തൃശൂര്‍: നീതിയുടെയും ധര്‍മ്മത്തിന്റെയും പ്രതിപുരുഷനായ ശ്രീരാമന് ജയ് വിളിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണെന്ന് മുന്‍ ഡിജിപി ഡോ. ജേക്കബ് തോമസ്. സമര്‍പ്പണ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച രാമായണ ഫെസ്റ്റിനോടനുബന്ധിച്ചുള്ള ശബരി സല്‍ക്കാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൂര്‍വാധികം ശക്തിയായി ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നീതി നിഷേധവും പൈശാചികവുമായ സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ശ്രീരാമന്മാരായി മാറണം. സമീപകാലത്തുണ്ടാകുന്ന സംഭവങ്ങള്‍ നോക്കിയാല്‍ വാല്മീകി രണ്ടാമതും രാമായണം എഴുതേണ്ടി വരും. നവോത്ഥാനം എന്നത് നടന്നിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട വനവാസി യൂവാവ് മധുവിന്റേയും ഓഖി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെയും മരണത്തിന് ആരാണുത്തരവാദിയെന്ന് ചിന്തിക്കണം, ജേക്കബ് തോമസ് പറഞ്ഞു.
രാഷ്‌ട്രീയക്കാര്‍ എല്ലാറ്റിനും യെസ് പറയുകയും മനസില്‍ നോ പറയുന്നവരുമാണെങ്കില്‍ കുമ്മനം രാജശേഖരന്‍ യെസ് പറയുന്നതിന് യെസും നോ പറയുന്നതിന് നോ പറയുകയും ചെയ്യുന്ന ആദര്‍ശധീരനായ നേതാവാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജയ് ഹിന്ദ്, ജയ് ശ്രീറാം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സമര്‍പ്പണയുടെ വാല്മീകി പുരസ്‌കാരം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഡോ. ജേക്കബ് തോമസ് സമ്മാനിച്ചു. വി.ആര്‍. രാമദാസ് കുമ്മനത്തെ പൊന്നാടയണിയിച്ചു. നമ്മുടെ സംസ്‌കാരം നിലനില്‍ക്കുന്നതില്‍ രാമായണത്തിന് വലിയ പങ്കുണ്ടെന്നും സ്ത്രീത്വത്തെ അപമാനിച്ച ജടായു മുന്നിലുണ്ടെന്ന് നാമോരോരുത്തരും ഓര്‍ക്കണമെന്നും അവാര്‍ഡ് സ്വീകരിച്ച് കുമ്മനം അഭിപ്രായപ്പെട്ടു.
ഡോ.ശോഭന മോഹന്‍ദാസ് അധ്യക്ഷനായി. സംഗീത സംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ കുമ്മനം രാജശേഖരന്‍ ആദരിച്ചു. രാമനാഥന്‍ പൊന്നാട ചാര്‍ത്തി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വക്താവ് അഡ്വ. ബി.ഗോപാലകൃഷ്ണന്‍, ആമ്പല്ലൂര്‍ ശ്രീകുമാര്‍, വി.കെ. വിശ്വനാഥന്‍, പി. ഉണ്ണികൃഷ്ണന്‍, ബിജോയ് തോമസ്, പി.എന്‍. ഈശ്വരന്‍ എന്നിവര്‍ പ്രസംഗിച്ചു.
















