അങ്ങനെ കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും വിരാമമായി. ഏറ്റവും വലിയകക്ഷിയായ ബിജെപിയെ മുമ്പ് താഴെയിറക്കിയ നിയമസഭതന്നെ ഒന്നര വര്‍ഷത്തിന് ശേഷം അവരില്‍ വിശ്വാസം രേഖപ്പെടുത്തി. അന്നുതാഴെയിറങ്ങിയ യെദിയുരപ്പ വീണ്ടും മുഖ്യമന്ത്രിയായി. പകയും പിടിവാശിയും കൊണ്ടുമാത്രം ഭരണം മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് അവിടെ സഭയിലും പുറത്തും നടന്ന സംഭവങ്ങള്‍. സുസ്ഥിര ഭരണത്തിന് സുസ്ഥിര സര്‍ക്കാര്‍ വേണം. അതിന് സഭയില്‍ അംഗബലം വേണം. അതുവേണമെങ്കില്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കണം.
അതില്ലാത്തവര്‍ താത്ക്കാലിക നേട്ടത്തിനായി ഉണ്ടാക്കുന്ന ഏച്ചുകെട്ടലുകള്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ജനകീയ ഭരണവ്യവസ്ഥയുടെ ഈ പ്രാഥമികപാഠം കോണ്‍ഗ്രസ്സും സഖ്യകക്ഷിയായ ജനതാദള്‍ എസും പഠിച്ചുവരുന്നതേയുള്ളു. ജനങ്ങള്‍ തിരസ്കരിച്ച പാര്‍ട്ടികളുടെ സഖ്യമായിരുന്നു കോണ്‍ഗ്രസും ജനതാദള്‍ എസും ചേര്‍ന്ന ഭരണമുന്നണി. അതും, ഭരണം കൈവിട്ടുപോയി എന്ന് ബോധ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തട്ടിക്കൂട്ടിയ സഖ്യം.
തുടക്കംമുതല്‍ താളപ്പിഴകളിലൂടെ മുന്നോട്ടുപോയ ആ സര്‍ക്കാരിന് ആയുസ്സില്ലെന്ന് അന്നേബോധ്യമായിരുന്നു. ബിജെപി എന്ന രാഷ്ട്രീയ കക്ഷിയോടുള്ള എതിര്‍പ്പിന് അപ്പുറം കാര്യമായ ചേര്‍ച്ചയൊന്നും ആ കക്ഷികള്‍ തമ്മിലില്ലായിരുന്നു. ജനങ്ങള്‍ക്കുവേണ്ടത് ഭരണവും വികസനവും സ്വസ്ഥതയും സുരക്ഷിതത്വവുമാണെന്ന ബോധ്യം ഭരണകര്‍ത്താക്കള്‍ക്കും ഇല്ലായിരുന്നു.
കോണ്‍ഗ്രസിന്റെ ബിജെപി വിരോധം കൊണ്ടുമാത്രം ദാനമായികിട്ടിയ മുഖ്യമന്ത്രിക്കസേരയിലാണ് കുമാരസ്വാമി ഇത്രനാളും ഇരുന്നത്. തന്റെ മകന് ഒരിക്കലും സ്വസ്ഥത കിട്ടിയിരുന്നില്ലെന്ന് വിലപിച്ചത് കുമാരസ്വാമിയുടെ അച്ഛന് ദേവഗൗഡയാണ്. മകനെക്കുറിച്ച് വിലപിക്കുന്ന അച്ഛനെയോ അച്ഛനെ സന്തോഷിപ്പിക്കുന്ന മകനേയോ അല്ല ജനങ്ങള്‍ക്ക് ആവശ്യമെന്ന കാര്യം, മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രിയുമൊക്കെയായ ദേവഗൗഡ മറന്നുപോയി.
തമ്മിലടിക്കുന്ന ഗ്രൂപ്പിന്റെ നേതാവിനെയല്ല, നാടുഭരിക്കുന്നൊരു ഭരണാധികാരിയേയാണ് ജനം ഭരണതലപ്പത്ത് കാണാനാഗ്രഹിച്ചത്. അതാകാന്‍ കുമാരസ്വാമിക്ക് കഴിഞ്ഞില്ലെങ്കില്‍ ആ ഭരണം ജനം തള്ളിക്കളയും. അതിന് അവര്‍ക്ക് അവകാശമുണ്ട്. ജനത്തിന്റെ പ്രതിനിധികളാണല്ലോ സാമാജികര്‍. അവര്‍ ജനഹിതം മനസ്സിലാക്കിയെന്ന് കരുതിയാല്‍മതി. അതുതന്നെയാണ് കുമാരസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയത്. അതിന്റെപേരില്‍ ബിജെപിക്കുനേരേ വാളെടുക്കുന്നത് യാഥാര്‍ഥ്യം മനസ്സിലാക്കുന്നതില്‍ വീണ്ടും പരാജയപ്പെട്ടതുകൊണ്ടാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറിയത് അറിയാത്തവരാണ് ഇന്നത്തെ പ്രതിപക്ഷകക്ഷികളും അവരെ നയിക്കുന്നവരും. അവരിന്നും പ്രസ്താവനകളുടെയും പ്രഖ്യാപനങ്ങളുടെയും ലോകത്താണ്. എഴുതിക്കൂട്ടുന്ന കണക്കുകള്‍ക്കപ്പുറം ചില യാഥാര്‍ഥ്യങ്ങളുണ്ട്. നേതാക്കളൊന്നിച്ചാല് ജനങ്ങള്‍ ഒപ്പംനില്‍ക്കുന്ന കാലം മാറി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തങ്ങള്‍ക്ക് എന്തുനല്കുന്നു എന്ന് ചിന്തിച്ചു മനസ്സിലാക്കാന്‍ ജനം പഠിച്ചു.
ജനങ്ങളുമായി നേരിട്ടുസംവദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, അടിത്തട്ടില്‍ വരുത്തിയ മാറ്റമാണ് ഭരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്നത്. ചുറ്റും നടക്കുന്നതിനെക്കുറിച്ച് കണ്ടും കേട്ടും അവര്‍ അറിഞ്ഞുതുടങ്ങി. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി സ്വന്തംനാടിനെ താരതമ്യം ചെയ്യാനും പഠിച്ചു. പറഞ്ഞാല്പോര പ്രവര്‍ത്തിച്ചുകാണിക്കണം എന്നതിലേക്കുമാറി ഇന്ത്യന്‍ രാഷ്ട്രീയം. അവിടെ ജനവിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനങ്ങളുടെ മനസ്സറിയണം. നേതാവിന്റെ വ്യക്തിപ്രഭാവത്തിനേക്കാളധികം പ്രാധാന്യം ജനങ്ങളുടെ വിശ്വാസത്തിന് കൈവരുന്ന കാലത്തിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. അത് മനസ്സിലാക്കാത്തവര്‍ ഇനിയും പിന്തള്ളപ്പെട്ടുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: