തൃശൂർ: ദിനംപ്രതി നൂറുകണക്കിന് രോഗികളെത്തുന്ന ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്റർ നാഥനില്ലാത്ത കളരിയായി മാറി. മെഡിക്കല്‍ സെന്ററിലെ സൂപ്രണ്ട് നീണ്ടകാല അവധിയില്‍ പ്രവേശിച്ചതോടെയാണിത്. ഗുരുവായൂരിലെത്തുന്ന ഭക്തരുടെ ഏക ആശ്രയമാണ് ദേവസ്വം മെഡിക്കല്‍ സെന്റര്‍.
കഴിഞ്ഞദിവസമാണ് സൂപ്രണ്ട് അവധിയില്‍ പ്രവേശിച്ചത്. സൂപ്രണ്ട് ഇടയ്‌ക്കിടെ അവധി എടുക്കുന്നതില്‍ ആക്ഷേപമുയരുന്നതിനിടയാണ് നീണ്ട അവധി. അവധി സ്വകാര്യ പ്രാക്ടീസിനാണെന്ന ആരോപണം ശക്തമാണ്. സൂപ്രണ്ടിനെതിരെ ജീവനക്കാരും രോഗികളും നിരവധി പരാതികളുയര്‍ത്തിയിരുന്നു. കീഴ്ജീവനക്കാരോട് വല്ല്യേട്ടന്‍ മനോഭാവത്തോടെ സൂപ്രണ്ട് പെരുമാറുന്നുവെന്ന ആരോപണമുയര്‍ന്നിട്ടും, ദേവസ്വം അധികാരികള്‍ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും പരാതിയുണ്ട്.
വിശാലമായ സംവിധാനമുണ്ടായിട്ടും, ആശുപത്രിയിലെ ബഹുഭൂരിഭാഗം മേഖലകളും നിര്‍ജ്ജീവാവസ്ഥയിലാണ്. ഒന്നര വര്‍ഷം മുമ്പ് ചുമതലയേല്‍ക്കുമ്പോള്‍ മെഡിക്കല്‍ സെന്ററിന്റെ പരിതാപകരമായ അവസ്ഥ മാറ്റുമെന്നാണ് ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് പറഞ്ഞിരുന്നത്. കുത്തഴിഞ്ഞു കിടക്കുന്ന മെഡിക്കൽ സെന്റർ നന്നായി പ്രവർത്തിപ്പിക്കും എന്ന് ഇടതുപക്ഷ ഭരണസമിതി അധികാരത്തിൽ കയറിയപ്പോൾ അവകാശപ്പെട്ടിരുന്നു. ഇതിന് വേണ്ടി ഒരു സബ് കമ്മറ്റിയേയും ഉണ്ടാക്കി എന്നാൽ ഭരണ സമിതിയുടെ കാലാവധി തീരാറായിട്ടും മെഡിക്കൽ സെന്റർ കൂടുതൽ അധോഗതിയിലേക്ക് പോകുകയായിരുന്നു.
ഇതിന് പുറമെയാണ് സൂപ്രണ്ടിന്റെ അവധിയും. ഇക്കാര്യത്തിലും ഭരണസമിതി കാഴ്ചക്കാരനാണ്. സൂപ്രണ്ടിന്റെ നീണ്ടകാല അവധിയോടെ ആശുപത്രിയിലെത്തുന്ന രോഗികളാണ് ദുരിത്തിലാകുന്നത്. ഒരു കാലത്ത് ഹൃദയ ശസ്ത്രക്രിയ വരെ ചെയ്ത ആശുപത്രിയിൽ ഇന്ന് രോഗികളെ മറ്റുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്യലാണ് പണി . കോടിക്കണക്കിനു രൂപയാണ് ഓരോ വർഷവും മെഡിക്കൽ സെന്ററിന് വേണ്ടി ദേവസ്വം ചിലവിടുന്നത്. ഇത് കൊണ്ട് ഭക്തർക്കോ സമൂഹത്തിനോ ഒരു ഗുണവും ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ .
















