തൃശൂര്‍: മഹാരാജാസ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ തുടര്‍ന്ന് ഇന്നും 29നും പ്രിന്‍സിപ്പാൾ അവധി പ്രഖ്യാപിച്ചു. കോളജില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് അവധി. കഴിഞ്ഞ 22നാണ് എസ്എഫ്‌ഐക്കാര്‍ കോളേജില്‍ അതിക്രമം നടത്തിയത്.
ക്ലാസ് നടക്കുന്നതിനിടയില്‍ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ ഒന്നാം സെമസ്റ്റര്‍ ഇലക്ട്രോണിക്‌സ് ക്ലാസിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ചുകയറി നോട്ടീസ് വിതരണം നടത്തുകയായിരുന്നു. ക്ലാസെടുത്തുകൊണ്ടിരുന്ന ഇംഗ്ലീഷ് അധ്യാപികയെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടായിരുന്നു അതിക്രമം.
അധ്യാപിക പരാതിപ്പെട്ടതിനെതുടര്‍ന്ന് അന്വേഷിക്കാനെത്തിയ അച്ചടക്ക സമിതി അംഗങ്ങളോട് ഇവര്‍ മോശമായി പെരുമാറുകയും കൈയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് അധ്യാപകന്‍ മര്‍ദ്ദിച്ചു എന്നാരോപിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു എസ്എഫ്‌ഐക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഇന്‍സ്റ്റിട്യൂട്ടിലെ അധ്യാപകര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച ഒന്‍പത് എസ്എഫ്‌ഐക്കാരെ ഇന്ന് വരെ ക്ലാസില്‍ കയറുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അതേ തുടര്‍ന്ന് സിപിഎം പിന്തുണയോടെ എസ്എഫ്‌ഐക്കാര്‍ ഇന്‍സ്റ്റിട്യൂട്ടിന് മുന്‍പില്‍ രാപ്പകല്‍ സമരം നടത്തുന്നുണ്ട്. വിലക്കിന്റെ കാലാവധി അവസാനിക്കുന്ന ഇന്ന് കാമ്പസില്‍ വന്‍ കലാപം അഴിച്ചുവിടാന്‍ എസ്എഫ്‌ഐ പദ്ധതി തയാറാക്കിയതായി ആക്ഷേപമുണ്ട്. ഇതിനെതുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
















