തിരുവനന്തപുരം: രാഷ്‌ട്രീയ സ്വയംസേവക സംഘം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകരാഷ്‌ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് ആര്‍എസ്എസ് ക്ഷേത്രിയ ശാരീരിക് പ്രമുഖ് ഒ.കെ. മോഹന്‍ പറഞ്ഞു.
ശ്രീകാര്യത്തിന് സമീപം കല്ലമ്പള്ളിയില്‍ സിപിഎമ്മുകാര്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് ബസ്തി കാര്യവാഹ് കല്ലമ്പള്ളി രാജേഷിന്റെ രണ്ടാം സ്മൃതിദിനത്തില്‍ ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജേഷിനെ പോലെയുള്ള സംഘപ്രവര്‍ത്തകരുടെ ജനകീയപ്രവര്‍ത്തനങ്ങള്‍ കണ്ട് വിറളി പൂണ്ട സിപിഎമ്മുകാര്‍ സംഘപ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിന് ഉദാഹരണമാണ് രാജേഷിന്റെ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് രാജേഷിന്റെ ചിത്രത്തിന് മുന്നില്‍ സംഘപ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
തന്റെ മകന്റെ ചിത്രത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേഷിന്റെ അമ്മ പുഷ്പാര്‍ച്ചന നടത്തിയത്. സ്മൃതിദിന ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷനും ആര്‍എസ്എസ് ശ്രീകാര്യം നഗര്‍ സംഘചാലകുമായ കെ.വി. രാജശേഖരന്‍, രാജേഷിന്റെ പിതാവ് സുദര്‍ശനന്‍, മാതാവ് ലതിക, രാജേഷിന്റെ ഭാര്യ റീന, മക്കളായ ആദിത്യന്‍, അഭിഷേക്, സഹോദരങ്ങളായ രാജീവ്, രാജി തുടങ്ങിയവരും പങ്കെടുത്തു. നിരവധി സംഘപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നുറുക്കണക്കിനാളുകളാണ് സ്മൃതിദിന ചടങ്ങിനെത്തിയത്.
















