തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ സ്ഥിരം നടപ്പന്തൽ നിർമ്മിക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡിലെയും പ്രദേശത്തെയും സഖാക്കൾ. നടപ്പന്തലിനായി ഒ.രാജഗോപാല്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും അത് വേണ്ടെന്നാണ് ഇവരുടെ നിലപാട്.
ദേവസ്വം ബോര്‍ഡിന്റെ അനുമതി ഉണ്ടെങ്കിലേ നടപ്പന്തല്‍ നിര്‍മിക്കാന്‍ സാധിക്കൂ. തിരുവല്ലം ക്ഷേത്രം പുരാവസ്തുവകുപ്പിന്റെ കൂടി അധീനതയില്‍ ആയതിനാല്‍ ക്ഷേത്ര ചുറ്റമ്പലത്തിനുള്ള പണികള്‍ നടത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ അനുമതി വേണം. എന്നാല്‍ ചുറ്റമ്പലത്തിനു പുറത്ത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ പണികള്‍ നടത്താം. എന്നാല്‍ നടപ്പന്തല്‍ വേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിലെയും പ്രദേശത്തെയും സഖാക്കളുടെയും തീരുമാനം.
നിത്യവും നടക്കുന്ന പിതൃകര്‍മങ്ങളില്‍ ബലിച്ചോര്‍ തൂകുന്ന കല്‍മണ്ഡപങ്ങള്‍ ഉള്ള സ്ഥലത്താണ് നടപ്പന്തല്‍ നിര്‍മിക്കേണ്ടത്. മഴ പെയ്താല്‍ നനഞ്ഞുകൊണ്ടു വേണം ബലിച്ചോര്‍ തൂകാന്‍.
എംഎല്‍എയുടെ ഓഫീസില്‍ നിന്നും അനുവാദം ചോദിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. കരാര്‍ പണികളില്‍ വര്‍ഷംതോറും കിട്ടുന്ന കൈക്കൂലി ലഭിക്കില്ല എന്ന കാരണത്താലാണ് സഖാക്കള്‍ നടപ്പന്തല്‍ നിര്‍മാണം തടഞ്ഞത്.
കര്‍ക്കടക വാവ് ബലിക്കും ഉത്സവത്തിനും ഇവിടെ താല്‍ക്കാലിക നടപ്പന്തല്‍ നിര്‍മിക്കാറുണ്ട്. ദേവസ്വംബോര്‍ഡ് നല്‍കുന്ന കരാറുകാരാണ് താല്‍ക്കാലിക നടപ്പന്തല്‍ നിര്‍മിക്കുന്നത്. ഇതില്‍ നിന്നും പതിനായിരക്കണക്കിന് രൂപയുടെ കമ്മീഷന്‍ ദേവസ്വം ജീവനക്കാര്‍ക്കും പ്രദേശത്തെ സിപിഎം നേതാക്കള്‍ക്കും ലഭിക്കും. അതിനാലാണ് എംഎല്‍എ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണം തടഞ്ഞത്.
















