റിയാദ്: സ്ത്രീകളുടെമേലുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തി സൗദി അറേബ്യ. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് വിദേശയാത്രകള്‍ക്ക് അനുമതി നല്കി. 21 വയസ്സിനു മുകളിലുള്ള എല്ലാ വനിതകള്‍ക്കും പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയില്ലാതെ ഇനി മുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം.
ഇതോടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പാസ്പോര്‍ട്ടിനും വിദേശയാത്രകള്‍ക്കും ഉള്ള നിയമം തുല്ല്യമായി.വിവാഹം, വിവാഹമോചനം,കുട്ടികളുടെ ജനനം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനും വനിതകള്‍ക്ക് സൗദി ഭരണകൂടം അനുമതി നല്കി. വെള്ളിയാഴ്ചയോടെയാണ് സ്ത്രീകള്‍ക്കനുകൂലമായ ചരിത്ര നിയമം നിലവില്‍ വന്നത്. വൈകല്യം,ലിംഗഭേദം എന്നീ വിവേചനങ്ങള്‍ കൂടാതെ എല്ലാ പൗരന്മാര്ക്കും തുല്യ ജോലിക്കുള്ള അവകാശവും ഈ നിയമം ഉറപ്പ് നല്കുന്നു.
സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നത് കാലങ്ങളായി സൗദിയിലെ നിയമമാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: