ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ ഘടക കക്ഷിയായ സിപിഐയില്‍ എന്തോ ചീഞ്ഞുനാറുകയാണെന്ന് വ്യക്തം. എസ്എഫ്ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് പക്ഷം പിടിക്കുന്നുവെന്ന് ആരോപിച്ച് എറണാകുളം ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ച് തടഞ്ഞ പോലീസ്, പാര്‍ട്ടിയുടെ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈതല്ലിയൊടിക്കുകയും, ഇത് തടയാന്‍ ശ്രമിച്ച ജില്ലാ നേതാക്കളായ പി. രാജു, കെ.എസ്. സുഗതന് എന്നിവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ നേതാക്കള്‍ തല്ലുകൊള്ളേണ്ടവര്‍തന്നെ എന്ന രീതിയില്‍ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക മന്ത്രി എ.കെ. ബാലനുമൊപ്പം സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും നിലയുറപ്പിച്ചതാണ് സിപിഐ നേതാക്കളെയും അണികളെയും രോഷാകുലരാക്കിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ സിപിഐ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടും സമരത്തിനു പോയാല്‍ അടികൊള്ളുക സ്വാഭാവികമാണെന്ന് പറയുകയാണ് കാനം ചെയ്തത്. പാര്‍ട്ടി എംഎല്‍എയുടെ കൈ തല്ലിയൊടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പാര്‍ട്ടി ഏതാണ്ട് ഒറ്റക്കെട്ടായിത്തന്നെ ആവശ്യപ്പെടുമ്പോള്‍, കളക്ടറുടെ റിപ്പോര്‍ട്ട് വരട്ടെ, അപ്പോള്‍ നോക്കാം എന്നാണ് കാനത്തിന്റെ നിലപാട്. ഇതേ നിലപാടാണ് മുഖ്യമന്ത്രി പിണറായിയും സ്വീകരിക്കുന്നത്. പ്രതിഷേധം ഉയര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍ കാനം പങ്കെടുത്തില്ല.
ഇടതുമുന്നണിയില്‍ എപ്പോഴും സിപിഐ രണ്ടാംതരം പൗരന്മാരാണ്. സി. അച്ചുതമേനോന്റെയും പി. കെ. വാസുദേവന്‍ നായരുടെയും കാലത്തും ഇതായിരുന്നു അവസ്ഥ. അഭിമാനികളായ ചില നേതാക്കള്‍ ഉണ്ടായിരുന്നുവെന്നു മാത്രം. വെളിയം ഭാര്‍ഗവനെയും സി.കെ. ചന്ദ്രപ്പനെയും പോലുള്ളവര്‍ സിപിഎമ്മിന്റെ വല്യേട്ടന് മനോഭാവത്തെ ചെറുത്തിരുന്നുവെങ്കിലും അവസാനം ചിരിക്കുക സിപിഎം നേതാക്കളായിരുന്നു. ആ ചരിത്രമൊക്കെ അറിയാത്തവര്‍ക്കു മാത്രമേ പാര്‍ട്ടി എംഎല്‍എയായ എല്‍ദോ എബ്രഹാമിന്റെ കൈ പോലീസ് തല്ലിയൊടിച്ച സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിശ്ശബ്ദത പാലിക്കുന്നതിലും ന്യായീകരിക്കുന്നതിലും അദ്ഭുതം തോന്നുകയുള്ളൂ. പാര്‍ട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.ഇ. ഇസ്മയിലിനെക്കുറിച്ച് പറഞ്ഞിരുന്നത് ‘സിപിഐയിലെ പിണറായി’ എന്നാണ്. എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസ് ഉള്‍പ്പെടെ പല കാര്യങ്ങളിലും പാര്‍ട്ടിയുടെ നിലപാടായിരുന്നില്ല, ആ കേസില്‍ പ്രതിയായ പിണറായിയുടെ താല്‍പ്പര്യമാണ് ഇസ്മയില്‍ സംരക്ഷിച്ചിരുന്നതെന്ന് പാര്‍ട്ടിക്കകത്തും പുറത്തും ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ സിപിഐ സെക്രട്ടറിയായിരുന്ന പന്ന്യം രവീന്ദ്രനും അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന സി.എന്‍. ചന്ദ്രനും എങ്ങനെയാണ് പിണറായിയുടെ താളത്തിനു തുള്ളിയിരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം.
പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളായിരുന്നു കാനം രാജേന്ദ്രന്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്നപ്പോള്‍ പ്രതിപക്ഷത്തേക്കാള്‍ രൂക്ഷമായി വിമര്‍ശിച്ചത് കാനമാണ്. കേരളത്തില്‍ മാവോയിസ്റ്റ് വേട്ട വേണ്ട എന്നായിരുന്നു വിമര്‍ശനം. ഇതേ കാനംതന്നെ വയനാട്ടില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടപ്പോള്‍ നിശ്ശബ്ദത പാലിച്ചു. കാസര്‍കോട്ട് സിപിഎം നടത്തിയ ഇരട്ടക്കൊലപാതകത്തിലും, സിപിഎമ്മിന്റെ പീഡനം മൂലം ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്തപ്പോഴും സര്‍ക്കാരിനെ ശക്തമായി വിമര്‍ശിക്കാതെ ഒഴിഞ്ഞുമാറിയ കാനത്തിന്റെ നടപടി പലരുടെയും പുരികമുയര്‍ത്തി. കാനത്തെ നിശ്ശബ്ദനാക്കുന്ന എന്തോ ചില രഹസ്യം പിണറായിയുടെ കയ്യിലുണ്ടെന്ന് സിപിഐയ്ക്ക് അകത്തും പുറത്തും അടക്കം പറയുന്നവര്‍ നിരവധിയാണ്. സിപിഐയ്ക്ക് ആദര്‍ശത്തിന്റെ പുകമറ മാത്രമേയുള്ളൂ. സിപിഎം ചെയ്യുന്നതൊക്കെത്തന്നെയാണ് സിപിഐയും ചെയ്യുന്നത്. ഇതറിയണമെങ്കില്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് നോക്കിയാല്‍ മതി. ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന ഡി. രാജ എന്ന ഡാനിയല്‍ രാജ കോണ്‍ഗ്രസ്സിന്റെ വിനീതവിധേയനാണ്. കേരളത്തില്‍ വിടുപണി ചെയ്യുന്നത് സിപിഎമ്മിനാണെന്നുമാത്രം. കോണ്‍ഗ്രസ്സിന് അന്തിക്രിസ്തുവായി രാഹുലിനെ ലഭിച്ചിരിക്കുന്നതുപോലെയാണ് സിപിഐയ്ക്ക് രാജ. തല്ലിയാലും കൊന്നാലും കാനത്തിന്റെ പാര്‍ട്ടി ഇടതുമുന്നണി വിടുന്ന പ്രശ്നമില്ല. സിപിഎമ്മിന്റെ ആട്ടുംതുപ്പുംകൊണ്ട് അവര്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: