ജയ്ശ്രീറാം എന്നത് യുദ്ധകാഹളമായി മാറിയെന്നും, രാജ്യത്തുനടന്ന ചില തല്ലിക്കൊലകള്‍ക്കു പിന്നില്‍ ഈ മുദ്രാവാക്യമാണെന്നും ആരോപിച്ച് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെ 49 പേര് ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിന് ഉചിതമായ മറുപടി സാംസ്കാരിക രംഗത്തുനിന്നുതന്നെ വന്നിരിക്കുന്നു. പ്രമുഖ നര്‍ത്തകി സൊണാല്‍ മാന്‍സിങ്, ഹിന്ദുസ്ഥാനി സംഗീതജ്ഞന് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി, സിനിമാതാരം കങ്കണ റണാവത് എന്നിവരടങ്ങുന്ന 62 പേരും, അവരെ പിന്തുണച്ച്, പ്രമുഖരായ മറ്റു 14 പേരും ദുരുദ്ദേശ്വപരമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയവരുടെ രാഷ്ട്രീയ അജണ്ട തുറന്നുകാട്ടി രംഗത്തുവന്നതില്‍ പുതുമയുണ്ട്.
2014നുശേഷം വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ സംഘപരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കുറ്റപ്പെടുത്തി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്ന പരസ്യ വിചാരണ ഏറെക്കുറെ ഏകപക്ഷീയമായിരുന്നു. ആരോപണങ്ങളായി ഉന്നയിക്കപ്പെട്ട അസത്യങ്ങളിലും അര്‍ദ്ധസത്യങ്ങളിലും കുറെയൊക്കെ ശരിയുണ്ടാവാം എന്നൊരു ധാരണ സാമാന്യജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടു. ഇത്തരം പ്രചാരവേല ഇനിയങ്ങോട്ട് അനുവദിക്കപ്പെടാന്‍ പോകുന്നില്ലെന്ന കൃത്യമായ സന്ദേശമുണ്ട് 76 പേര് ഒപ്പിട്ട മറുപടിക്കത്തില്‍.
സംവിധായകന് വിവേക് അഗ്നിഹോത്രി ചൂണ്ടിക്കാട്ടുന്നതുപോലെ ദേശീയവാദികളും അല്ലാത്തവരും എന്നൊരു വിഭജനം ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നു. ദേശീയവാദികളല്ലാത്തവരുടെ കൂട്ടുചേരലിന്റെ തുടക്കം എവിടെയെന്നു പരിശോധിച്ചാല്‍, ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ നിയന്ത്രിച്ച ദേശീയ ഉപദേശക സമിതിയാണെന്നു കാണാം.
പ്രധാനമന്ത്രി മോദിക്കു കത്തെഴുതിയവരില്‍ അടൂര്‍ ഗോപാലകൃഷ്ണനും ഉള്‍പ്പെടുന്നതില്‍ അസ്വാഭാവികതയുണ്ട്. കുറെക്കാലമായി ദേശവിരുദ്ധ രാഷ്ട്രീയ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായി ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ അടൂരിന് കഴിയണമായിരുന്നു. ലിഞ്ചിങ് അഥവാ തല്ലിക്കൊല്ലല്‍ എന്ന പേരിലുള്ള അനിഷ്ട സംഭവങ്ങള്‍ ക്രമസമാധാന പ്രശ്നമാണ്. നരേന്ദ്രമോദി അധികാരത്തില്‍ വരുന്നതിന് മുന്‍പും അത് ഉണ്ടായിട്ടുണ്ട്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഓടിച്ചുനോക്കിയാല്‍പ്പോലും ഇത് മനസ്സിലാവും. കേരളത്തിലും നിരവധി തല്ലിക്കൊലകള്‍ നടന്നിട്ടുണ്ട്. അട്ടപ്പാടിയിലെ മധു, കൊല്ലത്ത് മണിക് റോയി എന്നിവര്‍ ഇതില്‍പ്പെടുന്നു. ഒരാള്‍ ദളിതും, മറ്റേയാള്‍ മറുനാടന്‍ തൊഴിലാളിയും. 2018ല്‍ മാത്രം കേരളത്തില്‍ ഇത്തരം എട്ട് കൊലപാതകങ്ങളുണ്ടായി. ഈ വസ്തുതകള്‍ മറച്ചുവച്ച് ഉത്തരഭാരതത്തിലെ സമാന സംഭവങ്ങളെ മതപരമായി കാണുന്നത് നീതികരിക്കാനാവുന്നതല്ല.
ജനക്കൂട്ടആക്രമണത്തിന്റെ മാനസികാവസ്ഥ സങ്കീര്‍ണമാണ്. ഇതിനെ ഗോരക്ഷയുമായി ബന്ധപ്പെടുത്തുന്നത് നിരുത്തരവാദപരമാണ്. അക്രമികളുടെ മതം കണ്ടുപിടിച്ച് കുറ്റകൃത്യങ്ങളെ കറുപ്പിലും വെളുപ്പിലും ചിത്രീകരിക്കുന്നത് സാമൂഹ്യാന്തരീക്ഷം തകര്‍ക്കും. ഹരിയാനയിലെ ജുനൈദിന്റെ കൊലപാതകം ഉള്‍പ്പെടെ മതവുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളെപ്പോലും ഇങ്ങനെ ചിത്രീകരിച്ചതിന്റെ കെടുതികള്‍ രാജ്യം അനുഭവിക്കുകയാണ്. ജുനൈദിന്റെ കാര്യത്തില്‍ തീവണ്ടിയിലെ സീറ്റുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഹരിയാനയില്‍ചെന്ന് 10 ലക്ഷം രൂപ ജുനൈദിന്റെ ബന്ധുക്കള്‍ക്ക് നല്‍കിയത് ആ കൊലപാതകത്തില്‍നിന്ന് മതപരമായ മുതലെടുപ്പ് നടത്താനായിരുന്നു.
മലയാളി പൊതുവെ മനസ്സിലാക്കിയിട്ടുള്ള അടൂര്‍ ഗോപാലകൃഷ്ണന് മാന്യനാണ്. സിനിമാ രംഗത്തെ ആരും കൊതിക്കുന്ന അംഗീകാരവും സ്വീകാര്യതയുമാണ് സംവിധായകന് എന്ന നിലയ്ക്ക് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഈ മാന്യതയ്ക്ക് ചേരുന്നതായില്ല ”ജയ് ശ്രീറാം വിളിക്കുന്നതിനെയല്ല, അത് കൊലവിളിയാക്കുന്നതിനെയാണ്” താന്‍ എതിര്‍ത്തതെന്ന അടൂരിന്റെ പ്രതികരണം. ഇങ്ങനെയൊരു അവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍പ്രദേശിലെ ചന്ദൗലിയില്‍ ഒരു മുസ്ലിം ബാലനെ തല്ലിക്കൊന്നു എന്ന വാര്‍ത്ത വെറും നുണയാണെന്ന് മണിക്കൂറുകള്‍ക്കകം തെളിഞ്ഞു. ഒരു ദര്‍ഗയില്‍വച്ച് ഈ ബാലന് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയെ ഉദ്ധരിച്ച് പോലീസ് വ്യക്തമാക്കി. ഈ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ച എബിപി ന്യൂസ്, അബദ്ധം തിരിച്ചറിഞ്ഞ്, അത് നീക്കംചെയ്തു. എന്നിട്ടും മതവിദ്വേഷമുണ്ടാക്കാന്‍ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ചിലര്‍.
ജയ്ശ്രീറാം പ്രതിഷേധ മുദ്രാവാക്യമായി ഉയര്‍ന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അയോധ്യ പ്രക്ഷോഭകാലത്ത് അതുണ്ടായിട്ടുണ്ട്. സമീപകാലത്ത് മമതാ ബാനര്‍ജി ഭരിക്കുന്ന പശ്ചിമബംഗാളില്‍ ജയ്ശ്രീറാം വിളികള്‍ പ്രതിഷേധ സൂചകമായി ഉയരുകയുണ്ടായി. രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് മമതാ സര്‍ക്കാര്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാത്ത സന്ദര്‍ഭത്തിലാണത്. സ്വേച്ഛാധിപതിയായ മമതയെ ഈ മുദ്രാവാക്യം അരിശംകൊള്ളിച്ചു എന്നത് നേരാണ്. ഇതിന് കുറ്റപ്പെടുത്തേണ്ടത് ജയ്ശ്രീറാം വിളിച്ചവരെയല്ല, അത് അരോചകമായി കണ്ട മമതയെയാണ്.
ജയ്ശ്രീറാം വിളിക്കാത്തതിന് ആരും ആരെയും കൊന്നിട്ടില്ല. അങ്ങനെ സംഭവിക്കണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. ജയ്ശ്രീറാം വിളിച്ചതിനാണ് കൊലചെയ്യപ്പെട്ടത്-മമതയുടെ ബംഗാളില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത മെയ് 30ന് ഈസ്റ്റ് ബര്‍ദ്വാന്‍ ജില്ലയില്‍നടന്ന ബിജെപി പ്രകടനത്തില്‍ ജയ്ശ്രീറാം വിളിച്ച സുശീല്‍ മണ്ഡല് എന്ന യുവാവിനെയാണു തൃണമൂല്‍ കോണ്ഗ്രസ്സുകാര് തല്ലിക്കൊന്നത്. തൃണമൂലിന് കനത്ത തിരിച്ചടിയേറ്റ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം കൊലചെയ്യപ്പെടുന്ന അഞ്ചാമത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു മണ്ഡല്. ജയ്ശ്രീറാം വിളിച്ചവരെ മുഖ്യമന്ത്രി മമത ഔദ്യോഗിക വാഹനത്തില്‍ നിന്നിറങ്ങി പരസ്യമായി ഭീഷണിപ്പെടുത്തി. ഇതിന്റെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു സുശീല്‍ മണ്ഡല് ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍.
കത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നൊരു പരാമര്‍ശം അടൂര്‍ ആദ്യം നടത്തുകയുണ്ടായി. ഈ കുറവ് നികത്താനാവണം സെന്‍സര്‍ ബോര്‍ഡ് പിരിച്ചുവിടണം, ദേശീയ അവാര്‍ഡുകള്‍ നിര്‍ത്തലാക്കണം എന്നൊക്കെയുള്ള അടൂരിന്റെ തുടര്‍പ്രതികരണങ്ങള്‍. മുന്‍കാലങ്ങളില്‍ ആര് എങ്ങനെയൊക്കെ മൊത്തമായും ചില്ലറയായും അവാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടെന്ന് ഒരുപക്ഷേ ഏറ്റവും നന്നായി അറിയാവുന്നയാള്‍ അടൂരായിരിക്കും. അഭിനയ സാമ്രാട്ട് തിലകന് കിട്ടേണ്ട മികച്ച നടനുള്ള അവാര്‍ഡ് അമിതാഭ് ബച്ചന് നല്‍കിയത് ആരാണെന്നും, ഏതു പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമായിരുന്നു അതെന്നും അടൂര്‍ മറന്നുപോകരുത്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന അവാര്‍ഡ് വാപ്പസി ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളുടെ ഉള്ളുകളി എന്താണെന്ന് അറിയാത്തയാളാവില്ല അടൂര്‍. കോണ്‍ഗ്രസ് ഭരണകാലത്ത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയുമൊക്കെ മുഖംമൂടി ധരിച്ച് ലാഭകരമായ ലാവണങ്ങളില്‍ അടയിരുന്നവര്‍ക്ക് അധികാരത്തിന് പുതിയ അവകാശികള്‍ വന്നപ്പോള്‍ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടു. പരമ്പരാഗതമായി ലഭിച്ചുപോന്ന സുഖസൗകര്യങ്ങളില്‍ പറ്റിക്കൂടാന്‍ പിന്നെയും ശ്രമിച്ചെങ്കിലും മോദി സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന് വ്യക്തമായതോടെ തനിനിറം കാട്ടുകയായിരുന്നു ലെഫ്റ്റ്-ലിബറലുകള്‍. ഇവരുടെ തോളിലാണ് ഇപ്പോള്‍ അടൂരും കയ്യിട്ടിരിക്കുന്നത്.
അധികം വിശദീകരിക്കുന്നില്ല. പുത്തന്‍ സൗഹൃദത്തിന്റെ ഗുരുതരാവസ്ഥ അടൂരിനെ ബോധ്യപ്പെടുത്താന്‍ ഒരു കാര്യംകൂടി സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിക്കുള്ള കത്തില്‍ അടൂരിനൊപ്പം ഒപ്പിട്ടവരില്‍ ഒരാള്‍ ഡോക്ടര്‍ ബിനായക് സെന്നാണ്. മാവോയിസ്റ്റ് ഭീകരവാദത്തെ പിന്തുണച്ചതിന് കൊലപാതകക്കേസിലടക്കം പ്രതിയാണ് സെന്‍. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സുപ്രീംകോടതി പോലും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച അര്‍ബന്‍ നക്സലുകളില്‍പ്പെടുന്നയാളുമാണ്. കത്തില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ അടൂര്‍ മറന്നുപോയത് അക്ഷന്ത്യവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: