ഇടവപ്പാതി മുതല്‍ തുലാംപത്ത് വരെ വടക്കെ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക് ഇടവേളയാണെങ്കിലും കര്‍ക്കടകമാസത്തില്‍ തെയ്യക്കോലധാരികള്‍ക്ക് ഒരു പ്രത്യേക അനുഷ്ഠാനമുണ്ട്. കര്‍ക്കടകത്തെയ്യങ്ങളെന്ന് വിളിക്കാവുന്ന ഉച്ചാടനദേവതാസങ്കല്‍പത്തില്‍ അധിഷ്ഠിതമാണ് ഈ അനുഷ്ഠാനം. തെയ്യം കെട്ടിയാടുന്ന കാവുകളിലും സ്ഥാനങ്ങളിലും തെയ്യാട്ടക്കാലത്ത് നാട്ടുകാര്‍ ഒത്തുകൂടി ആ അനുഷ്ഠാനത്തിന്റെ ഭാഗമാകുകയാണ് ചെയ്യുന്നതെങ്കില്‍ കര്‍ക്കടകത്തെയ്യങ്ങള്‍ വിശ്വാസികളായ നാട്ടുകാരുടെ വീടുകളിലെത്തി അവിടെ അനുഷ്ഠാനം നിര്‍വ്വഹിക്കുന്നു എന്നതാണ് സവിശേഷത.
മുന്‍കാലങ്ങളില്‍ കര്‍ക്കടകമാസം അക്ഷരാര്‍ത്ഥത്തില്‍ തന്നെ പഞ്ഞമാസമായതു കൊണ്ട് കര്‍ക്കടകത്തെയ്യങ്ങള്‍ തെയ്യംകെട്ട് സമുദായങ്ങളില്‍ പെട്ടവര്‍ക്ക് ഒരു ആശ്വാസമായിരുന്നു. ഓരോ ഗ്രാമത്തിലും നിശ്ചയിക്കപ്പെട്ട പരിധിയില്‍ പെട്ട വീടുകളില്‍ വേടന്‍പാട്ടോ ആടിയാട്ടമോ നടത്തി കിട്ടുന്ന അരിയും നാണയത്തുട്ടുകളും കൊണ്ടു വേണം അവര്‍ക്ക് പഞ്ഞം മറികടക്കാന്‍. കളിയാട്ടക്കാലത്ത് തെയ്യങ്ങളായി വന്ന് തങ്ങളെ അനുഗ്രഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ കനലാടിക്കുടുംബങ്ങളെ പഞ്ഞമാസത്തില്‍ സഹായിക്കുക എന്നത് ഇതരസമുദായങ്ങളുടെ കടമയും കര്‍ത്തവ്യവുമായി കണക്കാക്കപ്പെട്ടതു കൊണ്ടുകൂടിയാവണം ഇത്തരമൊരു അനുഷ്ഠാനം നിലവില്‍ വന്നത്.
ഒറ്റച്ചെ@യുടെ ശബ്ദം
ഇന്ന് കര്‍ക്കടകത്തിന് മാത്രമായി ഒരു ദാരിദ്ര്യമുദ്രയില്ല. കളിയാട്ടക്കാലത്ത് തെയ്യംകെട്ടിയാടുന്ന കോലധാരികളും തെയ്യമില്ലാത്ത സമയത്ത് മറ്റ് ജോലികളൊക്കെ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് കര്‍ക്കടകത്തെയ്യം അവരെ സംബന്ധിച്ച് ഒരു അനിവാര്യതയാകുന്നില്ല.
ഈശ്വരീയഭാവനയോടെ ജീവിക്കുകയും പാരമ്പര്യമൂല്യങ്ങളെയും ഗൃഹാതുരത്വത്തെയും താലോലിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിന് മുന്നില്‍ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കേണ്ടതുള്ളതു കൊണ്ട് ഇന്നും പരമ്പരാഗത അനുഷ്ഠാനങ്ങള്‍ തുടര്‍ന്നുവരുന്ന തെയ്യക്കാര്‍ ഒരുപാടുണ്ട് വടക്കെ മലബാറില്‍. പഴയതുപോലെ എല്ലാ പ്രദേശത്തും ആടിയും വേടനും ഗളിഞ്ചനുമെത്താറില്ല. ഗ്രാമങ്ങളിലെ ഊടുവഴികളിലോ നഗരത്തിരക്കിലോ കര്‍ക്കടകമാസത്തില്‍ ഒരിക്കലെങ്കിലും ഒറ്റച്ചെണ്ടയുടെ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കുമ്പോള്‍ കര്‍ക്കടകത്തെയ്യത്തിന്റെ വരവായല്ലോ എന്ന് ഓര്‍ക്കും.
മലയസമുദായത്തിലും വണ്ണാന്‍ സമുദായത്തിലും പെട്ട മുതിര്‍ന്ന കോലധാരികളെല്ലാം അഞ്ചോ ആറോ വയസ്സുമുതല്‍ കര്‍ക്കടകത്തിലെ കുട്ടിത്തെയ്യങ്ങള്‍ കെട്ടിയാണ് തങ്ങളുടെ അനുഷ്ഠാനകലാജീവിതത്തിന് തുടക്കം കുറിച്ചത്. സ്‌കൂളില്‍ പോകുന്നതിനേക്കാള്‍ പ്രാധാന്യം പഞ്ഞമാസം കടന്നുകിട്ടാന്‍ സഹായിക്കുന്ന കര്‍ക്കടകത്തെയ്യങ്ങള്‍ക്ക് കഴിഞ്ഞ തലമുറ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് സ്‌കൂളിലെ ക്‌ളാസ്സ് ഒഴിവാക്കി ആടിയും വേടനും കെട്ടാന്‍ മക്കളെ പ്രോത്സാഹിപ്പിക്കാത്തവരാണ് മിക്ക തെയ്യക്കാരും. അതുകൊണ്ടുതന്നെ അവധിദിവസങ്ങളില്‍ മാത്രമായി കര്‍ക്കടകത്തെയ്യങ്ങളുടെ സഞ്ചാരം.
കര്‍ക്കടകത്തിലെ ദുരിതങ്ങളകറ്റാനാണ് കര്‍ക്കടകത്തെയ്യങ്ങള്‍ നാട്ടിലിറങ്ങുന്നത്. പാശുപതാസ്ത്രം ലഭിക്കാന്‍ തപസ്സു ചെയ്ത അര്‍ജുനനെ പരീക്ഷിക്കാനായി ശിവപാര്‍വ്വതിമാര്‍ വേടരൂപത്തില്‍ പ്രത്യക്ഷപ്പെട്ട കിരാതകഥയാണ് ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ കര്‍ക്കടകത്തെയ്യങ്ങളുടെ ഇതിവൃത്തം. വേടന്‍ ശിവരൂപവും ആടി പാര്‍വ്വതീരൂപവും ഗളിഞ്ചന്‍ അര്‍ജുനനും എന്നാണ് സങ്കല്‍പം.
കറുപ്പും ചുവപ്പും ഗുരുസികള്‍
മലയസമുദായത്തില്‍പ്പെട്ടവര്‍ വീടുകള്‍ തോറും ചെന്ന് നടത്തുന്ന വേടന്‍പാട്ട് എന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ മൊത്തമുണ്ടാകും. കര്‍ക്കടകത്തിലെ ഇന്ന ദിവസം മുതല്‍ ഇന്ന ദിവസം വരെ ഇന്നദേശത്ത് എന്ന രീതിയിലാണ് വടക്കെ മലബാറിലെ ഓരോ ഗ്രാമത്തിലും ഈ അനുഷ്ഠാനം നടത്തിപ്പോന്നിരുന്നത്. കളിയാട്ടരംഗത്ത് ഇന്നും നിലനിന്നു പോരുന്ന ചെറുജന്മാവകാശം എന്ന വ്യവസ്ഥ പ്രകാരം ഓരോ പ്രദേശത്തിനും തെയ്യംകെട്ടാന്‍ അവകാശപ്പെട്ട വിവിധ കനലാടി (കോലധാരി) സമുദായങ്ങളുടെ ജന്മാവകാശമുള്ള കുടുംബം ഉണ്ടായിരിക്കും. ഇവരെ ജന്മാരി എന്നാണ് വിളിക്കുന്നത്.
മലയസമുദായത്തിലെ ഒരു ചെറിയ കുട്ടിയാണ് വേടന്‍ വേഷം കെട്ടുന്നത്. ചെറിയൊരു കിരീടവും തലപ്പാളിയും ചുവന്ന ഉടുത്തുകെട്ടും മാറില്‍ ചട്ടയും മാലകളുമാണ് വേടന്റെ വേഷം. മുഖത്ത് ചുകപ്പും മഞ്ഞയും ചായം തെച്ചുപിടിപ്പിക്കുകയും കണ്ണില്‍ മഷിയിടുകയും ചെയ്യും. ഓരോ ഹിന്ദു ഭവനത്തിന്റെയും മുറ്റത്ത് വേടന്‍ ആടുന്നു. വേടന്‍ കെട്ടിയ കുട്ടിയുടെ കൂടെയുള്ള പുരുഷനാണ് ചെണ്ടകൊട്ടി പാട്ടു പാടുന്നത് (അത് ആ കുട്ടിയുടെ അച്ഛനോ അമ്മാവനോ ആയിരിക്കും). അയാള്‍ ചെണ്ടയില്‍ താളംപിടിച്ച് വേടന്‍പാട്ട് പാടുമ്പോള്‍ പാട്ടിനൊപ്പിച്ച് കുട്ടിവേഷം മുന്നോട്ടും പിന്നോട്ടും ചുവടുകള്‍ വയ്‌ക്കും. പണ്ടു കാലത്ത് സ്ത്രീകളും ഇവര്‍ക്കൊപ്പമുണ്ടാകാറുണ്ട് (മിക്കവാറും കുട്ടിയുടെ അമ്മയായിരിക്കും). ഇപ്പോള്‍ സ്ത്രീകള്‍ കൂടെ വരുന്ന പതിവ് കുറവാണ്. വേടന്‍ മുറ്റത്തെത്തിക്കഴിഞ്ഞാല്‍ വീടിന്റെ പടിഞ്ഞാറ്റിയിലോ പൂജാമുറിയിലോ വിളക്ക് കത്തിച്ചുവയ്‌ക്കും. വേടനാട്ടം കഴിഞ്ഞാല്‍ വീട്ടുകാര്‍ അരിയും പണവും നല്‍കി അവരെ യാത്രയാക്കും. ഇതിന് മുമ്പായി ആധിവ്യാധികള്‍ ഒഴിഞ്ഞുപോകാനും വീട്ടില്‍ ഐശ്വര്യം ഉണ്ടാകാനും ജ്യേഷ്ഠയെ പുറത്തുകളഞ്ഞ് ശ്രീഭഗവതിയെ അകത്തേക്ക് സ്വീകരിക്കുന്നതായി സങ്കല്‍പിച്ച് രണ്ടുപാത്രങ്ങളില്‍ കലക്കി വച്ച കറുപ്പും ചുവപ്പും ഗുരുസികള്‍ വീട്ടുപറമ്പിന്റെ വടക്കും തെക്കും ഭാഗത്തേക്ക് മറിക്കും.
സ്ഥാനം വാഴ്ക, തറവാടുവാഴ്ക
കര്‍ക്കടകം പതിനാറു മുതല്‍ ആടി വേഷവുമായി വണ്ണാന്‍ സമുദായക്കാരും വീടുകള്‍ തോറും എത്തി പാട്ടുപാടി നൃത്തം വയ്‌ക്കുന്ന പതിവുണ്ട്. ആടിമാസത്തില്‍ (കര്‍ക്കടകം) നടത്തുന്ന അനുഷ്ഠാനമായതു കൊണ്ടാകാം ആടി എന്ന് ഈ വേഷത്തിന് പേരുവന്നത്. വേടന്റെയും ആടിയുടെയും വേഷവിധാനങ്ങള്‍ ഏതാണ്ട് സമാനമാണ്. ഈ രണ്ട് അനുഷ്ഠാനങ്ങള്‍ക്കും പാടുന്ന പാട്ടിന്റെ ഇതിവൃത്തവും ഒന്നു തന്നെ. അനുഷ്ഠാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ഒന്നാണ്.
കിരാതകഥയാണ് ഇതിവൃത്തമെങ്കിലും വേടന്‍ പാട്ടിനും ആടിപ്പാട്ടിനും ഭാഷാപരമായ വ്യത്യാസങ്ങളേറെയുണ്ട്. ആടിപ്പാട്ടിന്റെ ഭാഷ കുറേക്കൂടി ആധുനികമാണ്. വേടന്‍പാട്ടിനും വേടനാട്ടത്തിനും ജനമദ്ധ്യത്തില്‍ പ്രചാരം സിദ്ധിച്ചതിന് ശേഷമാണ് ആടിപ്പാട്ടും ആടിയാട്ടവും പ്രചരിച്ചതെന്ന് പാട്ടിന്റെ ഭാഷാപരമായ വ്യത്യാസത്തില്‍ നിന്ന് അനുമാനിക്കാമെന്ന് ഈ പാട്ടുകള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയ ചിറക്കല്‍ ടി.ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നു.
പാശുപതാസ്ത്രത്തിനായി തപസ്സു ചെയ്ത അര്‍ജുനനുമായി കിരാതരൂപത്തില്‍ പ്രത്യക്ഷനായ ശിവന്‍ യുദ്ധം ചെയ്തതും പിന്നീട് അര്‍ജുനനില്‍ പ്രീതനായ ശിവന്‍ പാശുപതാസ്ത്രം സമ്മാനിക്കുന്നതുമായ കിരാതകഥയിലെ സംഭവം നടന്നത് കര്‍ക്കടകമാസത്തിലാണെന്ന പുരാസങ്കല്‍പമാണ് കര്‍ക്കടകത്തിലെ ആടിവേടന്‍മാരുടെ അടിസ്ഥാനം. വനഭൂമിയിലെ തിന കൃഷിയെ കുറിച്ചും നായാട്ടിനെ കുറിച്ചുമൊക്കെയുള്ള മനോഹരമായ വര്‍ണനകള്‍ വേടന്‍ പാട്ടിലുണ്ട്.
ഇവിടം വാഴ്ക നീണാള്‍, ഇവിടത്തെ പിണിയെല്ലാമൊഴിക,
മക്കള്‍ വാഴ്ക, മരുമക്കള്‍ വാഴ്ക,
സ്ഥാനം വാഴ്ക, തറവാട് വാഴ്ക….
എന്നിങ്ങനെ പിണിയെല്ലാമൊഴിഞ്ഞ് വീട്ടില്‍ ഐശ്വര്യം വരുത്തണമെന്ന് ആശംസിക്കുന്നു ഈ പാട്ട്.
വ്യത്യസ്തമാണ് മാരിത്തെയ്യം
കാസര്‍കോട് ജില്ലയില്‍ മാത്രം കെട്ടിവരുന്ന കര്‍ക്കടകത്തെയ്യമാണ് ഗളിഞ്ചന്‍. കോപ്പാളര്‍ എന്ന ഗോത്രവിഭാഗമാണ് ഗളിഞ്ചന്‍ തെയ്യം കെട്ടുന്നത്. നാട്ടിലെ മഹാമാരികള്‍ ഒഴിപ്പിക്കുന്ന ആള്‍ എന്ന് അര്‍ത്ഥമുള്ള കളഞ്ച എന്ന തുളുവാക്കില്‍ നിന്നാണത്രെ ഗളിഞ്ചന്‍ എന്ന വാക്കിന്റെ ഉത്ഭവം. വേഷത്തില്‍ വേടന്‍, ആടി എന്നിവയുമായി സാമ്യമുണ്ടെങ്കിലും ഗളിഞ്ചന്റെ മുഖത്തെഴുത്ത് വേറിട്ടതാണ്. കൈയില്‍ ഒരു ഓലക്കുടയുമായാണ് ഗളിഞ്ചന്‍ സഞ്ചരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കാഞ്ഞങ്ങാട് മഡിയന്‍ കൂലോം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ആടി, വേടന്‍, ഗളിഞ്ചന്‍ എന്നീ കര്‍ക്കടക തെയ്യങ്ങളുടെ ഒത്തുചേരല്‍ നടക്കാറുണ്ട്.
കര്‍ക്കടകം പതിനാറു മുതല്‍ രണ്ടോ മൂന്നോ ദിവസം മാത്രം വീടുകള്‍ തോറും കയറിയിറങ്ങുന്ന കര്‍ക്കടകത്തെയ്യമാണ് മാരിത്തെയ്യം. അഞ്ച് മാരിത്തെയ്യങ്ങളൊന്നിച്ചാണ് സഞ്ചാരം. ശരീരം മുഴുവന്‍ മൂടത്തക്കവിധം കുരുത്തോലയുടുപ്പ് ധരിച്ചുകൊണ്ടുള്ള നൃത്തമാണ് പ്രത്യേകത. പഴയങ്ങാടി ഭാഗത്തു മാത്രമാണ് ഇതു കണ്ടുവരുന്നത്.
മാരിക്കലിയന്‍, മാമാരിക്കലിയന്‍, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയന്‍ എന്നീ അഞ്ച് തെയ്യക്കോലങ്ങളാണ് മാരിത്തെയ്യങ്ങള്‍. പുലയസമുദായത്തില്‍ പെട്ടവര്‍ നടത്തുന്ന ഈ അനുഷ്ഠാനത്തിന് നേതൃത്വം നല്‍കുന്നത് സമുദായത്തിലെ പൊള്ള എന്ന സ്ഥാനികനാണ്. നാടുവാഴുന്ന തമ്പുരാനും തിരുവര്‍കാട്ട് ഭഗവതിക്കുമടക്കം ശനിബാധയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ പ്രശ്‌നചിന്തയില്‍ പുലയസമുദായസ്ഥാനികനായ പൊള്ളയ്‌ക്ക് മാത്രമേ ബാധയൊഴിപ്പിക്കാന്‍ കഴിയൂ എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മാരിത്തെയ്യങ്ങള്‍ കെട്ടിയാടിത്തുടങ്ങിയതെന്നാണ് ഐതിഹ്യം. മാടായിക്കാവ് പരിസരത്തു നിന്ന് പുറപ്പെട്ട് വീടുകള്‍തോറും കയറി മാരിയും ദുരിതങ്ങളും ഒഴിപ്പിച്ചശേഷം പുഴയില്‍ ഇറങ്ങി മാരിയെ ഒഴുക്കുന്ന ചടങ്ങോടെയാണ് മാരിത്തെയ്യം സമാപിക്കുന്നത്. മറ്റ് കര്‍ക്കടകത്തെയ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാരിത്തെയ്യം കെട്ടിയാടുന്നത് കുട്ടികളല്ല, മുതിര്‍ന്നവര്‍ തന്നെയാണ്.
രോഗഭീതിയില്‍ നിന്ന് രക്ഷനേടാന്‍ രോഗദേവതകളെ കെട്ടിയാടിച്ച് അവരെ തൃപ്തരാക്കുകയും പറഞ്ഞയയ്‌ക്കുകയും ചെയ്യുന്ന പ്രാചീനസമൂഹത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ട കലാവിഷ്‌കാരമാണ് ഈ അനുഷ്ഠാനം. ഇത്തരം അനുഷ്ഠാനങ്ങളുടെ നിര്‍വ്വഹണത്തിലൂടെ ഇന്ന് സമൂഹത്തിന് ലഭിക്കുന്നത് മാനസികാരോഗ്യത്തിന്റെ വീണ്ടെടുക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: