കൊല്ലം: എസ്എന്‍ കോളേജിനുള്ളില്‍ ഇനി സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് എസ്എഫ്‌ഐ. ഇതടക്കം കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ച 21 ഉറപ്പുകള്‍ ഒപ്പിട്ട് നല്‍കി സസ്‌പെന്‍ഷനിലായിരുന്ന എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികള്‍ ക്ലാസുകളില്‍ തിരികെ പ്രവേശിച്ചു
ആദ്യം കോളേജ് അധികൃതര്‍ മുന്നോട്ടുവച്ച അച്ചടക്ക നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു എസ്എഫ്‌ഐ യൂണിറ്റ്. പിന്നീട് ഇവര്‍ നിലപാട് മാറ്റുകയായിരുന്നു. കോളേജ് അധികൃതര്‍ മുന്നോട്ടുവച്ച ഉറപ്പുകള്‍ പൂര്‍ണമായും അംഗീകരിക്കാം. കോളേജില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും അടക്കമുള്ള നാലുപേര്‍ കോളേജ് അധികൃതരെ സമീപിക്കുകയായിരുന്നു.
ഇനി എന്തെങ്കിലും അച്ചടക്കം ലംഘനം കാട്ടിയാല്‍ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന വ്യവസ്ഥയില്‍ ടി.സിക്കുള്ള അപേക്ഷയും എസ്.എഫ്.ഐ നേതാക്കള്‍ ഒപ്പിട്ടു നല്‍കി. കോളേജിന്റെ സമാധാനാന്തരീക്ഷവും പഠനവും തകര്‍ക്കാന്‍ എസ്.എഫ്.ഐയുടെ പേരില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന അച്ചടക്കലംഘനവും അക്രമങ്ങളും പുറത്തുവന്നിരുന്നു.
അനുമതിയില്ലാതെ ക്ലാസില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വലിച്ചിറക്കല്‍, അദ്ധ്യാപകര്‍ക്ക് നേരെ അസഭ്യവര്‍ഷം തുടങ്ങിയ അച്ചടക്കലംഘനങ്ങളുടെ പേരില്‍ ഈമാസം 3നാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
















