മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിനോയ് കോടിയേരി ഇന്നും രക്ത സാമ്പിള്‍ നല്‍കിയില്ല. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് മുംബൈയിലെ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഇന്നു രാവിലെ ബിനോയ് ഹാജരായത്. എന്നാല്‍ ഡി.എന്‍.എ പരിശോധനയ്‌ക്ക് പോലീസ് ആവശ്യപ്പെട്ടെങ്കിലും തനിക്ക് രോഗമാണെന്ന് പറഞ്ഞ് ബിനോയ് ഒഴിയുകയായിരുന്നു.
പീഡന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാനുള്ള ഹര്‍ജിയിലെ തീരുമാനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാമെന്നും ബിനോയ് വ്യക്തമാക്കി. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായയിരുന്നു രക്തസാമ്പിള്‍ നല്‍കാതിരുന്നത് ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ ചൂണ്ടിക്കാട്ടിയാണ് രക്തസാമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് വ്യക്തമാക്കിയത്. ഇന്ന് ഉച്ചയോടെ കോടതി കേസ് പരിഗണിക്കും. രക്ത സാമ്പിള്‍ നല്‍കാത്ത ബിനോയിയുടെ നടപടി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരിയായ യുവതിയും അഭിഭാഷകനും ആരോപിച്ചിരുന്നു.
യുവതി സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ട ബിനോയിയുമൊന്നിച്ചുള്ള ഫോട്ടാകള്‍ ബിനോയിയുടെ വാദങ്ങള്‍ കളവെന്നതിന് തെളിവാണെന്നും അഭിഭാഷകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിനോയിയും യുവതിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പോലീസിന് നല്‍കിയിട്ടുണ്ട്. ഇത് കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
















