കുവൈത്ത് സിറ്റി: ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നാലു ലക്ഷത്തോളം വരുന്ന വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖിലെ വികസനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചു. ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്ന പേരില്‍ പ്രത്യേക പദ്ധതിയാണ് പ്രദേശത്തെ വികസനത്തിനായി സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ളത്.
അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത, കുറ്റകൃത്യങ്ങളുടെ ആധിക്യം, അനധികൃത താമസക്കാരുടെ സാന്നിധ്യം, വഴിവാണിഭം തുടങ്ങി വിവിധ വിഷയങ്ങളാണ് പരിഹരിക്കാനുള്ളത്. നേരത്തെയും വിവിധ സമിതികള്‍ രൂപവത്കരിച്ച് പഠനങ്ങള്‍ നടത്തിയതാണ്. പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി മന്ത്രിസഭ ചുമതലപെടുത്തിയ സമിതി ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഏഴോളം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയാണ് വിഷയം പഠിക്കുന്നത്. പ്രദേശത്തിന്റെ സമഗ്ര വികസനത്തിനു തടസം നില്ക്കുന്ന വിവിധ വിഷയങ്ങള്‍ സമിതി അവലോകനം ചെയ്യും. വര്‍ഷാവസാനത്തോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന അബ്ബാസിയ, ബംഗ്ലാദേശുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന അല്‍ അഹസാവി, സ്വദേശികള്‍ താമസിക്കുന്ന ഗര്‍ബ് ജലീബ് എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ജലീബ് അൽ ഷുവൈഖ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, ശൈഖ് ജാബിര്‍ സ്റ്റേഡിയം, ശദാദിയ യൂണിവേഴ്സിറ്റി തുടങ്ങി രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന മേഖലയാണിത്. ഇവിടം അന്തരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന വികസനമാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: