‘വിവരാവകാശ നിയമ ബില്ലിന്മേല് പ്രതിപക്ഷ ഐക്യം സര്‍ക്കാര്‍ തകര്‍ത്തു. നവീന്‍ പട്നായിക്ക്, കെ. ചന്ദ്രശേഖര റാവു എന്നിവരെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് പിന്തുണ ഉറപ്പാക്കി. ആര്‍ടിഐ നിയമഭേദഗതി പാസ്സാക്കാനുള്ള പിന്തുണ ഇപ്പോള്‍ സര്‍ക്കാരിനുണ്ട്. ഇതിപ്പോള്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷമില്ലാത്ത അവസ്ഥയായി, ഗുജറാത്തില്‍ മുന്‍പ് ഉണ്ടായിരുന്നതുപോലെ. അവസാനത്തെ കോട്ട, രാജ്യസഭയും, വീണിരിക്കുന്നു’. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ ട്വീറ്റ് ആണിത്. അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടതില്ല. കോണ്‍ഗ്രസുകാരുടെ, അല്ല ഇറ്റാലിയന്‍ പരിവാറിന്റെ വിശ്വസ്തന്. അതിനപ്പുറം കടുത്ത ബിജെപി-നരേന്ദ്രമോദി വിരോധി. വിവരാവകാശ നിയമ ഭേദഗതി രാജ്യസഭയില്‍ പാസ്സാവുന്നതിലുള്ള അരിശവും വേദനയും ദു:ഖവുമൊക്കെ ആ ട്വീറ്റില്‍ പ്രകടമാണല്ലോ. സര്‍ക്കാരിന് അവിടെ ഒരു നിയമം പാസാക്കിയെടുക്കാന്‍ കഴിയുന്നതിലുള്ള വിഷമം. ഇത് മറ്റൊരുവിധത്തിലും വിലയിരുത്തപ്പെടേണ്ടതുണ്ട്… ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഉണ്ടായിരിക്കുന്ന രാഷ്ട്രീയ മാറ്റമാണത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്, ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍, രാജ്യസഭയിലെ കൃത്രിമ അംഗബലംകൊണ്ട് പ്രതിപക്ഷം സര്‍ക്കാരിനെ വലയ്ക്കുകയായിരുന്നു. അതിനിപ്പോള്‍ മാറ്റംവരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണം നിര്‍വഹിക്കാനുള്ള അവസരവും അധികാരവുമുള്ളത്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായത് വ്യക്തമായ ഭൂരിപക്ഷത്തോടെയാണല്ലോ. കുറേനാളുകള്‍ക്ക് ശേഷമാണ് ഒരൊറ്റകക്ഷിക്ക് ലോകസഭയില്‍ ഭൂരിപക്ഷം ലഭിക്കുന്നതും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആ പൊതുതെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റു. എന്നാല്‍ രാജ്യസഭയില്‍ അവര്‍ക്ക് ആള്ബലമുണ്ടായിരുന്നു. അന്ന് രാജ്യസഭയില്‍ എന്‍ഡിഎയ്ക്കുണ്ടായിരുന്നത് വെറും 60 എംപിമാരാണ്. അതില്‍ 45 പേര് ബിജെപിക്കാര്‍. 245 അംഗസഭയില്‍ മൂന്നിലൊന്ന് പിന്തുണമാത്രം. ജനങ്ങളാല്‍ തോല്പ്പിക്കപ്പെട്ടവര്, ജനങ്ങളാല്‍ വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടവരെ രാജ്യസഭയിലെ കൃത്രിമ ഭൂരിപക്ഷം ഉപയോഗിച്ച് നേരിടാന്‍ തീരുമാനിച്ചാലോ? അതാണ് യഥാര്‍ഥത്തില്‍ നടന്നത്.
ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ ഇത്തരത്തിലുള്ള നീക്കം ഒരു പുതിയ അനുഭവമായിരുന്നു. ലോകസഭയില്‍ ഭൂരിപക്ഷമുള്ളവര്‍ക്ക് രാജ്യസഭയില്‍ വേണ്ടത്ര പിന്തുണയില്ലാത്ത അവസ്ഥ മുന്‍പുമുണ്ടായിട്ടുണ്ട്. ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ കാലം അതിനൊരു ഉദാഹരണമാണ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്തും നാം അത് കണ്ടതാണ്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അവര്‍ക്ക് ഉപരിസഭയില്‍ ഭൂരിപക്ഷം ഇല്ലായിരുന്നല്ലോ. അന്നൊക്കെ ജനങ്ങള്‍ നല്കിയ വിധിയെഴുത്തിനോട് നീതിപുലര്‍ത്താന്‍ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ തയ്യാറായിരുന്നു. സര്‍ക്കാരിനൊപ്പം രാജ്യതാല്പര്യത്തിനായി നീങ്ങുക എന്നതായിരുന്നു അന്നൊക്കെ പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാട്. എതിര്‍ക്കേണ്ടതിനെ എതിര്‍ക്കുമ്പോള്‍ തന്നെ രാജ്യതാല്പര്യം നോക്കി നിയമ നിര്‍മ്മാണങ്ങള്‍ക്കൊക്കെ പിന്തുണ നല്‍കിയിരുന്നു. പക്ഷെ, ഇവിടെ സോണിയ പരിവാര്‍ കരുതുന്നത്, തങ്ങളാണ് ഇന്ത്യ ഭരിക്കാന്‍ അധികാരവും അവകാശവുമുള്ള ഏക പാര്‍ട്ടി എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെവരെ അവര്‍ പലവട്ടം ആക്ഷേപിച്ചു. സഭയില്‍വന്ന് പ്രധാനമന്ത്രി മറുപടി നല്‍കണം എന്ന് വാശിപിടിച്ച പ്രതിപക്ഷം പക്ഷെ മോദി മറുപടിക്കായി എഴുന്നേറ്റപ്പോള്‍ ഇറങ്ങിപ്പോയ അനുഭവവും ഉണ്ടായി. ഇക്കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രകടിപ്പിച്ചുള്ള ചര്‍ച്ചക്ക് മറുപടി പറയവേ നരേന്ദ്രമോദി രാജ്യസഭയില്‍ പ്രതിപക്ഷത്തോട് സൂചിപ്പിച്ചത് എടുത്തുപറയേണ്ടതാണ്. ‘ഈ സഭയില്‍ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇപ്പോഴും നിങ്ങള്‍ക്കുമുന്നില്‍ കെഞ്ചേണ്ട അവസ്ഥയാണല്ലോ ഉള്ളത്. ഞങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷമില്ലാത്തതുകൊണ്ടാണത്’. യഥാര്‍ഥത്തില്‍ തമാശ രൂപേണയാണ് അദ്ദേഹം അത് പറഞ്ഞതെങ്കിലും ആ ഹൃദയത്തില്‍ വേദന തളംകെട്ടിയിരുന്നു എന്ന് വ്യക്തം. മുന്‍പ് ഒരു പ്രധാനമന്ത്രിക്കും ഇതുപോലെ സംസാരിക്കേണ്ടി വന്നിരിക്കില്ലതാനും.
ഒരുകാര്യം സമ്മതിക്കുന്നു, ജനാധിപത്യ സംവിധാനത്തില്‍ ചര്‍ച്ചകളാണ് നടക്കേണ്ടത്. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ക്ക് മോദിസര്‍ക്കാര്‍ എന്നും തയ്യാറായിരുന്നു. പക്ഷെ നരേന്ദ്രമോദി അധികാരമേറ്റശേഷം പ്രതിപക്ഷത്തുകണ്ടത് ഒരുതരം പ്രതികാരമനോഭാവമായിരുന്നു. കനത്ത തോല്‍വി സമ്മാനിച്ച നിരാശാബോധത്തില്‍നിന്ന് ഉടലെടുത്ത പ്രതികാരം. അത് സോണിയ ഗാന്ധിയുടെ മുഖത്ത് പലപ്പോഴും പ്രകടമാവുകയും ചെയ്തിട്ടുണ്ട്. തങ്ങളെ അവഗണിച്ചുകൊണ്ട് രാജ്യം ഭരിക്കാനാവില്ല എന്ന സന്ദേശം സര്‍ക്കാരിന് നല്‍കാനാണ് അവര്‍ ശ്രമിച്ചിരുന്നത് എന്നുതോന്നുന്നു. ഇവിടെ നാം ഓര്‍ക്കേണ്ടത്, 2014ലും ഇപ്പോഴും പ്രതിപക്ഷ നേതാവാകാനുള്ള അര്‍ഹതക്ക് ആവശ്യമുള്ളത്ര സീറ്റുകള്‍ ലോകസഭയില്‍ നേടാന്‍പോലും ഇവര്‍ക്കായിരുന്നില്ല എന്നതാണ്. തോറ്റ് തുന്നംപാടി എന്നൊക്കെ സാധാരണ പറയാറില്ലേ. അതാണ് തെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ തിരിച്ചടി. അപ്പോള്‍ ചര്‍ച്ചകള്‍ നടന്നതുകൊണ്ട് പ്രയോജനമില്ലെന്ന് അവര്‍ തീരുമാനിച്ചു. പിന്നെന്താണ് മാര്‍ഗം? സഭ സ്തംഭിപ്പിക്കല്‍. ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്ത്, രാവിലെ സഭ സമ്മേളിക്കുമ്പോള്‍ എന്തെങ്കിലും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് നടുത്തളത്തില്‍ ഇറങ്ങലായിരുന്നു പദ്ധതി. ലോക്സഭയില്‍ അതൊക്കെ അവഗണിച്ചുകൊണ്ട് കാര്യപരിപാടികള്‍ കുറെയൊക്കെ നടന്നു. എന്നാല്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് വിചാരിക്കുന്നതെ നടക്കൂ എന്നതായിരുന്നല്ലോ അന്നത്തെ അവസ്ഥ. രാജ്യസഭയില്‍ സഭാധ്യക്ഷന് ഉപരാഷ്ട്രപതിയാണ്… ഹമീദ് അന്സാരിയായിരുന്നല്ലോ അക്കാലത്ത് ആ കസേരയില്‍. വൈസ് ചെയര്മാന് അന്ന് പി.ജെ. കുര്യനായിരുന്നു. കുര്യന് പിന്നെയും കുറെയൊക്കെ സര്‍ക്കാര്‍ പക്ഷത്തെ ചിന്തകളോട് സഹകരിച്ചു. ഹമീദ് അന്‍സാരിയില്‍ അത് ഒരിക്കലും കണ്ടിരുന്നില്ല. അതുകൊണ്ട് പ്രതിപക്ഷവും ഉപരാഷ്ട്രപതിയും ഒക്കെ സര്‍ക്കാരിനെ വേട്ടയാടിയിരുന്ന കാഴ്ചയാണ് ഒന്നാം മോദിസര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നത്. ഒരു ലോകസഭയുടെ കാലഘട്ടത്തില്‍, അഞ്ച് വര്‍ഷക്കാലത്തിനിടെ, സാധാരണയായി 468 ദിവസം സമ്മേളിക്കാറുണ്ട്. അതാണ് ഒരു ഇന്ത്യന്‍ ശരാശരി. എന്നാല്‍ ഒന്നാം മോദിസര്‍ക്കാരിന്റെ കാലഘട്ടത്തില്‍ അത് 331 മാത്രമായിരുന്നു. എന്താണ് പ്രതിപക്ഷം ചെയ്തതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അതും ബിജെപിക്ക് തനിച്ചുഭൂരിപക്ഷമുള്ള ഒരു സഭയില്‍.
ഇന്നിപ്പോള്‍ ലോകസഭയില്‍ കാര്യങ്ങള്‍ കുറെയേറെ മാറിയിട്ടുണ്ട്. ഇപ്പോഴത്തെ സ്പീക്കര്‍ ഓം ബിര്‍ളക്ക് അതില്‍ വലിയപങ്കുമുണ്ട്. സഭയില്‍ വലിയതോതില്‍ അച്ചടക്കം പാലിക്കപ്പെടുന്നു. ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നില്ല എന്ന് അദ്ദേഹത്തിന് ഉറപ്പുവരുത്താനാവുന്നു. ബഹളമുണ്ടാക്കുന്നവരെ നിലക്കുനിര്‍ത്താനും സാധിക്കുന്നുണ്ട്. രാജ്യസഭയില്‍ വെങ്കയ്യ നായിഡു സഭാധ്യക്ഷനായത് മാറ്റത്തിന് വഴിവെച്ചു. പിന്നാലെ വൈസ് ചെയര്‍മാനായി ജെഡി-യുവിലെ ഹരിവംശ് നാരായണ്‍ സിങും എത്തി. അതോടെ കോണ്‍ഗ്രസ് ആധിപത്യം അവിടെ അവസാനിച്ചു. പക്ഷെ അപ്പോഴും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം അകലെയായിരുന്നു. എന്നാല്‍ അടുത്തിടെകണ്ട ഒരു മാറ്റം, രണ്ടാം മോദിസര്‍ക്കാര്‍ വന്നതിനുശേഷം പ്രാദേശിക കക്ഷികള്‍ സഭയില്‍ കൂടുതലായി സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാവുന്നുണ്ട്. ആര്‍ടിഐ നിയമ ഭേദഗതി അട്ടിമറിക്കാന്‍ അല്ലെങ്കില്‍ വൈകിപ്പിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോള്‍ സര്‍ക്കാരിന് സഹായമേകിയത് എന്‍ഡിഎയുടെ ഭാഗമല്ലാത്ത ടിആര്‍എസ്, ബിജെഡി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയവയാണ്. അവരൊക്കെ പിന്തുണച്ചാല്‍ അല്ലെങ്കില്‍ അവരെക്കൂടി വിശ്വാസത്തിലെടുത്താല്‍ സര്‍ക്കാരിന് രാജ്യസഭയില്‍ മുന്നോട്ട് പോകാനാവുന്ന കാലാവസ്ഥ സംജാതമായിരിക്കുന്നു എന്നര്‍ത്ഥം. അതാണ് രാജ്ദീപ് സര്‍ദേശായിമാരെ അലോസരപ്പെടുത്തിയത്. ആര്‍ടിഐ ബില്ലില്‍ (സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം) വോട്ടിനിട്ടപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തിന് കിട്ടിയത് 117 വോട്ടാണ്, പ്രതിപക്ഷത്തു വീണത് 75 വോട്ടും. സഭാതലത്തില്‍ നല്ല രീതിയില്‍ ഏകോപനം നടന്നു എന്നതാണല്ലോ അത് സാക്ഷ്യപ്പെടുത്തുന്നത്. രാജ്യസഭയില്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ നോക്കുന്നത് വി. മുരളീധരനാണ് എന്നത് സ്മരിക്കേണ്ടതുണ്ട്.
ഇപ്പോള്‍ തിരക്കുപിടിച്ച് നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നു എന്നതാണ് കോണ്‍ഗ്രസുകാരും അവരുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന മാധ്യമങ്ങളും ആക്ഷേപിക്കുന്നത്. ഈ ബജറ്റ് സമ്മേളനകാലത്ത് ഇതിനകം 14 ബില്ലുകള്‍ രാജ്യസഭ പാസ്സാക്കിയെന്നും അവര്‍ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ കുറേമാസങ്ങളില്‍ സഭയെ അക്ഷരാര്‍ഥത്തില്‍ തടങ്കലിലാക്കിയവരാണ് ഇത് പറയുന്നത്. ഇനിയും അനവധി നിയമനിര്‍മ്മാണങ്ങള്‍ നടക്കാനുണ്ട്. ലോകസഭാ പാസ്സാക്കിയ കുറെ ബില്ലുകള്‍ രാജ്യസഭയില്‍ കിടക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും അതുകൊണ്ടാണ്. അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷം കൂടുതല്‍ നിരാശരാവുന്നത് നമുക്ക് കാണേണ്ടിവരും. യഥാര്‍ഥത്തില്‍, തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പുറന്തള്ളിയവരാണ് എന്ന വസ്തുത അംഗീകരിച്ചുകൊണ്ട് മോദിസര്‍ക്കാരുമായി സഹകരിക്കുകയാണ് പ്രതിപക്ഷത്തിന് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: