ഒറ്റപ്പാലം : പാലക്കാട് കളക്ട്രേറ്റ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിന് വി.കെ. ശ്രീകണ്ഠന്‍ എംപി, എംഎല്‍എമാരായ ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം എന്നിവരോട് കോടതി പിരിയും വരെ നില്‍ക്കാന്‍ ശിക്ഷ വിധിച്ച് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മസ്‌ട്രേറ്റ്. കഴിഞ്ഞ ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം. കേസിലെ കുറ്റക്കാരോട് കോടതി പിരിയും വരെ നില്‍ക്കാനും ആയിരം രൂപ വീതം പിഴ ഒടുക്കുവാനുമാണ് ഉത്തരവിട്ടത്.
സംസ്ഥാനസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സംസ്ഥാന വ്യാപകമായി നടത്തിയ കളക്ടറേറ്റ് ഉപരോധത്തിന്റെ ഭാഗമായിട്ടാണ് പാലക്കാടും നടത്തിയത്. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചതോടെ ടൗണ്‍ സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
എംപിയും, എംഎല്‍എയും അടക്കം 25 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുന്‍ എംഎല്‍എ സി.പി. മുഹമ്മദ്, ഡിസിസി മുന്‍ പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി, ഡിസിസി ഭാരവാഹികളായ എ. സുമേഷ്, കെ. ഭവദാസ്, ശാന്താ ജയറാം, കെ.സി. പ്രീത്, എസ്. കൃഷ്ണദാസ്, കെ.എസ്. തണികാചലം എന്നിവര്‍ക്കും ശിക്ഷ വിധിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരോട് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.
















