കൊച്ചി : കഴിഞ്ഞ ദിവസം ഡിഐജി ഓഫീസിലേക്ക് മാര്‍ച്ചിനിടെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്. എംഎല്‍എയുടെ കൈയുടെ എല്ലുകള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പോലീസ് ആരോപിച്ചിരുന്നതാണ്. അതിനു പിന്നാലെയാണ് ആശുപത്രി അധികൃതര്‍ കൈയിന് ഒടിവില്ലെന്ന് അറിയിച്ചിരിക്കുന്നത്. ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയും സിപിഐ സംസ്ഥാന നേതൃത്വവുമായി പടല പിണക്കങ്ങള്‍ ഉടലെടുത്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങിയതോടെ അത് രൂക്ഷമാകാനാണ് സാധ്യത.
അതേസമയം ഡിഐജി ഓഫീസ് മാര്‍ച്ച് ലാത്തിച്ചാര്‍ജ് വിവാദത്തില്‍ എറണാകുളം ജില്ലാ സെക്രട്ടറിക്ക് വീഴ്ചയെന്ന് സിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ജില്ലാകമ്മിറ്റി ഇത് അട്ടിമറിച്ചെന്നും സംസ്ഥാനനേതൃത്വം ആരോപിക്കുന്നു.
കൂടാതെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിലും മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
















