തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികളായ എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നതിനായി കേരള സര്‍വ്വകലാശാലയിലെ ഉത്തരക്കടലാസുകള്‍ തൂക്കി വില്‍ക്കാന്‍ ശ്രമം നടത്തുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ എഴുതിയ ബിഎ പരീക്ഷയുടേതുള്‍പ്പെടെ ഉത്തരക്കടലാസുകളാണ് വില്‍ക്കാന്‍ പോകുന്നത്. ഉത്തരക്കടലാസില്‍ തിരുമറി നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോളാണ് ഈ ഉത്തരക്കടലാസുകള്‍ സര്‍വ്വകാലാശാല ധൃതി പിടിച്ച് തൂക്കി വില്‍ക്കാന്‍ ശ്രമിക്കുന്നത്.
കൂടാതെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉപയോഗിക്കാത്ത ഉത്തരക്കടലാസുകള്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ എഴുതിയ ബിരുദ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്‌ക്ക് അയയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോപണവിധേയരുടെ കയ്യെഴുത്ത് ഒത്തു നോക്കുന്നതിനും മറ്റും ഉത്തരക്കടലാസ് ആവശ്യമാണെന്നിരിക്കേയാണ് സര്‍വ്വകലാശാലയുടെ ഈ നീക്കം.
അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകളുടെ വില്‍പ്പന തടയുന്നതിനുള്ള നിര്‍ദ്ദേശമൊന്നും അധികൃതര്‍ പരീക്ഷാ വിഭാഗത്തിനു നല്‍കാത്തതിലും ദുരൂഹത ഉയരുന്നുണ്ട്. ഉത്തരക്കടലാസുകള്‍ ലഭ്യമാകാതെ വന്നാല്‍ അന്വേഷണം വഴിമുട്ടും. പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയും ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല.
















