തിരുവനന്തപുരം: ലോക്‌സള തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു ശേഷം അഭിപ്രായ സ്വരൂപീകരണത്തിനു പരിഹാരത്തിനുമായി ഗൃഹസന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ട്രോളി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കോടിയേരി വീടുകയറുന്നതു കൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നുമില്ല, അതുകൊണ്ട് ചിലപ്പോള്‍ ദുര്‍മേദസ് കുറഞ്ഞു കിട്ടുമെന്നു സുരേന്ദ്രന്‍. വീടുകളിലെത്തി അവരോട് കുടുംബവിശേഷള്‍ ചോദിക്കാന്‍ നില്‍ക്കേണ്ടെന്നും അവര്‍ കോടിയേരിയോട് തിരിച്ചു കുടുംബ വിശേഷം ചോദിച്ചാല്‍ പണി കിട്ടുമെന്നും സുരേന്ദ്രന്‍. കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരേ ബാര്‍ ഡാന്‍സര്‍ ഉയര്‍ത്തിയ പരാതി പരോക്ഷമായി സൂചിപ്പിച്ചാണ് സുരേന്ദ്രന്റെ വാക്കുകള്‍.
അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ വീടു കയറിയാലും ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സിപിഎം ഗതി പിടിക്കുമെന്നു കരുതേണ്ടെന്നും സുരേന്ദ്രന്‍. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ചും പരിഹാരം തേടിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്ന ഗൃഹസന്ദര്‍ശനത്തില്‍ ആഞ്ഞടിച്ചത് ഹിന്ദുക്കളുടെ വികാരമായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് ഒത്താശ ചെയ്ത സിപിഎമ്മിനോടും പിണറായി സര്‍ക്കാരിനോടുള്ള രൂക്ഷമായ പ്രതിഷേധമാണ് സ്ത്രീകള്‍ അടക്കം കോടിയേരിയോടും നേതാക്കളോടും വിവരിക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സിപിഎമ്മിന്റെ നിലപാട് തെറ്റിയെന്ന കുറ്റസമ്മതത്തിനു ശേഷം കോടിയേരി ഇതേവിഷയത്തില്‍ കൂടുതള്‍ ഏറ്റുപറച്ചിലുകള്‍ നടത്തുകയാണ്. പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണു കോടിയേരിയുടെ കൂടുതല്‍ തുറന്നു പറച്ചില്‍.
















