തിരുവനന്തപുരം: പിഎസ്‌സിയിൽ നടന്ന നഗ്നമായ പരീക്ഷാ ക്രമക്കേടിനെ സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയിലേക്ക് എൻഡിഎ നടത്തിയ മാർച്ച് പ്രതിഷേധ കൊടുങ്കാറ്റായി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റാലി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാൽ എംഎൽഎ, എൻഡിഎ നേതാക്കളായ പിസി തോമസ്, പിസി ജോർജ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റാലി.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ് ഐയിലെ കുട്ടി നേതാക്കള്‍ക്ക് വിദ്യാര്‍ഥികളെ കുത്താനുള്ള ട്രെയിനിംഗ് സെക്രട്ടറയേറ്റിനകത്തിരിക്കുന്നവരാണ് നല്‍കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സിപിഎമ്മും കോണ്‍ഗ്രസും ഒരേ കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും പിണറായി വിജയന്റെ പോലീസ് നിയമങ്ങള്‍കൊണ്ട് താന്തോന്നിത്തരം കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നുള്ള എഐസിസി സെക്രട്ടറമാരിലാരെയെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ നന്നായിരുന്നു, അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് മുക്തഭാരതം യാഥാര്‍ഥ്യമാകും. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ദല്‍ഹിയിലും ആന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസിനെ ഒരുവഴിക്കാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ പരാജയമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
















