തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിരോധ കൂട്ടായ്‌മയില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് സമരത്തിനിറക്കിയതായി ആരോപണം. വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് മുഖച്ഛായ തകര്‍ന്നിരുന്ന എസ്എഫ്‌ഐയെ കരകയറ്റാനാണ് സിപിഎം ജില്ലാഘടകം ഇത്തരത്തിലുള്ള ഒരു പ്രതിരോധ കൂട്ടായ്‌മ സംഘടിപ്പിക്കാന്‍ എസ്എഫ്‌ഐ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.
യൂണിവേഴ്‌സിറ്റി കോളേജിലെയും സംസ്‌കൃത കോളേജിലേയും വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ എസ്എഫ്‌ഐ നേതാക്കള്‍ ബുധനാഴ്ച നേരിട്ട് കണ്ടും ഫോണില്‍ കൂടെയും പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ പേരും പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരും വെവ്വേറെ ലിസ്റ്റായി നല്‍കാനാണ് എസ്എഫ്‌ഐ നേതാക്കള്‍ നല്‍കിയ നിര്‍ദേശം.
വിദ്യാര്‍ഥികളോട് പരിപാടി ആരംഭിക്കുന്നതിന് മുമ്പുതന്നെ എത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിപാടി ഉച്ചയോടെയാണ് സമാപിച്ചത്. പോളിടെക്‌നിക്, സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടെ പ്രതിരോധ കൂട്ടായ്‌മയില്‍ പങ്കെടുപ്പിച്ചു. കോളേജിന് മുന്‍വശത്തെ നടവഴിയിലാണ് പന്തല്‍ കെട്ടിയിരുന്നതെങ്കിലും ഉദ്ഘാടന സദസ്സ് എംജി റോഡിലാണ് തയാറാക്കിയിരുന്നത്. രാവിലെ മുതല്‍ തന്നെ എംജി റോഡ് പൂര്‍ണമായും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു.
















