കുവൈറ്റ് സിറ്റി: ഭാരതീയ സായുധ സേനാംഗങ്ങളുടെ പരമമായ ത്യാഗത്തെ അനുസ്മരിച്ച് സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്-കുവൈറ്റ്) കാര്‍ഗില്‍ വിജയ് ദിവസ് സംഘടിപ്പിച്ചു. അബ്ബാസിയയില്‍ നടന്ന പരിപാടിയില്‍ കാര്‍ഗില്‍ ഓപ്പറേഷനില്‍ പങ്കെടുത്ത റിട്ട. എന്‍.എസ്.ജി കമാന്‍ഡോ ക്യാപ്റ്റന്‍ അനില്‍ കുമാര്‍ കുറുപ്പ് മുഖ്യാതിഥിയായിരുന്നു. കാര്‍ഗില്‍ ഓപ്പറേഷനിടയില്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവച്ചു.
ലോകത്തിലെ യുദ്ധ നിയമങ്ങളില്‍ ഒരു അത്ഭുതമാണ് കാര്‍ഗില്‍ വിജയമെന്ന് അദ്ദേഹം പ്രഭാഷണത്തില്‍ പറഞ്ഞു. അത് വരെയുള്ള യുദ്ധനിയമങ്ങളെ വെല്ലുവിളിക്കുകയും സമതലത്തില്‍ നിന്നും തുടങ്ങി മഞ്ഞുമൂടിയ പര്‍വതനിരകളുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ അതികഠിനമായ പരിസ്ഥിതികളില്‍ നേടിയ വിജയമെന്ന നിലയില്‍ കാര്‍ഗില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഒരു സൈനികന് മാത്രം കൈമുതലായ അപാരമായ ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാണിത്. അഭിമാനത്തോടും ബഹുമാനത്തോടും കൂടി രാജ്യത്തെ സേവിക്കുന്നതില്‍ ഭാരതീയ സേനയില്‍ ചേരാന്‍ യുവതലമുറയോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ശക്തവും സുരക്ഷിതവുമായ ഇന്ത്യയുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ പങ്കിനെ പറ്റി ചടങ്ങില്‍ സംസാരിച്ച സേവാദര്‍ശന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍ വിശദീകരിച്ചു. പ്രവാസി ഭാരതീയര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെയും ദേശീയ അഭിമാനബോധം സ്വയം ഉള്‍ക്കൊള്ളുന്നതിലൂടെയും ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഐഎസ് എക്സിക്യൂട്ടീവ് അംഗവും മീഡിയ കണ്‍വീനറുമായ ബിജു നിട്ടൂര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സിഐഎസ് എക്സിക്യൂട്ടീവ് അംഗവും പബ്ലിക് റിലേഷന്‍സ് കണ്‍വീനറുമായ അനില്‍ ഭാസ്കര്‍ അദ്ധ്യക്ഷത വഹിച്ചു. രേഖ ബിജു അവതാരകയായ ചടങ്ങില്‍ നിശ്ശബ്ദ പ്രാര്‍ത്ഥനയിലൂടെ രാജ്യസേവനാര്‍ത്ഥം പ്രാണന് ത്യജിച്ച ധീര ജവാന്മാര്ക്കു ആദരാഞ്ജലി അര്‍പ്പിച്ചു. സിഐഎസ് കുവൈറ്റ് പ്രസിഡന്റ് മഹാദേവന് അയ്യര്‍ വിശിഷ്ടാഥിയെ ചടങ്ങില്‍ ആദരിച്ചു. സിഐഎസ് അബ്ബാസിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിഖില്‍ നന്ദി രേഖപ്പെടുത്തി. ഭാരതീയ സേനക്കായി സമര്‍പ്പിച്ച ഗാനത്തോടെ ആരംഭിച്ച ചടങ്ങ് ദേശീയ ഗാനത്തോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: