കോട്ടയം: തോട്ടിലെ പോളയും മാലിന്യവും നീക്കാതെ നഗരസഭ. പോളയും മാലിന്യവും നീക്കിയെന്ന് പാര്‍ട്ടിപത്രവും സിപിഎം നഗരസഭ അംഗവും. കാരാപ്പുഴ വലിയ പാലത്തിന് താഴെ അടിഞ്ഞുകൂടിയ പോളയും മാലിന്യവുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. സമീപവാസികളായ 55 വീട്ടുകാരാണ് പോളശല്യം മൂലം ദുരിതത്തിലായത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി പോള നീക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വലിയ അളവില്‍ പോളയും മാലിന്യവും അടിഞ്ഞുകൂടിയതിനാല്‍ യന്ത്രം ഉപയോഗിച്ചേ പൂര്‍ണ്ണമായും നീക്കാന്‍ കഴിയു. നാട്ടുകാരില്‍ ചിലര്‍ പോള നീക്കാന്‍ ശ്രമിക്കുന്ന ചിത്രമെടുത്ത് സിപിഎം നഗരസഭ അംഗം പാര്‍ട്ടിപത്രത്തില്‍ വാര്‍ത്തയും ചിത്രവും നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും പോളയും മാലിന്യവും മാറില്ലല്ലോ. പോളയും മാലിന്യവും അതുപോലെ തന്നെ വലിയ പാലത്തിന് താഴെ അടിഞ്ഞുകൂടിക്കിടക്കുന്നു. സമീപപ്രദേശത്ത് താമസിക്കുന്ന വീടുകളില്‍ ഇതുമൂലം വെള്ളം കയറുന്നതായും മഴക്കാലമായാല്‍ ജീവിതം ദുരിതപൂര്‍വ്വമാണെന്നും ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സുരേഷ് കുമാര്‍ പറഞ്ഞു.
പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
















