സസ്പെന്‍ഷനിലായ മുന്‍ ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവ് വന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനൊരു സംശയം, ആര്‍എസ്എസുകാരനെ എങ്ങനെ ഡിജിപി ആക്കുമെന്ന്. ജേക്കബ് തോമസ് ആര്‍എസ്എസോ ബിജെപിയോ കോണ്‍ഗ്രസോ എന്നുള്ളത് പോകട്ടെ. അദ്ദേഹം പ്രഗത്ഭനായൊരു ഐപിഎസ് ഓഫീസറാണ്.
അതുതന്നെയാണ് ആ മനുഷ്യന്റെ യോഗ്യത. ആ നിലയ്ക്കാണ് അദ്ദേഹം പോലീസ് സര്‍വീസില്‍ വന്നതും ഡിജിപിയും വിജലന്‍സ് ഡയറക്ടറുമൊക്കെയായതും. അതൊന്നും കോടിയേരി ബാലകൃഷ്ന് എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഔദാര്യംകൊണ്ടല്ല. സേവനമികവുകൊണ്ടാണ്. അതുകൊണ്ടായിരിക്കണമല്ലോ മുഖ്യമന്ത്രി പിണറായി വിജയന് ഈ ഓഫീസറെ അഴിമതിതടയാന്‍ വിജിലന്‍സ് തലപ്പത്ത് പ്രതിഷ്ഠിച്ചത്. അഴിമതി അന്വേഷിച്ചുള്ള യാത്ര പാര്‍ട്ടിയിലേയ്ക്കും പാര്‍ട്ടി പ്രമുഖരിലേയ്ക്കും തിരിഞ്ഞപ്പോള്‍ മുഖ്യനും പാര്‍ട്ടിയും കളം മാറ്റിച്ചവിട്ടി. പിന്നെയാണ് നടപടികളും സസ്പെന്ഷന് പരമ്പരയും വരുന്നത്. ഇതൊന്നും ജനം കാണാത്തതും അറിയാത്തതുമൊന്നുമല്ല.
മികവുള്ളവരെ കണ്ടെത്താനും വിലയിരുത്താനും പോന്നൊരു സംവിധാനം രാജ്യത്തുണ്ട്. അതുകൊണ്ടാണ് കറപുരളാത്ത ഇത്തരം ചില പ്രഗത്ഭര്‍ ഐഎഎസ്, ഐപിഎസ് സംവിധാനങ്ങളുടെ ഭാഗമായിവരുന്നത്. അവരെ ഭരിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് അതൊന്നും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ ഉള്ള കഴിവില്ലാത്തതിന് അവര്‍ ഉത്തരവാദികളല്ല.
സത്യസന്ധനായ പോലീസ് ഓഫീസറെന്ന് പേരെടുത്തയാളാണ് ജേക്കബ് തോമസ്. സര്‍ക്കാരിന്റെ അനാവശ്യ പിടിവാശികള്‍ക്ക് വഴങ്ങിയില്ലെന്ന കുറ്റംമാത്രമേ അദ്ദേഹത്തിന്റെ പേരില്‍ കണ്ടെത്താന്‍ ഇടതുപക്ഷസര്‍ക്കാരിനും കഴിഞ്ഞുള്ളു. തങ്ങള്‍ക്ക് മറയ്ക്കാനുള്ളത് മറയ്ക്കാനും തല്ലാനുള്ളവരെ തല്ലാനും കൊല്ലാനുള്ളവരെ കൊല്ലാനുമുള്ള ഗുണ്ടാപ്പടയാണ് പോലീസ് എന്ന സിപിഎം ചിന്തയ്ക്കുവഴങ്ങുന്ന, നട്ടെല്ലുവളഞ്ഞവര് മാത്രമല്ല പോലീസ് സേനയിലുള്ളതെന്ന യാഥാര്‍ഥ്യം അംഗീകരിക്കുകയാണ് ജേക്കബ് തോമസിനെതിരായ നടപടിയിലൂടെ സിപിഎം സര്‍ക്കാര്‍ ചെയ്തത്.
വഴങ്ങാത്തവരെ പുറത്തുകളയുന്ന പാര്‍ട്ടിലൈന്‍ പോലീസിലും നടപ്പാക്കി. പക്ഷേ, അവിടെയും ഒതുങ്ങാത്തതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. അതാണു പാര്‍ട്ടിക്കും സര്‍ക്കാരിനും കീറാമുട്ടിയായിരിക്കുന്നത്. അങ്ങനെയൊരാളെ ആര്‍എസ്സ്എസ്സുകാരന്‍ എന്നു മുദ്രകുത്തുന്നെങ്കില് അത് ആ പ്രസ്ഥാനത്തിനു നല്കുന്ന അംഗീകാരമായിരിക്കും. ആത്മാര്‍ഥതയും തന്റേടവുമുള്ളവരാണ് ആര്‍എസ്സ്എസ്സുകാര്‍ എന്നു താങ്കള്‍ അംഗീകരിച്ചിരിക്കുന്നു. അത്തരക്കാരാണ് പൊലീസ് സേനയുടെ തലപ്പത്തു വേണ്ടത്. അത്തരക്കാര്‍ തന്നെയാണു ഭരണതലപ്പത്തും വേണ്ടത്. അവരെ പൊതുജനത്തിനു വിശ്വസിക്കാം.
അല്ലെങ്കില്‍ത്തന്നെ, ഈ കോടിയേരി ഏതു ലോകത്താണാവോ ജീവിക്കുന്നത്? ആര്‍എസ്എസുകാരനായ പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യമാണിത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഏറിയപങ്ക് കേന്ദ്രമന്ത്രിമാരും ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരുമൊക്കെ ആര്‍എസ്എസുകാരാണ്. അവരൊക്കെ ജനപ്രിയരുമാണ്. ആര്‍എസ്എസ് ബന്ധത്തിന്റെ പേരില്‍ അവരെയൊക്കെ ഇറക്കിവിടാന്‍ സിപിഎം വിചാരിച്ചാല്‍ പറ്റുമോ?
പലതും സൗകര്യത്തിനൊത്ത് മറന്നുകളയുന്നത് രാഷ്ട്രീയക്കാര്‍ക്ക് യോഗ്യതയാണെങ്കിലും പൊതുജനത്തിന് അങ്ങനെയല്ല. അവര്‍ ചിലതൊക്കെ ഓര്‍ത്തിരിക്കും. മുന്‍പ് ജനസംഘം എന്നൊരു പാര്‍ട്ടിയുണ്ടായിരുന്നത് കോടിയേരിക്ക് ഓര്മയുണ്ടാകുമോ? ബിജെപിയുടെ ആദ്യരൂപമായിരുന്നു ആ പാര്‍ട്ടി. അവരുംകൂടി ചേര്‍ന്നാണ് ജനതാപ്പാര്‍ട്ടി രൂപംകൊണ്ടത്. ആ പാര്ട്ടിയോടൊപ്പംചേര്ന്ന് ഒരു മുന്നണിയായി സിപിഎം മല്‍സരിച്ച ചരിത്രം, നിങ്ങള്‍ മറന്നാലും, കേരളത്തിന് ഓര്‍മയുണ്ട്. എന്നിട്ടും ഇവിടെ ആകാശം ഇടിഞ്ഞുവീണൊന്നുമില്ല. അതിനുംമുന്പ്, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയപ്പോഴും ആര്‍എസ്എസും ജനസംഘവുമായി സിപിഎം കൈകോര്‍ത്തിരുന്നു.
ആര്‍എസ്എസിന് അന്നും ഇന്നും സ്വഭാവത്തില്‍ മാറ്റമൊന്നുമില്ല. അന്നത്തെ സ്ഥിതിയില്‍നിന്ന് ഏറെ വളര്ന്നെന്നുമാത്രം. സിപിഎം അതിനൊപ്പം തളര്‍ന്നും പോയല്ലോ. വി.പി. സിങ് പ്രധാനമന്ത്രിയായ ന്യൂനപക്ഷസര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത് ബിജെപിയും സിപിഎമ്മും കൂടിയായിരുന്നില്ലേ? അന്ന് ബിജെപിയെ നയിച്ചത് ആര്‍എസ്എസുകാരായ അടല്‍ ബിഹാരി വാജ്പേയിയും എല്‍.കെ. അദ്വാനിയുമായിരുന്നു. വാജ്പേയി പിന്നീട് പ്രധാനമന്ത്രിയായി. അദ്വാനി ആഭ്യന്തരമന്ത്രിയും. അവരുടെ പിന്തുടര്ച്ചക്കാരാണ് ഇന്ന് രാജ്യംഭരിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം കളിച്ച് രാജ്യത്തിന്റെ കാല്‍ച്ചുവട്ടിലെ ചെറിയ പൊട്ടുമാത്രമായി ചുരുങ്ങിയിട്ടും യാഥാര്‍ഥ്യങ്ങളോട് മുഖംതിരിക്കുന്ന ശൈലിമാറ്റാന്‍ സിപിഎം പഠിച്ചിട്ടില്ലെന്നുവ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: