കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. കൊച്ചിയില്‍ ഐജി ഓഫീസിലേക്ക് കഴിഞ്ഞ ദിവസം നടത്തിയ മാര്‍ച്ചിനിടെ പരിക്കേറ്റ എംഎല്‍എ എല്‍ദോ എബ്രഹാമിനെ കണ്ടശേഷം കാനം രാജേന്ദ്രന്‍ തിരിച്ചു മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ആലുവ മണ്ഡലം സിപിഐ സെക്രട്ടറിയുടെ വീട്ടില്‍ വെച്ചാണ് കാനവും എംഎല്‍എയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. പോലീസിന്‍റെ ഭാഗത്തു നിന്നും ക്രൂരമായ നടപടിയാണ് ഉണ്ടായത്. അപമര്യാദയായാണ് പെരുമാറിയതെന്നും കൂടിക്കാഴ്ചയ്‌ക്കിടെ എല്‍ദോ സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു.
മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലീസിനേയും സര്‍ക്കാരിനേയും അനുകൂലിച്ച് കാനം കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ വിവാദം ആയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷം എല്‍ദോയുടെ വീട്ടില്‍ക്കയറിയല്ല പോലീസ് ആക്രമിച്ചത്. മാര്‍ച്ച് നടത്തുമ്പോള്‍ ഇത് സാധാരണയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി അന്വേഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലായി എന്തുവേണമെന്നാണ് കാനം പ്രതികരിച്ചത്.
ഇതിനെതിരെ പാര്‍ട്ടി അണികള്‍ പ്രതിഷേധവുമായി രംഗതെത്തുകയും, ആലപ്പുഴ സിപിഐ ഓഫീസിനു മുമ്പാകെ കാനത്തിനെ മാറ്റൂ സിപിഐയെ രക്ഷിക്കൂ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. കൂടാതെ ഇതില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്‌ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യവും അര്‍പ്പിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്‌ക്കായാണ് കാനം എത്തിയതെന്നാണ് സൂചന. എല്‍ദോ എബ്രഹാമും ജില്ലാ സെക്രട്ടറി പി. രാജുവും ഒത്തു തീര്‍പ്പിന് വഴങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് കാനം സക്രട്ടറിയേറ്റ് യോഗത്തില്‍ മനപ്പുര്‍വം പങ്കെടുക്കാതെ പുറത്തുപോയതെന്നു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
അതേസമയം ജില്ലാ സെക്രട്ടറി യോഗത്തില്‍ താന്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് മാധ്യമങ്ങളാണെന്നും കാനം മറുപടി നല്‍കി. തനിക്കെതിരെ ആലപ്പുഴയില്‍ പ്രത്യക്ഷപ്പെട്ടം പോസ്റ്ററുകള്‍ കാര്യമായി എടുക്കുന്നില്ല. സിപിഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ പോസ്റ്ററുകള്‍ ഒട്ടിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ പോലീസ് ലാത്തിചാര്‍ജിനെ ന്യായികരിച്ചിട്ടില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും കാനം മലക്കം മറിഞ്ഞു. പോലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടില്‍ കയറിയല്ല പൊലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















