കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ എംപി എ. സമ്പത്തിന് ക്യാബിനറ്റ് റാങ്കോടു കൂടിയ പദവി നല്‍കുന്നതില്‍ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കണക്കു പറഞ്ഞു വാങ്ങാന്‍ ഈ നിയമനം ഉപകരിക്കുമെന്നാണ് ജയശങ്കര്‍ തന്റെ എഫ്ബി പോസ്റ്റിലൂടെ പരിഹസിച്ചു.
സമ്പത്തിനെ കേരളത്തിന്റെ ഹൈക്കമ്മീഷണറായി നിയമിക്കുന്നതോടെ സഖാവിന്റെ തൊഴിലില്ലായ്‌മ പരിഹരിക്കാനും അടൂര്‍ പ്രകാശിനെ ജയിപ്പിച്ചു വിട്ട ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ തോല്‍പ്പിക്കാനും സാധിച്ചു.
പാലക്കാട്ടെ തോറ്റ എംപിയെ ചെന്നൈയിലും ആലത്തൂരെ തോറ്റ എംപിയെ ബെംഗളൂരുവിലും നിയമിക്കാമെങ്കില്‍ അവരുടെ സങ്കടവും മാറും. അയല്‍ സംസ്ഥാനങ്ങളുമായുള്ള കേരളത്തിന്റെ ബന്ധവും മെച്ചപ്പെടും. തൃശൂരില്‍ തോറ്റ എംപിയെ പോണ്ടിച്ചേരിയില്‍ നിയമിക്കുന്നപക്ഷം സിപിഐക്കാര്‍ക്കും സന്തോഷമാകും.
കണ്ണൂരില്‍ തോറ്റ എംപിയുടെ കഴിവും പ്രാഗത്ഭ്യവും ഭാഷാ പരിജ്ഞാനവും പരിഗണിച്ച് സഖാവിനെ അമേരിക്കയിലെ കേരളത്തിന്റെ അംബാസിഡറോ ഐക്യരാഷ്‌ട്ര സഭയിലെ സംസ്ഥാനത്തിന്റെ സ്ഥിരം പ്രതിനിധിയോ ആയി നിയമിക്കണമെന്നും ജയശങ്കറിന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നത്.
















