തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് നാട്ടിക എംഎല്‍എ ഗീതാ ഗോപി പോലീസില്‍ പരാതി നല്‍കി. ചേര്‍പ്പ് തൃപ്രയാര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച് കഴുകിയിരുന്നു. ഇതാണ് പരാതിയ്‌ക്ക് അടിസ്ഥാനം.
പട്ടികജാതി വിഭാഗത്തില്‍ പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതെന്നാണ് എംഎല്‍എ ചേര്‍പ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നിയമസഭാംഗത്തോടു പോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും പരാതിയില്‍ ചോദിക്കുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയ്‌ക്കും നിയമമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കാനാണ് എംഎല്‍എയുടെ തീരുമാനം.
ചേര്‍പ്പ് തൃപ്രയാര്‍ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഗീത ഗോപി എംഎല്‍എയെ വഴിയില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ചേര്‍പ്പ് പൊതുമരാമത്ത് ഓഫീസിന് താഴെ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്.റോഡില്‍ അറ്റകുറ്റപ്പണി നടത്താം എന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതോടെയാണ് എംഎല്‍എ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.
















