തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസിലെ 12ാം പ്രതി പെരിങ്ങമല കല്ലിയൂര്‍ കുളത്തിന്‍കര ശാന്തിഭവനില്‍ എസ്.എസ് അക്ഷയ് (19) ആണ് അറസ്റ്റിലായത്. ഇയാളെ ശനിയാഴ്‌ച്ച രാത്രി വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ഏഴായി.
നേരത്തെ കേസിലെ ഒന്നാം പ്രതിയും കോളജ് യൂനിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത്, രണ്ടാം പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ നസീം യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, ആരോമല്‍, ആദില്‍, ഇജാബ് എന്നിവരെ കന്‍റോണ്‍മെന്‍റ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഇജാബ് ഒഴികെയുള്ളവര്‍ കീഴടങ്ങുകയായിരുന്നു. കോളജിലെ എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്നു ഇപ്പോള്‍ പിടിയിലായ പ്രതി അക്ഷയ്.
കോളജിലെ മൂന്നാംവര്‍ഷ പൊളിറ്റിക്‌സ് വിദ്യാര്‍ഥിയായ അഖില്‍ ചന്ദ്രനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഇനി 11 പേര്‍ കൂടി പിടിയിലാകാനുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ ഏഴ് വിദ്യാര്‍ഥികളും സംസ്‌കൃത കോളജിലെ രണ്ടുപേരും പുറമെ നിന്നുള്ള രണ്ടുപേരെയുമാണ് പൊലിസ് തെരയുന്നത്. ഇവര്‍ ഒളിവിലെന്നാണ് പൊലിസ് ഭാഷ്യം.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അതേസമയം കോളജിലെ യൂനിറ്റ് മുറിയില്‍ നിന്നും റൂമില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. ഉത്തരക്കടലാസ് ഇനിയും പൊലിസിന് കൈമാറിയിട്ടില്ല. ഇതേക്കുറിച്ച് കോളജ് അധികൃതര്‍ വിവരം നല്‍കിയിട്ടില്ലെന്ന് കന്‍റോണ്‍മെന്‍റ് പൊലിസ് പറഞ്ഞു.
















