തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട കേരളാ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റര്‍ കൈയടക്കി വാഴുന്നത് എസ്എഫ്‌ഐ നേതാക്കളും കുട്ടി സഖാക്കളും. വിദ്യാര്‍ഥികളുടെ സാമൂഹികവും കലാപരവുമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1961 ലാണ് കേരളസര്‍വകലാശാലയുടെ യൂത്ത് വെല്‍ഫെയര്‍ വിഭാഗം നിലവില്‍ വന്നത്.
സര്‍വകലാശാലയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റുഡന്റ്‌സ് യൂണിയന്‍ നിലവില്‍ വന്നതും 1961ലാണ്. പിന്നീട് യുവജനക്ഷേമ വിഭാഗം സ്റ്റുഡന്റ്‌സ് സര്‍വീസസ് എന്നായി മാറി. വിദ്യാര്‍ഥി പ്രതിനിധികള്‍ ഉള്‍പ്പെട്ട സ്റ്റുഡന്റ്‌സ് യൂണിയനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടറാണ്.
സ്റ്റുഡന്റ്‌സ് യൂണിയന്‍, സ്റ്റുഡന്റ്‌സ് സര്‍വീസസ് ഡയറക്ടര്‍ ഓഫീസ് എന്നിവ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം പിഎംജിയിലെ സ്റ്റുഡന്റ്‌സ് സെന്ററിലാണ്. സ്റ്റുഡന്റ്‌സ് സെന്ററിന്റെ താഴത്തെ നിലയിലാണ് സ്റ്റുഡന്റ്‌സ് ഡയറക്ടറുടെ ഓഫീസ്. സ്റ്റുഡന്റ്‌സ് യൂണിയനൂം ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് രണ്ടാമത്തെ നിലയിലും. യൂണിവേഴ്‌സിറ്റി കോളേജ് എന്നപോലെ തന്നെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗുണ്ടാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന മറ്റൊരു താവളമാണ് ഈ സ്റ്റുഡന്റ്‌സ് സെന്റര്‍.
യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ കൃത്യത്തിന് ശേഷം പോയതും ഈ സ്റ്റുഡന്റ്‌സ് സെന്ററിലേയ്‌ക്കാണ്. പിന്നീട് ഇവിടെ നിന്നാണ് പ്രതികള്‍ ഒളിവില്‍ പോയത്. ജില്ലയിലെ മറ്റ് കോളേജില്‍ നിന്നുള്ള എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ സ്ഥിരം ഇവിടെ തമ്പടിക്കാറാണ് പതിവ്. യൂണിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്ത കത്തിയും ഇരുമ്പ് ദണ്ഡും പോലുള്ള ആയുധങ്ങള്‍ എസ്എഫ്‌ഐ നേതാക്കള്‍ ഇവിടെയും സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.
















