‘ഹിന്ദുവായിരിക്കുക എന്നത് ഒരു ജീവിതരീതിയാണ്’
മുതിര്‍ന്ന ഒരു ആര്‍എസ്എസ് പ്രചാരകനില്‍ നിന്ന് കേട്ട ഈ പ്രസ്താവനയാണ് ഹിന്ദുത്വത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് സിനു ജോസഫ്. ‘സാത്വി’ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് യുവഎഞ്ചിനീയറും സാമൂഹ്യപ്രവര്‍ത്തകയുമായ സിനു ജോസഫ് ഹിന്ദുത്വത്തെക്കുറിച്ചുള്ള തന്റെ ധാരണകള്‍ മാറി മറിഞ്ഞ കഥ പങ്കു വച്ചത്. ഞാന്‍ ഒരു കത്തോലിക്കാ ക്രിസ്ത്യാനിയായാണ് ജീവിതം ആരംഭിച്ചത്. പിന്നീട് തിരിച്ചറിവിന്റെ പ്രായമായപ്പോള്‍ എല്ലാറ്റിനേയും ചോദ്യം ചെയ്യാന്‍ തുടങ്ങി. ക്രമേണ നിരീശ്വരവാദിയായി മാറി. നിരീശ്വരവാദിയാണെങ്കിലും എന്റെ മനസ്സില്‍ എങ്ങനെയോ ഹിന്ദുത്വത്തെക്കുറിച്ചും ആര്‍എസ്എസിനെ കുറിച്ചുമുള്ള ഭയം ഇടം പിടിച്ചിരുന്നു. അതെങ്ങനെ വന്നു എന്നെനിക്ക് ഇപ്പോഴും അറിയില്ല. എന്നാല്‍ അതില്‍ നിന്നും ശരിക്കും എന്റെ കണ്ണു തുറപ്പിച്ചത് ഒരു സെമിനാറാണ്. അവിടെ വച്ചാണ് ഞാന്‍ ഹിന്ദുത്വത്തെ കുറിച്ചുള്ള ഈ പ്രസ്താവന ആദ്യമായി കേള്‍ക്കുന്നത്. അതെന്റെ കണ്ണു തുറപ്പിച്ചു. എനിക്ക് അപ്പോളത് മനസ്സിലായില്ലെങ്കിലും എന്റെ ചുറ്റുമുണ്ടായിരുന്ന മറ്റുള്ള സദസ്യര്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്ന തിരിച്ചറിവാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. അതായത് നമ്മുടെ നാടിനെയും ജനങ്ങളേയും കുറിച്ചുള്ള ഈ സുപ്രധാനമായ ആശയം മനസ്സിലാക്കാതെയാണ് ഏതാണ്ട് മുപ്പതു വര്‍ഷങ്ങളോളം ഞാന്‍ ജീവിച്ചത് എന്നത് എന്നെ ശരിക്കും ചിന്തിപ്പിച്ചു. പിന്നീടങ്ങോട്ട് ഇന്നുവരെ അതേപ്പറ്റി ശരിയായി മനസിലാക്കാന്‍ ഈ ആശയം ഞാന്‍ മനസില്‍ സൂക്ഷിച്ചു പോരുകയായിരുന്നു. എന്റെ സ്വന്തം അനുഭവങ്ങളില്‍ നിന്നും ഹിന്ദുജീവിതരീതി പിന്തുടര്‍ന്ന് ജീവിക്കുന്ന മറ്റുള്ളവരില്‍ നിന്നുമാണ് ആ പ്രസ്താവനയുടെ അര്‍ത്ഥം കണ്ടെത്തിയത്.
ഹിന്ദുവായി ജീവിക്കുക എന്നാല്‍ തന്റെ ചുറ്റുമുള്ളതിന്റെയെല്ലാം സംരക്ഷകന്‍ എന്ന ചുമതലാ ബോധത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുക എന്നാണ് ഒരര്‍ത്ഥം. ഏറ്റവും ചെറിയ ഒരു ജീവി മുതല്‍, ഏറ്റവും വലിയ പര്‍വ്വതം വരെ തന്റെ ചുറ്റുമുള്ള എല്ലാറ്റിനേയും കാത്തു സൂക്ഷിക്കുകയും ഭാവി തലമുറയ്ക്കു വേണ്ടി സംരക്ഷിക്കുകയും ചെയ്യുക എന്നത് ജീവിതത്തിന്റെ ഭാഗമാണ്. അതിനു വേണ്ടി അവയെ ആരാധിക്കണമെങ്കില്‍ അങ്ങനെയും ആവാം. അപ്രകാരം നമ്മള്‍ മരത്തെ ആരാധിക്കുന്നു. നദിയെയും പര്‍വ്വതത്തെയും ആരാധിക്കുന്നു. ഹിന്ദു ജീവിതരീതിയില്‍ ഒരു ഉറുമ്പിനു പോലും പ്രാധാന്യമുണ്ട്. അങ്ങനെയാണ് നമ്മള്‍ ഈ പ്രകൃതിയെ ഭാവിയിലേക്ക് വേണ്ടി സംരക്ഷിക്കുന്നത്. ഒരു ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഏത് അര്‍ദ്ധരാത്രിയിലും ഒരതിഥിക്ക് നമ്മുടെ വീട്ടിലേക്ക് കയറിവരാം. നമ്മള്‍ സ്വയം പട്ടിണി കിടക്കേണ്ടി വന്നിട്ടാണെങ്കിലും യാതൊരു ചോദ്യങ്ങളും ചോദിക്കാതെ ആ അതിഥിക്ക് ഭക്ഷണവും ജലവും കൊടുക്കാന്‍ നമ്മള്‍ തയ്യാറാവും. നിങ്ങള്‍ ക്രിസ്ത്യാനിയോ മുസ്ലീമോ മറ്റേത് മതക്കാരനോ ആയിക്കൊള്ളട്ടെ അതൊന്നും ആരും ചോദിക്കില്ല. നിങ്ങള്‍ ഈ രാജ്യത്താണെങ്കില്‍ ഇങ്ങനെയാണ് നടക്കുക. ഒരു കൊച്ചു കുട്ടിയാണെങ്കിലും, അവന്‍ പറയുന്നത് സത്യമാണെങ്കില്‍ അതിനെയാണ് ഒരു ഹിന്ദു വിലമതിക്കുന്നത്.
ആദരവ് കിട്ടുന്നത് സമൂഹത്തിലെ പദവിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഒരു വ്യക്തിക്ക് സത്യമറിയാമോ എന്ന് നോക്കിയിട്ടാണ്, അയാള്‍ നിരന്തരമായ സത്യാന്വേഷണത്തിലാണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു ഹിന്ദുവിനെ സംബന്ധിച്ച് തന്റെ ചുറ്റുമുള്ളതിനാണ് ആദ്യ പരിഗണന, സ്വന്തം കാര്യം അതിനു ശേഷമേ വരുന്നുള്ളൂ. നിരന്തരമായി സത്യത്തെ തേടിക്കൊണ്ടിരിക്കുക എന്നതാണ് ഹിന്ദു ജീവിതരീതിയുടെ മറ്റൊരു ലക്ഷണം. എല്ലാറ്റിനേയും കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുക, അന്വേഷിച്ചുകൊണ്ടേ ഇരിക്കുക. ഒന്നിനേയും വെറും വിശ്വാസത്തിന്റെ പേരില്‍ അംഗീകരിക്കാതിരിക്കുക.
അതേസമയം തന്നെ എത് വിശ്വാസം വേണമെങ്കിലും നിങ്ങള്‍ക്ക് സ്വീകരിക്കുകയും ചെയ്യാം. മറ്റു മതങ്ങളോട് സഹിഷ്ണുത കാണിക്കാനല്ല ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നത് മറിച്ച് എല്ലാറ്റിനെയും സ്വാഗതം ചെയ്യാനാണ്. മതം അല്ലെങ്കില്‍ വിശ്വാസം എന്നതിനെ ആത്യന്തിക സത്യത്തിലേക്കുള്ള വേറൊരു പാതയായിട്ടാണ് കാണുന്നത് . അതുകൊണ്ടു തന്നെ ഇവിടെ സംഘര്‍ഷമില്ല. എല്ലാവര്‍ക്കും നിലനില്‍ക്കാനുള്ള ഇടം ഇതിലുണ്ട്.
‘മൈത്രി സ്പീക്‌സ്’ എന്ന സാമൂഹ്യ സംഘടനയുടെ മാനേജിംഗ് ട്രസ്റ്റിയായ സിനു 2009 മുതല്‍ ഗ്രാമവികസനം, സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ ഗവേഷണവും ബോധവല്‍ക്കരണവും നടത്തിവരുന്നു. പൊതുപ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരും നിയമവിദഗ്ധരും ഉള്‍പ്പെട്ട ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മയാണ് സാത്വി
പ്രതികരിക്കാൻ ഇവിടെ എഴുതുക: