ആലപ്പുഴ: രോഗശാന്തി തട്ടിപ്പിലൂടെ കുപ്രസിദ്ധി നേടിയ കൃപാസനം ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ. വി. പി. ജോസഫ് വലിയവീട്ടില്‍ വ്യാജപ്രചാരണവുമായി രംഗത്ത്. ഹിന്ദുമഹാസഭയെയാണ് പൊതുസമൂഹത്തെ കബളിപ്പിക്കാനുള്ള കരുവായി ഉപയോഗിക്കുന്നത്.
ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള കലവൂരില്‍ പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ നിരവധി പരാതികളാണുള്ളത്. ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന കൃപാസനം പത്രം രോഗശാന്തിക്കും, അഭിഷ്ടകാര്യസിദ്ധിക്കും ഗുണകരമാകുമെന്നാണ് പ്രചരണം. ഇത്തരത്തിലുള്ള സാക്ഷ്യം പറച്ചിലിലൂടെ നിരവധി ആളുകളാണ് കബളിപ്പിക്കപ്പെട്ട് ഇവിടെ എത്തുന്നത്. കൃപാസനം പത്രം ശരീരത്തില്‍ ചുറ്റിവെച്ചവരും, പത്രത്തിന് മുകളില്‍ കിടന്നവരും, പത്രം ഭക്ഷണത്തോടൊപ്പം കഴിച്ചവരും നിരവധിയാണ്. ആയിരങ്ങളാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. മതംമാറ്റ പ്രവര്‍ത്തനങ്ങളും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നതായി ആക്ഷേപങ്ങളുണ്ട്.
ഹൈന്ദവ സംഘടനകളും, ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസില്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാതെ ധനസഹായം ഉള്‍പ്പടെ നല്‍കി സര്‍ക്കാര്‍ കൃപാസനം ഡയറക്ടര്‍ക്കൊപ്പമാണെന്ന് വ്യക്തമായതോടെ വിവിധ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ ഈ മാസം 31ന് കേരള യുക്തിവാദ സംഘം കൃപാസനത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. മാര്‍ച്ച് പൊളിക്കുന്നതിനാണ് കൃപാസനം ഡയറക്ടര്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയതെന്നാണ് ആക്ഷേപം.
മാര്‍ച്ച് നടക്കുന്ന അതേ സമയത്ത് കൃപാസനത്തിന് മുന്നില്‍ അഖിലഭാരത ഹിന്ദുമഹാസഭയുടെ ആംബുലന്‍സ് സര്‍വീസ് താന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഡയറക്ടര്‍ ശ്രമിക്കുന്നത്. കൃപാസനത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ഉണ്ടാകുമെന്നും വലിയവീട്ടിലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഹൈന്ദവസംഘടനകളുടെ പിന്തുണ തനിക്കുണ്ടെന്നും, യുക്തിവാദസംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചിന് നേരെ അക്രമങ്ങളോ, സംഘര്‍ഷമോ ഉണ്ടായാല്‍ കൃപാസനം നടത്തിപ്പുകാര്‍ക്ക് തടിയൂരാനുള്ള തന്ത്രവുമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.
ഇത്തരമൊരു ആംബുലന്‍സിനെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വമി ദത്താത്രേയ സായി സ്വരൂപനാഥ് അറിയിച്ചു. സ്വാമിയുടെ ചിത്രം സഹിതമാണ് കൃപാസനം ഡയറക്ടര്‍ ആംബുലന്‍സ് സര്‍വീസ് ഉദ്ഘാടനം ചെയ്യുന്ന വിവരം ഫേസുബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയതായും ദത്താത്രേയ സായി സ്വരൂപ്‌നാഥ് അറിയിച്ചു. ഹിന്ദുമഹാസഭയുടെ പേരും, തന്റെ ഫോട്ടോയും ഉപയോഗിച്ച് സംഘടനയെ തേജോവധം ചെയ്യുകയും, മതസ്പര്‍ദ്ധയും, മാനഹാനിയുണ്ടാക്കുകയും ചെയ്ത ജോസഫ് വലിയവീട്ടിലിനെതിരെയും കൃപാസനത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
















