കോട്ടയം: തര്‍ക്കം പറഞ്ഞുതീര്‍ക്കാന്‍ സിപിഎം ഓഫീസിലേക്ക് വിളിച്ചുവരുത്തിയ യുവാവിനെ റോഡില്‍വച്ച് സംഘംചേര്‍ന്ന് അടിച്ചുവീഴ്‌ത്തി ജീപ്പില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേരെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നാലു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
അക്രമത്തില്‍ ഗുരുതര പരിക്കേറ്റ വാഴക്കുളം മഞ്ഞള്ളൂര്‍ തൈക്കുടിയില്‍ നിധീഷ് (25) നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന നിധിഷിന്റെ അമ്മയ്‌ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ കുറവിലങ്ങാട് ഇന്ദിരഗിരി കോളനിക്ക് സമീപം താമസിക്കുന്ന പുതുശേരി കുന്നുംപുറത്ത് ശ്യാം സോമന്‍ (29), കൊട്ടുകാപ്പിള്ളില്‍ സാബു കെ.വി. എന്നിവരെ കുറവിലങ്ങാട് പോലീസ് അറസ്റ്റുചെയ്തു. യുവാവിനെ തട്ടിക്കൊണ്ട് പോകുവാന്‍ ഉപയോഗിച്ച ജീപ്പും പോലീസ് പിടിച്ചെടുത്തു.
പരിക്കേറ്റ നിധീഷും പ്രതിയും തമ്മില്‍ ഫോണില്‍ ഫോട്ടോ അയച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം നടന്നിരുന്നു. സിപിഎം അനുഭാവിയായ പ്രതിയുടെ ആവശ്യപ്രകാരം നിധിഷിനെ സിപിഎം കുറവിലങ്ങാട് ലോക്കല്‍ കമ്മറ്റി ഓഫീസില്‍ പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇന്നലെ മൂന്ന് മണിയോടെ പാര്‍ട്ടി ഓഫീസിന് സമീപം റോഡില്‍ വച്ച് പ്രതികള്‍ യുവാവ് സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്‌ത്തി. തുടര്‍ന്ന് വാഹനത്തില്‍ പിടിച്ചുകൊണ്ടുപോയാണ് മര്‍ദ്ദനം. തടയാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയ്‌ക്ക് പരിക്കേറ്റത്.
വാഹനത്തില്‍ തട്ടിക്കൊണ്ട് പോകുന്ന സമയത്ത് പ്രതികള്‍ യുവാവിന്റെ ബോധം നഷ്ടമാകുന്നത് വരെ മര്‍ദ്ദിച്ചു. പോലിസ് എത്തിയാണ് നിധീഷിനെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.
















