ്ചായത്തിലാണ്. ഇന്ന് ഈ ഖാദി കേന്ദ്രത്തിന്റെ ഭൂരിഭാഗം സ്ഥലവും സ്വകാര്യവ്യക്തികള്‍ കൈയേറിയ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: