കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡുകളില്‍ വേഗ പരിധി ലംഘിക്കുന്ന ഡ്രൈവര്‍മ്മാർക്കെതിരെ 48 മണിക്കൂര്‍ നേരത്തെ തടവും വാഹനം പിടിച്ചെടുക്കുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാകി. 170 കിലോമീറ്ററിനു മുകളില്‍ വേഗതയില്‍ പോകുന്ന ഡ്രൈവര്‍മാരെയാണ് ശിക്ഷിക്കുക.
നിയമം ലംഘിച്ച 30 ഡ്രൈവര്‍മ്മാര്‍ക്ക് എതിരെ 48 മണിക്കൂര്‍ നേരത്തെ തടവ് ശിക്ഷ നല്‍കുകയും ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മന്ത്രാലയത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം മേധാവി തൗഹീദ് അല്‍ കന്തറി അറിയിച്ചു. ഗതാഗത നിയമ ലംഘനങ്ങളെ തുടര്‍ന്ന് ഫയലുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ട ഡ്രൈവര്‍മ്മാര്‍ക്ക് പിഴ അടച്ച് ശിക്ഷ ഒഴിവാക്കുന്നതിനു ആഭ്യന്തരമന്ത്രാലയം അവസരം ഒരുക്കിയതായി ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സായഘ് വ്യക്തമാക്കി.
ഗതാഗത നിയമങ്ങള്‍ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി അവന്യൂസ് മാളില്‍ ഒരുക്കിയ പ്രദര്‍ശ്ശന ഹാളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. സിഗ്നല്‍ ലംഘനം, വേഗപരിധി ലംഘിക്കല്‍ മുതലായ ഗുരുതരമായ കുറ്റങ്ങളെ തുടര്‍ന്ന് ഫയല്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ക്കും വാഹനം പിടിച്ചടക്കപ്പെട്ട വാഹന ഉടമകള്‍ക്കും പിഴ അടച്ച് മറ്റു ശിക്ഷകളില്ലാതെ കേസുകളില്‍ നിന്ന് വിടുതല്‍ വാങ്ങുവാനും പ്രദര്‍ശ്ശനത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍, അനധികൃത ടാക്സി സര്‍വ്വീസ് ഇവ ഒഴികെയുള്ള മറ്റു ഗതാഗത നിയമ ലംഘനങ്ങളില്‍ അകപ്പെട്ടവര്‍ക്ക് പിഴ അടച്ച് ഫയലുകളില്‍ ഏര്‍പ്പെടുത്തിയ ബ്ലോക്ക് നീക്കുവാനും വാഹനം പുറത്തിറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: