ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബിജെപിയില്‍ അംഗമാണെന്ന് കാണിക്കുന്ന വ്യാജരേഖ തയ്യാറാക്കിയ അഹമ്മദാബാദിലെ ഷാഹ്പൂര്‍ സ്വദേശി ഗുലാം ഫരീദ് ഷെയ്ഖ് അറസ്റ്റില്‍. നാല്‍പതുകാരനായ ഇയാള്‍ ഇമ്രാന്‍ ഖാനെ മാത്രമല്ല, ബലാത്സംഗ കേസില്‍ കുറ്റവാളികളായ ഗുര്‍മീത് രാം റഹീം സിങിനേയും അസാറാം ബാപ്പുവിനേയും ബിജെപി അംഗങ്ങളാക്കി വ്യാജ രേഖ തയ്യാറാക്കിയിട്ടുണ്ട്. വ്യാജ ബിജെപി അംഗത്വത്തിന്റെ അപേക്ഷയ്‌ക്ക് പുറമേ സമൂഹമാധ്യമങ്ങള്‍ വഴി ഇ-മെമ്പര്‍ഷിപ്പും ഇയാള്‍ പ്രചരിപ്പിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇമ്രാന്‍, അസാറാം ബാപ്പു, ഗുര്‍മീത് രാം റഹീം എന്നിവരുടെ വ്യാജ ഇ-മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ പ്രതി പ്രചരിപ്പിച്ചതെന്ന് അഹമ്മദാബാദിലെ ബിജെപി ജനറല്‍ സെക്രട്ടറി കമലേഷ് പട്ടേല്‍ ചൂണ്ടിക്കാട്ടി.
ജൂലൈ 6 മുതല്‍ ബിജെപി അംഗത്വത്തിനുള്ള കാര്യങ്ങള്‍ ആരംഭിച്ചിരുന്നതായും പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സെല്‍ഫോണ്‍ നമ്പര്‍ നല്‍കിയതായും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ടെസ്റ്റ് മെസേജിലൂടെ വിളിക്കുന്നയാള്‍ക്ക് ഒരു വെബ് ലിങ്ക് ലഭിക്കും. ഈ ലിങ്കിലേയ്‌ക്ക് ആ വ്യക്തി തന്റെ സ്വകാര്യ വിശദാംശങ്ങളും ഫോട്ടോയും സെല്‍ഫോണ്‍ നമ്പറും അപ്ലോഡ് ചെയ്യുകയാണെങ്കില്‍, പാര്‍ട്ടിയുടെ ലോഗോയുള്ള ഒരു അംഗത്വ കാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
















