ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഐജി ഓഫീസ് മാര്‍ച്ചിനിടെ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ച പോലിസ് നടപടിയെ ന്യായീകരിച്ചതാണ് പ്രാദേശിക നേതാക്കളെയും അണികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇതോടെ ആലപ്പുഴയില്‍ കാനത്തിനെതിരേ പാര്‍ട്ടി ഓഫിസിന്റെ മതിലില്‍ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
ആലപ്പുഴയിലെ സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിന്റെ മതിലിലാണ് കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ എന്ന തരത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വീട്ടിലിരുന്ന എംഎല്‍എയെ പോലീസ് വീടുകയറി ആക്രമിച്ചതല്ല. എംഎല്‍എ എല്‍ദോ എബ്രഹാം അടിവാങ്ങിയത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടാണെന്ന് കാനം വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ തനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. പ്രതിപക്ഷത്തെപ്പോലെ പെരുമാറാന്‍ പറ്റില്ല. അനീതിക്കെതിരേ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പോലീസിനെതിരെയാകും.
സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാന്‍ സാധിച്ചില്ലേയെന്ന് പോലിസുകാരോടു ചോദിക്കണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതാണ് കാനത്തിനെതിരേ തിരിയാന്‍ അണികളേയും നേതാക്കളെയും പ്രേരിപ്പിച്ചത്. എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കു ശേഷമായിരുന്നു കാനത്തിന്റെ ഈ പ്രതികരണം.
ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ കാനത്തിനെതിരെ പ്രതിഷേധ ഉടലെടുക്കുകയായിരുന്നു. അതിനിടെ കൊച്ചിയിലെ മാര്‍ച്ച് കാനത്തിന്റെ അറിവോടെ ആയിരുന്നെന്ന് സിപിഐ നേതാവ് പി. രാജു അറിയിച്ചു.
















