തിരുവനന്തപുരം: വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ജില്ലയിലെ പ്രമുഖ സര്‍വീസ് സഹകരണ ബാങ്കിന് മാര്‍ക്കറ്റ് വിലയേക്കാള്‍ ഇരട്ടിയോളം തുക കൊടുത്ത് ഭൂമി വാങ്ങുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണം. ഭരണസമിതി അംഗങ്ങളില്‍ ഒരുവിഭാഗവും പാര്‍ട്ടിയിലെ ഒരു വിഭാഗവും എതിര്‍ത്ത് നിന്നിട്ടും ബാങ്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വന്‍ വിലയ്ക്ക് ഭൂമി വാങ്ങുന്നതിനുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ചതായാണ് അറിയുന്നത്.
അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന് വേണ്ടി മണ്‍വിള ജംഗ്ഷനിലുള്ള സ്വകാര്യ വ്യക്തിയുടെ 26 സെന്റ് ഭൂമിയാണ് വാങ്ങുന്നത്. അടുത്തസമയം വരെ ഉടമ സെന്റിന് പത്തുലക്ഷം രൂപ വില ചോദിച്ചിരുന്ന ഭൂമിയാണിത്. എന്നാല്‍ ഈ ഭൂമി സെന്റ് ഒന്നിന് 16 ലക്ഷത്തോളം രൂപയ്ക്ക് ബാങ്കിനായി വാങ്ങുവാനാണ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തീരുമാനമെടുത്തതത്രേ. സംഭവമറിഞ്ഞ ഉടനെ ബാങ്ക് ഭരണസമിതിയിലെ ഒരു വിഭാഗവും സെക്രട്ടറിയും ഈ ഇടപാടിനെ എതിര്‍ത്തു. ഇതോടെ സിപിഎം ഭരിക്കുന്ന ബാങ്കിലെ ഭരണസമിതി അംഗങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മറ്റി യോഗം ചേര്‍ന്ന് ഇടപാടുമായി മുന്നോട്ടുപോകാനും സെക്രട്ടറി എതിര്‍ത്താല്‍ ഇനിയും ഏഴു വര്‍ഷത്തോളം കാലാവധി ശേഷിക്കുന്ന സെക്രട്ടറിയെ മാറ്റി ഇടപാട് നടത്തണമെന്നുമുള്ള തീരുമാനത്തിലാണ്. ഈ വിലയ്ക്ക് ഭൂമി വാങ്ങുവാന്‍ അനുമതി തേടി ബാങ്ക് പ്രസിഡന്റ് സഹകരണ വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ അഴിമതിയാണ് ഈ ഇടപാടിലൂടെ നടക്കുന്നതെന്ന് ആരോപിച്ച് സഹകാരികളും രാഷ്ട്രീയസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്ന ഇവിടത്തെ ഭൂമിയുടെ ന്യായവില 5 മുതല്‍ 7 ലക്ഷം വരെയാണ്. മോഹവിലയായാല് പോലും അത് 9 ലക്ഷം കടക്കില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവരും പറയുന്നു. സര്‍ക്കാരിന് വേണ്ടി വാങ്ങുന്ന ഭൂമി 16 ലക്ഷം രൂപ പ്രമാണത്തില്‍വെച്ച് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ആ പ്രദേശത്തെ വസ്തുവിന്റെ മാര്‍ക്കറ്റ് വില സ്വാഭാവികമായും ഇതേ തുകയായി സര്‍ക്കാര്‍ നിജപ്പെടുത്തും. ഇതുമൂലം സാധാരണക്കാര്‍ക്ക് ഭൂമി വില്‍ക്കാനോ വാങ്ങാനോ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യും.
അരശുംമൂട്ടിലെ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ബാങ്കിന്റെ മണ്‍വിള ശാഖ പ്രവര്‍ത്തിക്കുന്നത് ഹെഡ് ഓഫീസില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ്. ഇവിടെ വന്‍തുക മുടക്കി സ്ഥലം വാങ്ങി ചെയ്യാന്‍ കഴിയുന്ന ബിസിനസ് ഇല്ലെന്ന ശക്തമായ അഭിപ്രായമാണ് ഭരണസമിതിയിലെയും പാര്‍ട്ടിയിലെയും ഒരു വിഭാഗത്തിനുള്ളത്. ഇത് ബാങ്കിന് വലിയ സാമ്പത്തിക തകര്‍ച്ച ഉണ്ടാക്കി വയ്ക്കുകയും ചെയ്യുമെന്നാണ് അവരുടെ വാദം.
ബാങ്കില്‍ 65 കോടിയോളം രൂപയുടെ ഡെപ്പോസിറ്റ് തുക വിനിയോഗിക്കപ്പെടാതെ കിടക്കുകയാണ്. പ്രവര്‍ത്തനമേഖല കുറവായതിനാല്‍ ലോണിനുള്ള ആളുകളുടെ എണ്ണം വളരെ കുറവാണെന്നാണ് പ്രസിഡന്റിന്റെ വാദം. വെറുതെ കിടക്കുന്ന ഈ തുക വിനിയോഗിച്ച് ഭൂമി വാങ്ങി ബഹുനില ഷോപ്പിംഗ് കോംപ്ലക്സ് പണിതാല്‍ ബാങ്കിന് അത് ലാഭകരമാകും. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും പ്രസിഡന്റ് പറയുന്നു.
എന്നാല്‍ ഇപ്പോള്‍ സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം നിരവധി സ്വകാര്യവ്യക്തികള്‍ നിര്‍മിച്ചിട്ടിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാന്‍ പോലും കച്ചവടക്കാരോ സ്ഥാപനങ്ങളോ മുന്നോട്ടുവരാത്ത സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: