തിരുവനന്തപുരം: കര്‍ക്കടകവാവ് പടിവാതില്ക്കല് എത്തിയിട്ടും പിതൃതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രത്തിലെ ബലിതര്‍പ്പണം ഇക്കുറിയും മലിനജലത്തില്‍. ശുദ്ധജലം ലഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഭക്തരുടെ പണത്തില്‍ മാത്രം നോട്ടമുള്ള ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഇത്തവണയും തട്ടിക്കൂട്ട് സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കര്‍ക്കടകവാവ് ബലിക്ക് തിരുവല്ലത്ത് ഏതാണ്ട് ഒരു ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ടെന്നാണ് കണക്ക്. ഇവര്‍ക്ക് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങള്‍ പോലും ചെയ്തുനല്‍കുന്നില്ല. ബലിചടങ്ങിനു ശേഷമുള്ള പ്രധാന ചടങ്ങായ ബലിച്ചോര്‍ ഇട്ട് മുങ്ങേണ്ട പുഞ്ചക്കരി കൈത്തോട് മലിനമായി ചെളി അടിഞ്ഞുകിടക്കുന്നു. കൈക്കുമ്പിളില്‍ പോലും വെള്ളം കോരാന്‍ പറ്റാതെ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ് തോട്ടിലെ വെള്ളം.
സമീപത്തുള്ള കരമനയാറില്‍ നിന്നും വെള്ളം പമ്പ്ചെയ്ത് ഒഴുക്കിന്റെ ശക്തികൂട്ടിയാല്‍ താല്‍ക്കാലികമായെങ്കിലും അഴുക്ക് മാറികിട്ടും. എന്നാല്‍ പടികളില്‍ കിടക്കുന്ന ചെളിയും ശ്രാദ്ധകര്‍മങ്ങള്‍ക്ക് ശേഷം കടവില്‍ ഉപേക്ഷിച്ച് പോയ മണ്‍കലശങ്ങള്‍ മാറ്റുന്ന തട്ടിക്കൂട്ട് വൃത്തിയാക്കലാണ് നടക്കുന്നത്.
ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനു പകരം ഏതാനും തൊഴിലാളികളെ ഉപയോഗിച്ച് കടവ് ശുദ്ധിയാക്കിയെന്ന പേരില്‍ പതിനായിരക്കണക്കിന് രൂപ ഇതിലൂടെ തട്ടിയെടുക്കുന്നു.
ചടങ്ങുകള്‍ക്ക് ശേഷം ബലിച്ചോര്‍ കടവില്‍ വലിച്ചെറിഞ്ഞശേഷം ഷവറില്‍ നിന്നും കുളിക്കണമെന്ന നടപടിക്രമാണ് അടുത്തകാലത്തായി തിരുവല്ലത്ത് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്. കരമനയാറിലെ കടവില്‍ കല്‍പ്പടവുകള്‍ നിര്‍മിച്ച് ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചിട്ടില്ല. ഇവിടെ കടവുകള്‍ നിര്മിച്ചിരുന്നെങ്കില് ബലിച്ചോറ് ആറ്റില്‍ ഇട്ട് മുങ്ങാന്‍ സാധിക്കുമായിരുന്നു.
തിരക്ക് ഇരട്ടിയായി; സൗകര്യങ്ങള്‍ പഴയതു പോലെ
പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ഒരുമിച്ച് എത്തുമ്പോള്‍ അവര്‍ക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സര്‍ക്കാരും ദേവസ്വം ബോര്‍ഡും അലംഭാവം കാണിക്കുന്നു. ശംഖുംമുഖത്ത് കടല്‍ കരയെടുത്തതിനാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ തിരുവല്ലത്ത് തിരക്ക് ഇരട്ടിയായി. ശംഖുംമുഖത്ത് എത്തിയിരുന്ന പതിനായിരക്കണക്കിന് പേര് തിരുവല്ലത്താണ് എത്തി ചടങ്ങുകള്‍ നിര്‍വഹിക്കുന്നത്. ആയിരക്കണക്കിന് വാഹനങ്ങളാണ് വാവ് ദിവസം ഇവിടെ എത്തിച്ചേരുന്നത്. പാര്‍ക്ക് ചെയ്യണമെങ്കില്‍ ഹൈവേയിലേക്ക് പോകണം. ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം പാര്‍ക്ക് ചെയ്യേണ്ടത്. ഇതിനിടയില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അസഭ്യവര്‍ഷങ്ങളും കേള്‍ക്കേണ്ടതായി വരും. ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ഇത്തവണ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ബലിക്കടവിനു സമീപം വിരലില്‍ എണ്ണാവുന്ന ശുചിമുറികള്‍ മാത്രമാണ് ഉള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനുള്ള വേണ്ട സംവിധാനവും ഒരുക്കുന്നില്ല.
ബോര്‍ഡിനും സര്‍ക്കാരിനും പണം കായ്ക്കുന്ന മരം
കര്‍ക്കടക വാവ് ബലി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും പണം കായ്ക്കുന്ന മരമാണ്. ടിക്കറ്റ് ഇനത്തില്‍ ദേവസ്വം ബോര്‍ഡിനു മാത്രം ഒരു കോടിയോളം രൂപയാണ് ഒരു ദിവസംകൊണ്ട് ലഭിക്കുന്നുണ്ട്. ഇതു കൂടാതെ കാണിക്ക, അര്‍ച്ചന തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്നും പണം ലഭിക്കുന്നു. വരുമാനത്തിന്റെ കാല്‍ഭാഗം മാത്രമാണ് ചെലവ് ഇനത്തില്‍ വിനിയോഗിക്കുന്നത്. കെഎസ്ആര്‍ടിസി, വൈദ്യുതി വകുപ്പ് തുടങ്ങി മറ്റ് ഇനങ്ങളില്‍ നിന്ന് ലഭിക്കുന്ന നികുതിവരുമാനത്തിലൂടെ സര്‍ക്കാരിനും ലഭിക്കുന്നു ലക്ഷങ്ങള്‍. ഇരുകൂട്ടരും കൈകോര്‍ത്ത് പണം വാരിക്കൂട്ടുമ്പോള്‍ ചടങ്ങുകള്‍ക്ക് എത്തുന്ന ഭക്തജനങ്ങളെ പരമാവധി ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയാണ് നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: