സദാ കാലവും ശ്രദ്ധാഭക്തികളോടെ ഒരിക്കലും പിരിയാതെ കൂടെ കഴിഞ്ഞ് സേവകളിലൂടെ അന്തഃകരണശുദ്ധി കൈവന്ന ലക്ഷ്മണനോട് രാമന്‍ അതിഗൂഢമായ തത്വങ്ങളാണ് ഉപദേശിച്ചത്.
അയോദ്ധ്യാകാണ്ഡത്തില്‍ ഇത് വളരെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ലക്ഷ്മണോപദേശത്തില്‍ സര്‍വ്വ ശാസ്ത്രങ്ങളും, വേദാന്തതത്വങ്ങളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. വേദാന്ത പ്രക്രിയയിലെ ഒട്ടനവധി ഭാഗങ്ങള്‍ സ്പര്‍ശിച്ചുകൊണ്ടാണ് രാമന്‍ ഉപദേശിക്കുന്നത്.
ഇവിടെ, ലക്ഷ്മണനെന്ന ഉത്തമ ശിഷ്യനെ (സഹോദരനെന്നതിലുപരി) മനസ്സിലാക്കിയ രാമന്‍ (ഗുരുസ്ഥാനത്തിരുന്നു) ഉപദേശിക്കുകയാണ്. സര്‍വ ഗുണസമ്പന്നനാണ് ലക്ഷ്മണന്‍. അതീവ ശ്രദ്ധയോടെ ഭക്ത്യാദരപൂര്‍വ്വം ജീവിച്ച് പാത്രത്വത്തെ നേടിയ ലക്ഷ്മണന് ഇത്തരത്തിലല്ലാതെന്തുപദേശിക്കാന്‍?
ഈ പ്രപഞ്ചത്തിന്റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിക്കാന്‍,
“ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ” എന്ന് ഉപദേശിക്കുന്നു. ഭോഗങ്ങളോ? ചുട്ടുപഴുത്ത ലോഹത്തില്‍ വീണ വെള്ളത്തുള്ളിയോടാണ് ഭോഗങ്ങളെ ഉപമിച്ചത്. അത്രത്തോളം ക്ഷണഭംഗുരമാണ്-ക്ഷണികമാണ്- ജീവിതമെന്ന് ഉപദേശിക്കുന്നു.
നാം ഇടയ്‌ക്കിടയ്‌ക്ക് ഇവിടെ വഴിപോക്കരെപ്പോലെ ഒത്തുചേരുകയും പിരിയുകയും ചെയ്യുന്നു. ‘പാന്ഥര്‍ പെരുവഴിയമ്പലം തന്നിലെ……..’ എന്ന വരികളിലൂടെ വ്യക്തമാക്കുന്നു.
ഐശ്വര്യവും പുത്രകളത്രാദികളും യൗവനം തുടങ്ങിയ അവസ്ഥകളും നിലനില്‍ക്കാത്തതാണ്. രാമന്റെ ഉപദേശത്തില്‍ ഒരു ജിജ്ഞാസു അറിഞ്ഞിരിക്കേണ്ടതായ സകല മേഖലകളെയും സ്പര്‍ശിക്കുന്നുണ്ട്. ഈ പ്രപഞ്ചവും ആയുസ്സും സുഖഭോഗങ്ങളും ബന്ധങ്ങളും സംസാരത്തിനു കാരണമായ അവിദ്യയും കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും സംസാരത്തില്‍നിന്നു മുക്തി നേടിത്തരുന്ന വിദ്യയും കാമക്രോധ മദമാത്സര്യങ്ങളും എന്നുവേണ്ട എത്രയോ പ്രക്രിയകളിലൂടെ-വിഷയങ്ങളിലൂടെ ലക്ഷ്മണനെ നയിക്കുകയാണിവിടെ. ഇതിന്റെയൊക്കെ നിസ്സാരത മനസ്സിലാക്കി മനഃശാന്തിക്കു വേണ്ടതായ സാധനകളില്‍ മുഴുകാനും ഉപദേശിച്ചു. അനന്തരം നിര്‍മ്മലമായ പരമാത്മാവിനെത്തന്നെ ഭജിച്ചു കഴിയാന്‍ പറയുന്നു.
ഇവിടെ, വളരെ കാലത്തെ സഹവാസം ഗുരുശിഷ്യന്മാരേതിനോട് ചേര്‍ത്ത് മനസ്സിലാക്കാം.
രാമന്റെ സ്വരൂപം മനസ്സിലാക്കിയ ലക്ഷ്മണന് ശിഷ്യത്വം കൈവന്നതിനാലാണ് ഈ ഉപദേശങ്ങളെല്ലാം സിദ്ധിച്ചത്. അതിനാല്‍ സല്‍ക്കര്‍മ്മനിരതരായി സദ്വിചാരനിരതനായി ശിഷ്യത്വം കൈവരിക്കാന്‍ പരിശ്രമിക്കണമെന്ന് മനസ്സിലാക്കാം. അത്തരത്തുലുള്ളവരിലേയ്‌ക്ക്, എളിമയുടെ കേദാരത്തിലേയ്‌ക്ക് വിദ്യകള്‍ പകരുന്നു. അത് സര്‍വ അജ്ഞാനങ്ങളും സര്‍വ ദുഃഖങ്ങളും സര്‍വ പാപങ്ങളും കഴുകിക്കളയാന്‍ പര്യാപ്തമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: