തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പോലീസ് പുറത്തുപോകണമെന്ന എസ്‌എഫ്‌ഐയുടെ ആവശ്യം അംഗീകരിച്ച് പോലീസ്. അഞ്ച് പോലീസുകാരാണ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
യൂണിവേഴ്‍സിറ്റി കോളേജില്‍ നടന്ന അക്രമത്തിന്റെയും തുടര്‍വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം കോളേജ് പ്രിന്‍സിപ്പോൾ ആണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. ഒരാഴ്ച അടച്ചിട്ട ക്യാമ്പസ് തിങ്കളാഴ്ച തുറന്നതിന് ശേഷവും പോലീസ് കാവലും പിക്കറ്റിംഗും തുടരുകയും ചെയ്തു. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന എസ്‌എഫ്‌ഐ നേതാക്കൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും പുറത്തുപോകണമെന്ന് നിർദേശിക്കുകയുമായിരുന്നു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചിരുന്നു.
യൂണിവേഴ്സിറ്റി കോളേജിനുള്ളില്‍ സ്ഥിരമായി പോലീസുകാര്‍ ഇരിയ്‌ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായി യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എആര്‍ റിയാസ് ന്യായീകരിച്ചു.. വിദ്യാര്‍ത്ഥിനികളടക്കം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ ക്യാമ്പസില്‍ നിന്നും പുറത്താക്കിയതെന്നും എസ്എഫ്‌ഐക്കാര്‍ പറയുന്നു.
കോളേജിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസുകാരുടെ സാന്നിധ്യം തല്‍ക്കാലം ഒഴിവാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിയാസ് പറയുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ സുരക്ഷയ്‌ക്ക് നിയോഗിച്ചിരുന്ന പോലീസുകാരെയാണ് എസ്എഫ്ഐ നേതാക്കള്‍ പുറത്താക്കിയത്.
പോലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്യാമ്പസിന് പുറത്തേക്കിറങ്ങാന്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാമ്പസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പോലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജൂലൈ 12 നാണ് എസ്എഫ്ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്.
















