കൊച്ചി : പാലാരിവട്ടത്തെ മേല്‍പ്പാലത്തിന് പിന്നാലെ വൈറ്റിലയിലെ മേല്‍പ്പാലനിര്‍മാണത്തിലും അഴിമതി ആരോപണം. വൈറ്റില മേല്‍പ്പാലത്തില്‍ അടുത്തിടെ നടത്തിയ മൂന്ന് കോണ്‍ക്രീറ്റിനും മതിയായ ഗുണനിലവാരമില്ലെന്ന് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് അഴിമതി പുറത്തായിരിക്കുന്നത്. മേല്‍പ്പാലത്തില്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങ് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്ന ഐ.എസ്. കോഡ് പ്രകാരമുള്ള ഗുണനിലവാരം ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം 70 ശതമാനത്തോളം പിന്നിട്ട സാഹചര്യത്തിലാണ് പുതിയ വിവാദം. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നല്‍ക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍, നിലവില്‍ മേല്‍പ്പാലം നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.
വൈറ്റില മേല്‍പ്പാലം നിര്‍മിക്കുന്നത് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് അന്‍ഡ് ഹൗസിങ് നിശ്ചയിച്ചിരിക്കുന്ന സ്പെസിഫിക്കേഷന്‍ അനുസരിച്ചാണെന്നാണ് പി.ഡബ്ല്യൂ.ഡി. (എന്‍.എച്ച്.) അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ നടത്തിയ കോണ്‍ക്രീറ്റിങ്ങിനും ഇതേ ഗുണനിലവാരം ഉണ്ടെന്നാണ് അവരുടെ വിശദീകരണം. ക്വാളിറ്റി കണ്‍ട്രോളറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത്, ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി പുറത്തുള്ള ഒരു ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിയതായും അധികൃതര്‍ വ്യക്തമാക്കുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യകാലത്താണ് പാലം പണി ആരംഭിച്ചത്. 2017 ഡിസംബര്‍ 11നാണ് പാലം പണി തുടങ്ങിയത്. 80 ശതമാനം പണിപൂര്‍ത്തികരിച്ചപ്പോഴാണ് ഗുരുതരമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മേല്‍പ്പാലം നിര്‍മാണത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരമൂലമാണ് റിപ്പോര്‍ട്ട് വെളിയിലായത്.
സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതിനാല്‍ പൊലീസ്, വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിയെ സമീപിക്കും. പാലാരിവട്ടത്തിന്റെ കാര്യത്തില്‍ എറണാകുളത്തെ പല പ്രമുഖരും കള്ളക്കളികള്‍ നടത്തുന്നത് പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വൈറ്റിലയില്‍ കൂടി കുഴപ്പമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ സഹായിക്കുന്നുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യം വൈറ്റിലയില്‍ ഇല്ലെന്നുള്ള ന്യായീകരണമാണ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിരത്തുന്നത്.
















